അകിര കുറൊസാവ
'അകിര കുറൊസാവ (黒澤 明 or 黒沢 明 Kurosawa Akira , 1910 മാർച്ച് 23 – 1998 സെപ്റ്റംബർ 6) ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്നു[1].1943 മുതൽ 1993 വരെയുള്ള അൻപതു നീണ്ടവർഷങ്ങളിൽ മുപ്പതോളം സിനിമകൾ കുറോസോവ സംവിധാനം ചെയ്തു[note 1]. ഒരു ചിത്രകാരൻ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന് ശേഷം 1936ലാണ് കുറൊസാവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളിൽ ജോലിചെയ്ത അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത് ജനപ്രിയ ചിത്രമായ സാന്ഷിരോ സുഗാതയിലൂടെയാണ് (Sanshiro Sugata)സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുൻ (Toshirō Mifune) എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത കുടിയൻ മാലാഖ (Drunken Angel) എന്ന നിരൂപണ പ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ധേയനായ യുവ സംവിധായകരിൽ ഒരാൾ എന്ന പേര് നേടിക്കൊടുത്തു. ടോഷിരോ മിഫുൻ തന്നെ അഭിനയിച്ച് 1950ൽ ടോകിയോവിൽ പ്രദർശിപ്പിച്ച റാഷോമോൻ (Rashomon) എന്ന സിനിമ അപ്രതീക്ഷിതമായി 1951ലെ വെനീസ് ചലച്ചിത്രോത്സവത്തിൽ സുവർണ സിംഹ പുരസ്കാരം സ്വന്തമാക്കുകയും തുടർന്ന് യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വിജയമായ ഈ സിനിമ പാശ്ചാത്യ ചലച്ചിത്ര വിപണിയിയുടെ വാതിലുകൾ ജപ്പാനീസ് സിനിമക്ക് തുറന്നു കൊടുക്കുകയും കെൻചി മിഷോഗൂച്ചി (Kenji Mizoguchi) യാസൂജിരൊ ഒസു ( Yasujiro Ozu) തുടങ്ങിയവർക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 1950കളിലും 1960കളിലെ തുടക്കത്തിലും ഏതാണ്ടെല്ലാ വർഷത്തിലും കുറൊസാവ സിനിമ ചെയ്തു. ക്ലാസിക് സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), ഏഴു സാമുറായികൾ (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത് നിർമ്മിക്കപ്പെട്ട കുറൊസാവ സിനിമകളാണ്. 1960കളുടെ പകുതിക്ക് ശേഷം ഒരുപാട് മങ്ങിപ്പോയെങ്കിലും സിനിമാ ജീവിതത്തിന്റെ അവസാന കാലങ്ങളിൽ, പ്രത്യേകിച്ചും കഗേമുഷാ (Kagemusha-1980), റാൻ(Ran-1985) എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് വീണ്ടും അംഗീകാരങ്ങൾ നേടികൊടുത്തു. സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ൽ "ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവർത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്" ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാർ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി [2][3]. മരണാനന്തരം, അമേരിക്കയിലെ ഏഷ്യൻ വീക്ക് മാസികയും സി.എൻ.എന്നും "കല, സാഹിത്യം, സംസ്കാരം" വിഭാഗത്തിലെ "നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി" തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടിൽ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ അഞ്ചുപേരിൽ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തു [4]. ജീവിതരേഖകുട്ടിക്കാലവും യുവത്വവും(1910–1935)1910 മാർച്ച് 23ന് ടോകിയോവിലുള്ള ഒമോരി ജില്ലയിലെ ഓയ്-ചോ എന്ന സ്ഥലത്താണ് കുറൊസാവ ജനിച്ചത്. പിതാവ് ഇസാമു പട്ടാളത്തിന്റെ കായിക വിദ്യാഭ്യാസ സ്കൂളിന്റെ മേധാവിയായി ജോലി നോക്കിയിരുന്ന, ഒരു പുരാതന സമുറായി കുടുബത്തിൽ പെട്ടയാളും മാതാവ് ഷിമ, ഒസാക്കയിൽ നിന്നുള്ള ഒരു വ്യാപാര കുടുംബത്തിൽ പെട്ടവളുമായിരുന്നു. സമ്പന്ന കുടുബത്തിലെ ഏഴുമക്കളിൽ ഇളയവനായിരുന്ന അകിര തന്റെ മൂന്ൻ സഹോദരിമാരുടേയും ഒരു സഹോദരന്റെ കൂടെയുമാണ് വളർന്നത്.[5][6]. കായിക വ്യായാമങ്ങൾ പ്രോത്സാഹിപ്പുക്കുന്നതിനോടോപ്പം തന്നെ പാശ്ചാത്യ പാരമ്പര്യത്തോട് തുറന്ന സമീപനമുണ്ടായിരുന്ന ഇസാമു സിനിമയെ വിദ്യാഭ്യാസപരമായിതന്നെ മൂല്യമുള്ളതായി കാണുകയും തന്റെ കുട്ടികളെ സിനിമ കാണുന്നതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.തന്റെ ആറാം വയസ്സിലാണ് കുട്ടിയായിരുന്ന കുറൊസാവ ആദ്യ സിനിമ കണ്ടത്.[7].എലമെൻററി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ടച്ചിക്കാവായുടെ പുരോഗമനപരമായ വിദ്യാഭ്യാസ സമീപനങ്ങൾ കുറൊസാവയിൽ ചിത്രകലയോട് പ്രത്യേക ഇഷ്ടം ജനിപ്പിക്കുകയും വിദ്യാഭ്യാസത്തിനോട് താൽപര്യം വളർത്തുകയും ചെയ്തു.[8]. ഈ കാലത്തു തന്നെ കുറൊസാവ കാലിഗ്രാഫിയും കെൻണ്ടോ വാൾപ്പയറ്റും പഠിച്ചു.[9] കുറൊസാവയെ പ്രധാനമായും സ്വാധീനിച്ച മറ്റൊരാൾ തന്നേക്കാൾ നാലുവയസ്സ് കൂടുതലുള്ള സഹോദരൻ ഹെയ്ഗോ ആയിരുന്നു. അക്കാദമികപരമായി കഴിവുള്ളവനായിരുന്നു എങ്കിലും ടോക്കിയോവിലെ പ്രധാന കലാലയത്തിൽ പ്രവേശനം നേടുന്നതിൽ പരാജയപ്പെട്ട ഹെയ്ഗോ, കുടുബത്തിൽ നിന്നും അകലാനും പാശ്ചാത്യ സാഹിത്യത്തിലുള്ള തന്റെ താല്പര്യത്തിൽ ശ്രദ്ധിക്കാനും തുടങ്ങി.[6]. 1920കളുടെ അവസാനത്തോടെ ഹെയ്ഗോ വിദേശ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന ടോക്കിയോ തീയേറ്ററിൽ ഒരു ബെൻഷി(silent film narrator) ആയിത്തീരുകയും വളരെ പെട്ടെന്നു തന്നെ സ്വന്തമായി ഒരു പേര് നേടിയെടുക്കുകയും ചെയ്തു. ഇക്കാലത്ത്, ഒരു ചിത്രക്കാരനാവാൻ തീരുമാനിച്ച കുറൊസാവ [10] - ഹെയ്ഗോക്കൊപ്പം ചേരുകയും രണ്ടു സഹോദരന്മാരും പിരിയാനാവാത്ത വിധത്തിൽ ഒന്നിക്കുകയും ചെയ്തു.[11]. തന്റെ ചിത്രങ്ങൾ ഇടതുപക്ഷ പ്രോളിറ്റെരിയൻ ആർട്ടിസ്റ്റ് ലീഗിനു വേണ്ടി പ്രദർശിപ്പിക്കുന്നതിനോടോപ്പം തന്നെ ഹെയ്ഗോയിലൂടെ സിനിമ, തിയേറ്റർ, സർക്കസ് എന്നിവയിലും അനുഭവങ്ങൾ കരസ്ഥമാക്കി.[12]. തന്റെ ചിത്രങ്ങളിലൂടെ ജീവിക്കാനുള്ള വക കണ്ടെത്താൻ കഴിഞ്ഞിരില്ലെന്നു മാത്രമല്ല, ഏതാണ്ടെല്ലാ പ്രോളിറ്റെരിയൻ പ്രസ്ഥാനങ്ങളും "പൂർത്തീകരിക്കാൻ കഴിയാത്ത രാഷ്ട്രീയ ആശയങ്ങൾ നേരിട്ട് കാൻവാസിലേക്ക് പകർത്തുന്നതായി" തോന്നിത്തുടങ്ങുകകൂടി ചെയ്തതോടെ കുറൊസാവക്ക് ചിത്രരചനയിലുള്ള താല്പര്യം നശിച്ചു.[13]. 1930കളുടെ തുടക്കത്തിൽ ശബ്ദ ചിത്രങ്ങളുടെ വർദ്ധിച്ച ഉൽപാദനത്തോടെ ഹെയ്ഗോ അടക്കമുള്ള ബെൻഷികൾക്ക് ജോലി നഷ്ടപ്പെടാൻ തുടങ്ങുകയും തുടർന്ന് കുറൊസാവ തന്റെ കുടുബത്തിൽ തിരിച്ചുപോരുകയും ചെയ്തു. 1933 ജൂലൈ മാസത്തിൽ ഹെയ്ഗോ ആത്മഹത്യ ചെയ്തു. ഹെയ്ഗോയുടെ മരണത്തോടെ തനിക്കനുഭവപ്പെട്ട അവസാനിക്കാത്ത നഷ്ടബോധത്തെ കുറിച്ച് കുറൊസാവ പറഞ്ഞിട്ടുണ്ട്.[14]. ഏതാണ്ട് അര നൂറ്റാണ്ടുകൾക്കു ശേഷം, ഈ സംഭവം വിവരിക്കുന്ന തന്റെ ആത്മകഥയിലെ അധ്യായത്തിന് കുറൊസാവ പേര് കൊടുത്തത് "ഞാൻ പറയാൻ ആഗ്രഹിക്കാത്ത ഒരു കഥ" എന്നാണ്.[15]. നാല് മാസത്തിനു ശേഷം കുറൊസാവയുടെ മൂത്ത സഹോദരനും മരിച്ചതോടെ 23ന്നാം വയസ്സിൽ മൂന്ൻ സഹോദരിമാർക്കൊപ്പം കുടുബത്തിലെ ജീവിച്ചിരിക്കുന്ന ഏക സഹോദരനായി അദ്ദേഹം മാറി.[11][15]. സിനിമാരംഗത്ത്ചിത്രകലാ പഠനത്തിനുശേഷം 1936ൽ കജീരോ യമാമോട്ടോയുടെ സഹസംവിധായകനായി ചലച്ചിത്രജീവിതം ആരംഭിച്ചു. 1943ൽ പുറത്തിറക്കിയ സുഗാതാ സൻഷിരോ(Sanshiro Sugata)യിലൂടെ സ്വതന്ത്ര സംവിധായകനായി. ആദ്യകാല ചിത്രങ്ങളുടെ പ്രമേയം ദേശസ്നേഹവും രാഷ്ട്രീയവുമായിരുന്നു. ലോകമഹായുദ്ധകാലത്ത് മാധ്യമങ്ങളുടെമേൽ ജപ്പാൻ സർക്കാരിന്റെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാലാവാം ഇത്. ഉദാഹരണത്തിന് ദ് മോസ്റ്റ് ബ്യൂട്ടിഫുൾ(The Most Beautiful) എന്ന ചിത്രം ആയുധനിർമ്മാണശാലയിൽ ജോലിചെയ്യുന്ന ജാപനീസ് പെണ്ണുങ്ങളുടെ കഥ പറയുന്നു. ജൂഡോ സാഗ 2(Judo Saga II) എന്ന ചിത്രമാകട്ടെ അൽപം കൂടി കടന്ന് അമേരിക്കൻ സംസ്കാരത്തെയും ജാപനീസ് സംസ്കാരത്തെയും തുലനം ചെയ്യുകയും ജാപനീസ് സംസ്കാരം മഹത്തരമാണെന്നു പറഞ്ഞുവയ്ക്കുകയും ചെയ്യുന്നു. എന്നാൽ ലോകമഹായുദ്ധാനന്തരം ഇറങ്ങിയ കുറൊസാവ ചിത്രങ്ങളാകട്ടെ പഴയ ജപ്പാൻ ഭരണകൂടത്തെ വിമർശനാത്മകമായി ചിത്രീകരിക്കുന്നു. നോ റിഗ്രറ്റ്സ് ഫോർ അവർ യൂത്ത്(No regrets for our youth) ഉദാഹരണം. ഏതായാലും യുദ്ധാനന്തരം പുറത്തിറങ്ങിയ റാഷമോൺ(Rashomon) എന്ന ചലച്ചിത്രമാണ് കുറൊസാവയുടെ സിനിമാ ജീവിതം മാറ്റിമറിച്ചത്. ഈ സിനിമയിലൂടെ പാശ്ചാത്യലോകം ജാപനീസ് സിനിമകളെയും കുറൊസാവയെയും ശ്രദ്ധിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തപ്പെടുന്നതും റാഷമോൺ ആണ്. അകിര കുറോസോവയുടെ മാസ്റ്റർ പീസായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് റാഷമോൺ. 1950ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ കഥന സമ്പ്രദായം അറുപത്തഞ്ച് വർഷങ്ങൾക്കിപ്പുറവും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. റാഷമോൺ എന്ന ജാപ്പനീസ് പദത്തിനു പ്രധാന നഗരകവാടം എന്നാണർത്ഥം. കോരിച്ചൊരിയുന്ന മഴയിൽ നിന്നു രക്ഷപെടുന്നതിനായി ഗോപുരത്തിന്റെ ചുവട്ടിൽ അഭയം തേടിയ മരം വെട്ടുകാരനും പുരോഹിതനും അവർക്കിടയിലേക്ക് എത്തുന്ന ഭിക്ഷക്കാരനും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് റാഷമോൺ നീങ്ങുന്നത്.[16] മരണം1998 സെപ്റ്റംബർ 6 ന് 88 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മരണാനന്തരം, അമേരിക്കയിലെ ഏഷ്യൻ വീക്ക് മാസികയും സി.എൻ.എന്നും “കല, സാഹിത്യം, സംസ്കാരം” വിഭാഗത്തിലെ “നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി” തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടിൽ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ അഞ്ചുപേരിൽ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തിടുണ്ട്.[17] സംവിധാനം ചെയ്ത ചിത്രങ്ങൾ
ആധുനിക നോഹ എന്ന പേരിൽ ഒരു ഡോക്കുമെന്ററി റാൻ എന്ന സിനിമയുടെ ചിത്രീകരണം നിലച്ച ഇടവേളയിൽ ഇദ്ദേഹം ആരംഭിക്കുകയും അൻപതു മിനുട്ട് ദൈർഘ്യത്തിൽ ചിത്രീകരിക്കുകയും ചെയ്തെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു.[18][19] Footnotes
അവലംബം
Sources
പുറത്തേക്കുള്ള കണ്ണികൾഅകിര കുറൊസാവ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia