മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമികരോഗമാണ് അഞ്ചാംപനി.[1] ഇംഗ്ലീഷ് :anchampani. മണ്ണന്‍, പൊങ്ങമ്പനി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ ഉദ്ഭവനകാലം 10-14 ദിവസങ്ങളാണ്.[2] പ്രായമായവരെയും ഈ രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ഇതു ബാധിക്കുന്നു. ശ്വസനവ്യൂഹത്തിലെ ശ്ളേഷ്മസ്തരം, ത്വക്ക്, നേത്രശ്ളേഷ്മസ്തരം, വായ് എന്നീ ഭാഗങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.
രോഗബാധിതരുടെ ചുമയിലൂടെയും തുമ്മലിലൂടെയും വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരുന്ന രോഗമാണ് അഞ്ചാംപനി.[3] വായയിലെയോ മൂക്കിലെയോ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഇത് പകരാം.[4] അഞ്ചാംപനി അങ്ങേയറ്റം പകരുന്നതാണ്. രോഗബാധിതനായ വ്യക്തിയുമായി താമസസ്ഥലം പങ്കിടുന്ന പ്രതിരോധശേഷി കുറഞ്ഞ പത്തിൽ ഒമ്പത് പേർക്കും ഈ രോഗം പിടിപെടും.[5] ചുണങ്ങു തുടങ്ങുന്നതിന് നാല് ദിവസം മുമ്പ് മുതലുെ നാല് ദിവസം വരെയും രോഗികളിൽ നിന്ന് മറ്റുള്ളവർക്ക് രോഗം പകരാവുന്നതാണ്. [5]അഞ്ചാംപനിയെ പലപ്പോഴും കുട്ടിക്കാലത്ത് ബാധിക്കുന്ന രോഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഏത് പ്രായത്തിലുമുള്ളവരെയും ഇത് ബാധിക്കാം.[6] മിക്ക ആളുകൾക്കും ഒന്നിലധികം തവണ രോഗം പിടിപെടാറില്ല.[3] സംശയാസ്പദമായ കേസുകളിൽ മീസിൽസ് വൈറസിന്റെ പരിശോധന പൊതുജനാരോഗ്യരംഗത്തിനു പ്രധാനമാണ്.[5] മറ്റ് മൃഗങ്ങളിൽ സാധാരണയായി അഞ്ചാംപനി കണ്ടുവരാറില്ല.[4]
രോഗബാധിതർക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല.[4] എന്നാലും ശ്രദ്ധയോടെയുള്ള പരിചരണം ആരോഗ്യനില മെച്ചപ്പെടുത്തും.[3] അത്തരം പരിചരണത്തിൽ ഓറൽ റീഹൈഡ്രേഷൻ ലായനി, ആരോഗ്യകരമായ ഭക്ഷണം, പനി നിയന്ത്രിക്കാനുള്ള മരുന്നുകൾ എന്നിവ ഉൾപ്പെടാം.[3][7] ചെവി അണുബാധയോ ന്യുമോണിയയോ പോലുള്ള ബാക്ടീരിയ അണുബാധകൾ ഉണ്ടായാൽ ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കണം.[3][4] കുട്ടികൾക്ക് വിറ്റാമിൻ എ സപ്ലിമെന്റേഷനും ശുപാർശ ചെയ്യുന്നു.[4] 1985 നും 1992 നും ഇടയിൽ യു.എസ്.എയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 0.2% കേസുകളിൽ മാത്രമാണ് മരണം സംഭവിച്ചത്.[5] എന്നാൽ പോഷകാഹാരക്കുറവുള്ളവരിൽ മരണനിരക്ക് 10% വരെയാകാം.[3] അണുബാധ മൂലം മരിക്കുന്നവരിൽ ഭൂരിഭാഗവും അഞ്ച് വയസ്സിന് താഴെയുള്ളവരാണ്.[4]
അഞ്ചാംപനി വാക്സിൻ രോഗം തടയാൻ ഫലപ്രദവും സുരക്ഷിതവുമാണ്.[3][8] മറ്റ് വാക്സിനുകളുമായി സംയോജിപ്പിച്ചാണ് ഇത് നൽകുന്നത്. 2000-നും 2017-നും ഇടയിൽ വാക്സിനേഷൻ അഞ്ചാംപനി മൂലമുള്ള മരണങ്ങളിൽ 80% കുറവുണ്ടാക്കി.[4] പ്രതിവർഷം ഏകദേശം 2 കോടി ആളുകളെ അഞ്ചാംപനി ബാധിക്കുന്നു. ഇത് പ്രധാനമായും ആഫ്രിക്കയിലും ഏഷ്യയിലുമാണ്.[9][10][11] 1980-ൽ 26 ലക്ഷം പേർ അഞ്ചാംപനി ബാധിച്ച് മരിച്ചു.[3] 1990-ൽ 545,000 പേർ ഈ രോഗം മൂലം മരിച്ചു. 2014 ആയപ്പോഴേക്കും ആഗോള വാക്സിനേഷൻ പ്രോഗ്രാമുകൾ അഞ്ചാംപനി ബാധിച്ച് മരിച്ചവരുടെ എണ്ണം 73,000 ആയി കുറച്ചു.[12][13] ഈ പ്രവണതകൾ ഉണ്ടായിരുന്നിട്ടും, പ്രതിരോധ കുത്തിവയ്പ്പിലെ കുറവ് കാരണം 2017 മുതൽ 2019 വരെ രോഗത്തിന്റേയും മരണങ്ങളുടെയും നിരക്ക് വർദ്ധിച്ചു.[14][15][16]
രോഗലക്ഷണങ്ങൾ
രോഗലക്ഷണങ്ങൾ സാധാരണയായി രോഗബാധിതരുമായി സമ്പർക്കം കഴിഞ്ഞ് 10-14 ദിവസങ്ങൾക്ക് ശേഷം ആരംഭിക്കുന്നു.[17][18]പനി, കണ്ണിൽനിന്നും മൂക്കിൽ നിന്നും വെള്ളമെടുപ്പ്, ചെറിയ ചുമ, ശബ്ദമടപ്പ് തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. നാലഞ്ചു ദിവസങ്ങൾക്കകം ചുവന്ന ത്വക്ക്-ക്ളോമങ്ങൾ പ്രത്യക്ഷമാകുന്നു. വായ്ക്കകത്ത് സ്ഫോടങ്ങൾ ഇതിനു മുമ്പുതന്നെ പ്രത്യക്ഷമായിട്ടുണ്ടായിരിക്കും. ഈ സ്ഫോടങ്ങൾ ദേഹമാസകലം വ്യാപിക്കുകയും ത്വക്ക് ചുവന്നു തടിക്കുകയും ചെയ്യുന്നു. രോഗത്തിന്റെ തീവ്രത കുറയുന്നതോടെ ഈ പുള്ളികൾ മങ്ങി തവിട്ടുനിറമാകുകയും ക്രമേണ മായുകയും ചെയ്യുന്നു. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന പനി സാധാരണമാണ്. അഞ്ചാംപനിയുടെ ഭാഗമായുള്ള പനി പലപ്പോഴും 40 ഡിഗ്രി സെൽഷ്യസോളും (104 °F) ഉയർന്നിരിക്കും.[19]
വായയ്ക്കുള്ളിൽ കാണുന്ന കോപ്ലിക്കിന്റെ പാടുകൾ അഞ്ചാംപനിയുടെ രോഗനിർണ്ണയത്തിനുപയോഗിക്കാമെങ്കിലും അവ താൽക്കാലികമായതിനാൽ അപൂർവ്വമായേ രോഗനിർണ്ണയത്തിനുതകുന്നുള്ളൂ.[20]
പനി ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം കാണപ്പെടുന്ന ചുവന്ന ചുണങ്ങുകളാണ് അഞ്ചാംപനിയുടെ സവിശേഷത. ഇത് ചെവിയുടെ പിൻഭാഗത്ത് ആരംഭിക്കുകയും ഏതാനും മണിക്കൂറുകൾക്ക് ശേഷം തലയിലും കഴുത്തിലും വ്യാപിക്കുകയും ശരീരത്തിന്റെ ഭൂരിഭാഗവും മൂടുകയും ചെയ്യുന്നു. അഞ്ചാംപനിയുടെ ചുണങ്ങുകൾ പ്രാരംഭ ലക്ഷണങ്ങൾ കഴിഞ്ഞ് രണ്ടോ നാലോ ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുകയും എട്ട് ദിവസം വരെ നീണ്ടുനിൽക്കുകയും ചെയ്യും. ചുണങ്ങുകൾ അപ്രത്യക്ഷമാകുന്നതിന് മുമ്പ് ചുവപ്പിൽ നിന്ന് കടും തവിട്ട് നിറത്തിലേക്ക് മാറും. സാധാരണയായി അഞ്ചാംപനി മൂന്നാഴ്ചയ്ക്ക് ശേഷം പരിഹരിക്കപ്പെടാറുണ്ട്.[21][19]
അഞ്ചാംപനിക്കെതിരെ വാക്സിനേഷൻ എടുത്താലും അപൂർണ്ണമായ പ്രതിരോധശേഷി ഉള്ളവർക്ക് അഞ്ചാംപനിയുടെ ഒരു വകഭേദം അനുഭവപ്പെട്ടേക്കാം.[22]
സങ്കീർണ്ണതകൾ
ശ്വേതമണ്ഡലത്തിലെ പുണ്ണ്, വായ്പ്പുണ്ണ്, ന്യുമോണിയ, മധ്യകർണശോഥം, വയറിളക്കം എന്നിവ സങ്കീർണതകളായി ഇതിനോടൊപ്പം ഉണ്ടാകാറുണ്ട്.[23][24][25] 15 മാസത്തിൽ താഴെയുള്ള വാക്സിനേഷൻ എടുക്കാത്ത ശിശുക്കളിൽ, ഏകദേശം 600-ൽ 1 പേർക്ക് വളരെ അപൂർവ്വമായി സബാക്യൂട്ട് സ്ക്ലിറോസിംഗ് പാൻസെഫലൈറ്റിസ് ഉണ്ടാകാറുണ്ട്. തലച്ചോറിലുണ്ടാകുന്ന ഈ വീക്കം മാരകമായിത്തീരാം. എന്നാൽ ഈ അവസ്ഥ കുട്ടികളിലും മുതിർന്നവരിലും സാധാരണ കാണപ്പെടാറില്ല.[26]
കൂടാതെ അഞ്ചാംപനിക്ക് ആഴ്ചകൾ മുതൽ മാസങ്ങൾ വരെ മനുഷ്യരുടെ രോഗപ്രതിരോധസംവിധാനത്തെ അടിച്ചമർത്താൻ കഴിയും. ഇത് ഓട്ടിറ്റിസ് മീഡിയ, ബാക്ടീരിയൽ ന്യുമോണിയ തുടങ്ങിയ ബാക്ടീരിയൽ സൂപ്പർഇൻഫെക്ഷനുകൾക്ക് കാരണമാകും.[27][28][29][30][31]
അഞ്ചാംപനി മൂലമുണ്ടാകുന്ന ന്യുമോണിയയുടെ മരണനിരക്ക് 1920-കളിൽ ഏകദേശം 30% ആയിരുന്നു.[32] ഉയർന്ന അപകടസാധ്യതയുള്ളവർ ശിശുക്കളും 5 വയസ്സിന് താഴെയുള്ള കുട്ടികളുമാണ്.[6] ഒപ്പം ഗർഭിണികൾ, രക്താർബുദം, എച്ച്ഐവി അണുബാധ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, പോഷകാഹാരക്കുറവുള്ളവർ, വിറ്റാമിൻ എയുടെ അപര്യാപ്തത ഉള്ളവർ എന്നിവരും ഉയർന്ന അപകടസാധ്യതയുള്ളവരിൽപ്പെടുന്നു.[33][34] മുതിർന്നവരിൽ സാധാരണയായി അപകടസാധ്യത കൂടുതലായി കാണപ്പെടുന്നു.[35] പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നതും ആരോഗ്യപരിരക്ഷ കുറഞ്ഞതുമായ രാജ്യങ്ങളിൽ, മരണനിരക്ക് 28% വരെ ഉയർന്നിരിക്കുന്നു.[36] രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ (ഉദാ. എയ്ഡ്‌സ് ബാധിതരിൽ) മരണനിരക്ക് ഏകദേശം 30% ആണ്.[37]
ആരോഗ്യമുള്ള കുട്ടികളിൽ പോലും അഞ്ചാംപനി ഗുരുതരമായ രോഗത്തിന് കാരണമാകാം, ആശുപത്രി പ്രവേശനം വേണ്ടി വരുകയും ചെയ്യാം.[33] ഏകദേശം ആയിരം കേസുകളിൽ ഒന്ന് അക്യൂട്ട് എൻസെഫലൈറ്റിസ് ആയി മാറാം. ഇത് മൂലം പലപ്പോഴും മസ്തിഷ്കക്ഷതം സംഭവിക്കാം. അഞ്ചാംപനി ബാധിച്ച 1,000 കുട്ടികളിൽ ഒന്ന് മുതൽ മൂന്ന് പേർ ശ്വസന, നാഡീസംബന്ധമായ പ്രശ്നങ്ങൾ മൂലം മരിക്കുന്നതായി കാണപ്പെടുന്നു.[33]
കാരണം
പാരാമിക്സോവൈറിഡേ കുടുംബത്തിലെ മോർബില്ലിവൈറസ് ജനുസ്സിലെ ഒറ്റ-ധാര, സെഗ്മെന്റഡല്ലാത്ത, നെഗറ്റീവ് സെൻസായ, ആവരണം ചെയ്ത ആർഎൻഎ വൈറസായ മീസിൽസ് വൈറസ് മൂലമാണ് അഞ്ചാംപനി ഉണ്ടാകുന്നത്.[38][39] 2001-ൽ നിർമ്മാർജ്ജനം ചെയ്യപ്പെട്ട കന്നുകാലി വൈറസായ റിൻഡർപെസ്റ്റുമായും, നാഡീവ്യവസ്ഥയെ തകരാറിലാക്കുന്ന സസ്തനി രോഗമായ നായ്പൊങ്ങൻ രോഗവുമായും ഇത് ഏറ്റവും അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.[38]
ചികിത്സ
പ്രത്യേക ചികിത്സ ഇല്ല. ലാക്ഷണിക പ്രതിവിധികൾ സ്വീകരിക്കുകയും സങ്കീർണത വരാതെ സൂക്ഷിക്കുകയും ആണ് ചെയ്യേണ്ടത്. രോഗിയെ രോഗാരംഭം മുതൽ മാറ്റിത്താമസിപ്പിക്കേണ്ടതാണ്.
രോഗപ്രതിരോധം
ആന്റിമീസിൽസ് വാക്സിൻ സജീവരോഗപ്രതിരോധമായും ഗാമാഗ്ളോബുലിൻ നിഷ്ക്രിയപ്രതിരോധശക്തി നല്കാനായും ഉപയോഗിക്കുന്നു. 1958-ൽ എൻഡേഴ്സും (Enders) സഹപ്രവർത്തകരുംകൂടിയാണ് ആന്റിമീസിൽസ് വാക്സിൻ ആദ്യമായി പരീക്ഷിച്ചുനോക്കിയത്. മറ്റൊരു മൃതവൈറസ് വാക്സിനും ലഭ്യമാണ്. ആജീവനാന്തപ്രതിരോധത്തിന് ജീവനുള്ള നിഷ്ക്രിയവൈറസുകളുടെ വാക്സിനാണ് പറ്റിയത്. മൃതവൈറസ് വാക്സിൻ താത്കാലികപ്രതിരോധശക്തി മാത്രമേ നല്കുന്നുള്ളു. ഈ വാക്സിനുകൾ എല്ലാം 1960 മുതൽ ഉപയോഗത്തിൽ വന്നു തുടങ്ങിയിട്ടുണ്ട്.
↑Caserta, MT, ed. (September 2013). "Measles". Merck Manual Professional. Merck Sharp & Dohme Corp. Archived from the original on 23 March 2014. Retrieved 23 March 2014.
↑Griffin, Ashley Hagen (18 May 2019). "Measles and Immune Amnesia". asm.org. American Society for Microbiology. Archived from the original on 18 January 2020. Retrieved 18 January 2020.
↑National Institutes of Health Office of Dietary Supplements (2013). "Vitamin A". U.S. Department of Health & Human Services. Archived from the original on 11 March 2015. Retrieved 11 March 2015.
↑Sension MG, Quinn TC, Markowitz LE, Linnan MJ, Jones TS, Francis HL, Nzilambi N, Duma MN, Ryder RW (December 1988). "Measles in hospitalized African children with human immunodeficiency virus". American Journal of Diseases of Children. 142 (12): 1271–2. doi:10.1001/archpedi.1988.02150120025021. PMID3195521.