അറ![]() കെട്ടിടത്തിൽ ചുമരുകൊണ്ട് വേർതിരിച്ചിട്ടുള്ള ഭാഗമാണ് അറ. നെല്ലും മറ്റും സൂക്ഷിക്കാൻ മരപ്പലകകൾ നിരത്തി പണിതുണ്ടാക്കുന്ന നിരകൾകൊണ്ട് വേർതിരിച്ചിട്ടുള്ള മുറിക്കും സാധാരണ അറ എന്നു പറയാറുണ്ട്. മുറി എന്ന അർഥത്തിൽ അതിന്റെ വിവിധോപയോഗങ്ങൾ അനുസരിച്ച് ഉറക്കറ, ഓവറ, കലവറ, കല്ലറ, നിലവറ, മണിയറ, പള്ളിയറ എന്നിങ്ങനെ പലപേരുകൾ ഉപയോഗിക്കാറുണ്ട്. ഇതിൽ നിലവറ എന്നത് നെല്ലറകളുടെ കീഴിൽ ഏറിയ പങ്കും നിലനിരപ്പിനു താഴെ നിർമ്മിക്കുന്ന മുറിയെയാണ് സൂചിപ്പിക്കുന്നത്. പാശ്ചാത്യരുടെ സെല്ലാറിനു (Cellar) തുല്യമാണിത്. തടി മാത്രം ഉപയോഗിച്ച് വീടുണ്ടാക്കിയിരുന്ന കാലത്ത് അറ വീടിനോടു ചേർത്തു വീടിന്റെ പ്രധാനഭാഗമായിത്തന്നെ നിർമിച്ചിരുന്നു. പുതിയ രീതിയിലുള്ള ഭവനനിർമ്മാണം തുടങ്ങിയപ്പോൾ അറ തടികൊണ്ട് പ്രത്യേകമായി ഉണ്ടാക്കി സിമന്റ് തൂണുകളിലോ തടികൊണ്ടുതന്നെയുള്ള തൂണുകളിലോ സ്ഥാപിക്കുന്നരീതി നടപ്പിലായി. പല ഭാഗങ്ങളായി ഇളക്കി മാറ്റാവുന്നതരത്തിലാണ് ഇതിന്റെ നിർമിതി. ശീതോഷ്ണസ്ഥിതിയുടെ വ്യത്യാസംകൊണ്ട് ധാന്യങ്ങൾ കേടുവരാതെയിരിക്കാനാണ് തടികൊണ്ടുതന്നെ അറ നിർമ്മിക്കുന്നത്. നെല്ലും മറ്റും അറയിൽ സംഭരിക്കുന്നതിനു മുൻപ് പൂജ കഴിക്കുന്ന സമ്പ്രദായം ഹിന്ദുക്കളുടെ ഇടയിലുണ്ട്. അറ മിക്കവാറും ഇന്നു ഗ്രാമപ്രദേശങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളു. അലമാരി, പെട്ടി, മേശ മുതലായവയുടെ അകത്തു തടികൊണ്ടു വേർതിരിച്ചിട്ടുള്ള ഭാഗത്തിനും അറ എന്നുതന്നെയാണ് പറയുന്നത്. ദേവതയെ പ്രതിഷ്ഠിച്ചിട്ടുള്ള ചെറിയ മുറി എന്ന അർഥത്തിലും അറ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
|
Portal di Ensiklopedia Dunia