ആറ്റുണ്ട
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഒരിനം ചെറു മത്സ്യമാണ് ആറ്റുണ്ട (ശാസ്ത്രീയനാമം: Carinotetraodon travancoricus). കേരളത്തിൽ പമ്പാനദി, ചാലക്കുടിയാർ, മൂവാറ്റുപുഴയാർ, അപൂർവ്വമായി ഭാരതപ്പുഴയിലും കാണപ്പെടുന്നു. കേരളത്തിലെ പതിനാല് നദികളിലും കർണാടകത്തിലെ ചിലയിടങ്ങളിലും ഇവ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ അലങ്കാരമത്സ്യമായി ധാരാളമായി ഇവയെ ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷിൽ പീ പഫർ, മലബാർ പഫർ ഫിഷ്, ഡ്വാർഫ് പഫർ ഫിഷ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ആറ്റുണ്ട ഏറ്റവും ചെറിയ പഫർ ഫിഷായാണ് അറിയപ്പെടുന്നത്. ഇത്തിരിക്കുഞ്ഞനാണെങ്കിലും ജീവനുള്ള വസ്തുക്കളെ ആക്രമിച്ച് ഭക്ഷണമാക്കുന്നതാണ് ഇവരുടെ രീതി. അക്വേറിയങ്ങളിൽ വളർത്തുന്ന ആറ്റുണ്ടകൾക്ക് ചെറു ഒച്ചുകളെയും പുഴുക്കളെയുമെല്ലാണ് ആഹാരമായി കൊടുക്കുക. ലൈവ് ഫുഡ് നൽകേണ്ടിവരുമെന്നതിനാൽ ഇവയെ വളർത്തുന്നത് ചെലവേറിയ നടപടിയാണ്. വെള്ളത്തിൽ നിശ്ചലമായി നിൽക്കുമെങ്കിലും അപകടം തിരിച്ചറിഞ്ഞാൽ അതിവേഗത്തിൽ നീങ്ങാൻ കഴിവുള്ള മത്സ്യമാണ് ആറ്റുണ്ട. ശരീരപ്രകൃതിഅണ്ഡാകൃതിയിലാണ് ശരീരം. മുതുകുചിറകിന്റെ വാലിനോട് അടുത്താണ് ഗുദച്ചിറകിന്റെ സ്ഥാനം. വായ മുകളിലേയ്ക്കാണ്. വാൽച്ചിറക് വർത്തുളാകൃതിയിലാണ്. നിറം സ്വർണ്ണവർണ്ണമാണ്. ഉദരഭാഗത്ത് മഞ്ഞ നിറം കൂടുതലായിട്ടുണ്ട്. വിതരണം1941ൽ സുന്ദർലാൽ ഹൊറയും കെ.കെ നായരും ചേർന്ന് പമ്പയിൽ നിന്നാണ് ഈ മത്സ്യത്തെ കണ്ടെത്തുന്നത്. (Hora and Nair, 1941) കേരളത്തിലെ ശുദ്ധജല-ഉപ്പുജലതടാങ്ങളിൽനിന്നും കോൾപ്പാടങ്ങളിലും ഇവയെ ധാരാളമായി കാണാനാകും. ഉപയോഗങ്ങൾഭക്ഷ്യയോഗ്യമല്ല. വിഷമുള്ള മത്സ്യങ്ങളുടെ കൂട്ടത്തിൽപ്പെട്ടവയാണ്. അലങ്കാരമത്സ്യമായി ഉപയോഗിക്കാവുന്ന മത്സ്യമാണ് ആറ്റുണ്ട. വിദേശ വിപണിയിലേക്ക് കയറ്റുമതി ലക്ഷ്യമിട്ട് ധാരാളമായി പിടിക്കുന്നതിനാൽ ഇവ കേരളത്തിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾCarinotetraodon travancoricus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia