എസ്.ആർ. റാണ
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയും അഭിഭാഷകനുമാണ് എസ്.ആർ. റാണ എന്ന പേരിൽ പ്രശസ്തനായ സർദാർസിംഗ്ജി റാവാജി റാണ (1870–1957). ഇന്ത്യൻ ഹോം റൂൾ സൊസൈറ്റിയുടെ ആദ്യത്തെ ഉപാധ്യക്ഷനായിരുന്ന ഇദ്ദേഹം പാരീസ് ഇന്ത്യൻ സൊസൈറ്റിയുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.[1][2] ജീവിതരേഖ1870 ഏപ്രിൽ 10-ന് കത്തിയവാഡിലെ കാന്തരീയ ഗ്രാമത്തിലുള്ള ഒരു രജപുത്ര കുടുംബത്തിലാണ് സർദാർസിംഹ് റാണയുടെ ജനനം. റാവാജി രണ്ടാമന്റെയും ഫുലാജിബയുടെയും പുത്രനാണ്.[3][4] ധൂളി സ്കൂളിലെ പഠനത്തിനു ശേഷം രാജ്കോട്ടിലെ ആൽഫ്രഡ് ഹൈ സ്കൂളിൽ ചേർന്നു. അവിടെ സഹപാഠിയായി മഹാത്മാ ഗാന്ധിയും ഉണ്ടായിരുന്നു. 1891-ൽ മെട്രിക്കുലേഷൻ പാസായതിനു ശേഷം റാണ ബിരുദപഠനത്തിനായി ബോംബെ സർവകലാശാലയ്ക്കു കീഴിലുള്ള എൽഫിൻസ്റ്റൺ കോളേജിൽ ചേർന്നു. 1898-ൽ ഉന്നതബിരുദ പഠനത്തിനു യോഗ്യത നേടിക്കൊണ്ട് ബിരുദപഠനം പൂർത്തിയാക്കി. പൂനെയിലെ ഫെർഗൂസൻ കോളേജിൽ ഉന്നതപഠനത്തിനു ചേർന്ന അദ്ദേഹം അവിടെ വച്ച് ലോകമാന്യ തിലകിനെയും സുരേന്ദ്രനാഥ് ബാനർജിയെയും പരിചയപ്പെട്ടു.[2][4] 1895-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂനെ സമ്മേളനത്തിൽ പങ്കെടുത്ത എസ്.ആർ. റാണ ഇന്ത്യയിൽ സ്വയം ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി. പഠനം പൂർത്തിയാക്കിയ ശേഷം ബാരിസ്റ്റർ പഠനത്തിനായി അദ്ദേഹം ലണ്ടനിലേക്കു പോയി. അവിടെ വച്ച് ശ്യാംജി കൃഷ്ണ വർമ്മയെയും ഭിക്കാജി കാമയെയും പരിചയപ്പെട്ടു. അവരോടൊപ്പം ലണ്ടനിൽ ഇന്ത്യാ ഹൗസ് സ്ഥാപിക്കുന്നതിൽ പങ്കാളിയായി. ഇതിനിടെ എസ്.ആർ.റാണയും സോൻബയും തമ്മിലുള്ള വിവാഹം നടന്നു. രഞ്ജിത്ത് സിംഗ്, നട്വർ സിംഗ് എന്നിവർ ഇവരുടെ പുത്രന്മാരാണ്.[5][3] പാരീസിലെ ജീവിതംബാരിസ്റ്റർ പരീക്ഷ എഴുതിയതിനു ശേഷം എസ്.ആർ. റാണ പാരീസിലേക്കു യാത്രയായി. അവിടെയുണ്ടായിരുന്ന ജുവലർ ജീവൻചന്ദ് ഉത്തംചന്ദിന്റെ വിവർത്തകനായി അദ്ദേഹം പ്രവർത്തിച്ചു.[3] ആഭരണ വ്യവസായ രംഗത്ത് ഒരു വിദഗ്ദ്ധനായിത്തീർന്ന റാണ അവിടെ രത്ന വ്യാപാരം ആരംഭിച്ചു. 56-ാം വയസ്സിൽ പാരീസിലെ Rue La Fayette സ്ട്രീറ്റിൽ താമസിക്കുന്ന കാലത്താണ് അദ്ദേഹം ലാലാ ലജ്പത് റായിയെ പോലുള്ള ഇന്ത്യൻ ദേശീയവാദികളെ പരിചയപ്പെടുന്നത്. ലാലാ ലജ്പത് റോയി പാരീസ് സന്ദർശിക്കുന്ന കാലത്ത് റാണയോടൊപ്പമാണ് കഴിഞ്ഞിരുന്നത്.[6][7] റാണയോടൊപ്പം കഴിയുന്ന കാലത്താണ് ലാലാ ലജ്പത് റായ് അൺഹാപ്പി ഇന്ത്യ എന്ന പുസ്തകം രചിക്കുന്നത്. 1905-ൽ ലണ്ടനിൽ ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി സ്ഥാപിക്കുന്നതിനു മുൻകൈയ്യെടുത്ത എസ്.ആർ.റാണ അതിന്റെ ആദ്യ വൈസ് പ്രസിഡന്റുമായി. ഈ സംഘടനയുടെ പ്രവർത്തനങ്ങൾ യൂറോപ്പിലേക്കു വ്യാപിപ്പിക്കുന്നതിനായി അതേവർഷം മാഡം കാമ, മുഞ്ചെർഷാ ബുർജോർജി ഗോദ്‌റേജ് എന്നിവരോടൊപ്പം അദ്ദേഹം പാരീസ് ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചു.[8] ശ്യാംജി കൃഷ്ണ വർമ്മയെപ്പോലെ റാണയും ഇന്ത്യൻ വിദ്യാർത്ഥികൾക്കു സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്.[9][3] ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു നൽകിയ പങ്ക്ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി എസ്.ആർ. റാണ പലവിധ സഹായങ്ങളും ചെയ്തിട്ടുണ്ട്. 1909-ൽ റാണയുടെ പിസ്റ്റൾ ഉപയോഗിച്ചാണ് മദൻ ലാൽ ദിംഗ്ര എന്ന വിപ്ലവകാരി കഴ്സൺ വില്ലിയെ കൊലപ്പെടുത്തിയത്. വി.ഡി. സാവർക്കറുടെ ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന പുസ്തകം ബ്രിട്ടീഷുകാർ നിരോധിച്ചപ്പോൾ അതു പ്രസിദ്ധീകരിക്കുവാൻ എസ്.ആർ. റാണ സഹായിച്ചിരുന്നു. മോസ്കോയിൽ ബോംബ് നിർമ്മാണം പഠിക്കുന്നതിനു പോകാൻ സോനാപതി ബാപതിനെ സഹായിച്ചതും റാണയാണ്. ജർമ്മൻ റേഡിയോയിൽ പ്രസംഗിക്കുവാൻ സുഭാഷ് ചന്ദ്ര ബോസിനെയും അദ്ദേഹം സഹായിച്ചിട്ടുണ്ട്. ബനാറസ് ഹിന്ദു സർവകലാശാലയുടെ രൂപീകരണത്തിലും പ്രധാന പങ്കുവഹിച്ചു.[5] കാമയോടൊപ്പം ഫ്രാൻസിലെയും റഷ്യയിലെയും സോഷ്യലിസ്റ്റുകളുമായി എസ്.ആർ. റാണ സൗഹൃദമുണ്ടാക്കി.[10] 1907 ഓഗസ്റ്റ് 18-ന് ജർമ്മനിയിലെ സ്റ്റഡ്ഗാർട്ടിൽ ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ് സമ്മേളനത്തിൽ വച്ച് മാഡം കാമ ഇന്ത്യൻ പതാക ഉയർത്തിയപ്പോൾ അവിടെ എസ്.ആർ. റാണയും ഉണ്ടായിരുന്നു. പാരീസിൽ പ്രസിദ്ധീകരിച്ചിരുന്ന വന്ദേ മാതരം, ബെർലിനിൽ പ്രസിദ്ധീകരിച്ചിരുന്ന തൽവാർ എന്നീ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.[11] അവസാനകാല ജീവിതംഒന്നാം ലോകമഹായുദ്ധം (1914-18) ആരംഭിക്കുന്നതിനു തൊട്ടുമുമ്പുള്ള വർഷങ്ങൾ റാണയുടെ ജീവിതത്തിലെ നിർണായക വഴിത്തിരിവായിരുന്നു. പാരീസിലായിരുന്ന സമയത്ത് അദ്ദേഹം റെസി എന്ന ജർമ്മൻ വനിതയുമായി ഒരുമിച്ചു കഴിഞ്ഞിരുന്നു. ഇവർ തമ്മിലുള്ള വിവാഹം നടന്നിരുന്നില്ലെങ്കിലും മിസ് റാണ എന്നാണ് ഈ ജർമ്മൻ വനിത അറിയപ്പെട്ടിരുന്നത്. 1904-ൽ ആദ്യ ഭാര്യയുടെ സമ്മതപ്രകാരം റാണ വിവാഹിതനായി.[2][5] 1911-ൽ എസ്.ആർ.റാണയെയും കുടുബത്തെയും ഫ്രഞ്ച് സർക്കാർ മാർട്ടിൻക്യൂവിലേക്കു നാടുകടത്തി. ഫ്രഞ്ച് സർക്കാരിന്റെ ഇടപെടലോടെ 1914-ൽ പാരീസ് ഇന്ത്യാ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിച്ചു. അതേവർഷം റാണയുടെ മകൻ രഞ്ജിത് സിംഗ് അന്തരിച്ചു.[3] റാണയുടെ പത്നിക്കു കാൻസർ ചികിത്സയ്ക്കായി ഫ്രാൻസിലേക്കു മടങ്ങിയെത്തുവാൻ അനുമതി തേടിയെങ്കിലും ഫ്രഞ്ച് ഗവൺമെന്റ് അതനുവദിച്ചില്ല.[12] 1920-ൽ എസ്.ആർ. റാണ ഫ്രാൻസിലേക്കു മടങ്ങിയെത്തി. 1931-ൽ അദ്ദേഹത്തിന്റെ ജർമ്മൻ പത്നി കാൻസർ രോഗത്താൽ മരണമടഞ്ഞു. 1947-ൽ മകന്റെ അന്ത്യകർമ്മചടങ്ങുകൾ നിർവ്വഹിക്കുന്നതിനായി റാണ ഇന്ത്യയിലെത്തി. 1948-ൽ പാരീസിലേക്കു മടങ്ങിയ അദ്ദേഹം അവിടുത്തെ ബിസിനസ് അവസാനിപ്പിക്കുകയും 1955-ൽ ഇന്ത്യയിലേക്ക് വീണ്ടും മടങ്ങിവരികയും ചെയ്തു.[3] 1957 മേയ് 25-ന് ഗുജറാത്തിലെ വേരാവലിൽ വച്ച് എസ്.ആർ.റാണ അന്തരിച്ചു.[5] ബഹുമതികൾ1951-ൽ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ ബഹുമതി ലഭിച്ചു. ഗുജറാത്ത് നിയമസഭാ മന്ദിരത്തിലും അന്ത്യവിശ്രമ സ്ഥലമായ വേരാവലിലും റാണയുടെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.[5] അദ്ദേഹത്തിന്റെ പേരമകൻ രാജേന്ദ്രസിംഗ് റാണ 1996 മുതൽ 2014 വരെ ഭാവ്നഗർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ അംഗമായിരുന്നു.[5][3] അവലംബം
പുസ്തകങ്ങൾ
|
Portal di Ensiklopedia Dunia