ഓക്സ്നാർഡ്, അമേരിക്കൻ ഐക്യനാടുകളിൽ തെക്കൻ കാലിഫോർണിയ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള 19 ആമത്തെ നഗരവും വെഞ്ചുറ കൗണ്ടിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 60 മൈൽ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ നഗരം ഗ്രേറ്റർ ലോസ് ആഞ്ചലസ് പ്രദേശത്തിന്റെ ഭാഗമാണ്. 2017 ലെ കണക്കുകൾപ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 207,906 ആയിരുന്നു.[10] ഓക്സ്നാർഡ്-തൌസൻറ് ഓക്സ്-വെഞ്ചുറ, സിഎ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ ഇത് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നാണ്. ശരാശരി ദേശീയ വരുമാനത്തിന്റെ മുകളിലാണ് ഇവിടുത്തെ നിവാസികളുടെ വരുമാനം. [11][12] 1903 ൽ സംയോജിപ്പിക്കപ്പെട്ട ഈ നഗരം ഫലഭൂയിഷ്ഠമായ ഓക്സ്നാർഡ് സമതലത്തിൻറെ പടിഞ്ഞാറൻ വിളുമ്പിൽ, സ്ട്രോബെറി, ലിമ ബീൻസ് കാർഷികകേന്ദ്രത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു.