കിഴക്കൻ ജാവ
കിഴക്കൻ ജാവ ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. കിഴക്കൻ ജാവാ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയിൽ മദുര ദ്വീപും ഉൾപ്പെടുന്നു. മദുര ദ്വീപിനെ ജാവയുമായി ബന്ധിപ്പിക്കുന്ന സുരാമാഡ എന്നറിയപ്പെടുന്ന പാലം ഇന്തോനേഷ്യയിലെതന്നെ ഏറ്റവും ദൈർഘ്യമുള്ള പാലമാണ്. അതുപോലെതന്നെ കൂടുതൽ കിഴക്ക്, വടക്കു ദിശകളിലായി യഥാക്രമം സ്ഥിതിചെയ്യുന്ന കങ്ക്യാൻ, മസലെമ്പു ദ്വീപസമൂഹങ്ങളും ഈ പ്രവിശ്യയുടെതന്നെ ഭാഗങ്ങളാണ്. ഈ പ്രവിശ്യയുടെ തലസ്ഥാനമായ സുരാബായ, ഇൻഡോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരവും ഒരു പ്രമുഖ വ്യവസായ കേന്ദ്രവുമാണ്. ബന്യുവാങ്കി കിഴക്കൻ ജാവയിലെയും ജാവ ദ്വീപിലെതന്നെയും ഏറ്റവും വലിയ റീജൻസിയാണ്.[5] ഈ പ്രവിശ്യയുടെ വിസ്തൃതി 47,800 ചതുരശ്ര കിലോമീറ്ററാണ്. 2010 കനേഷുമാരി കണക്കുകൾ പ്രകാരം 37,476,757 പേരാണ് കിഴക്കൻ ജാവയിൽ അധിവസിക്കുന്നത്. ഇത് ഇന്തോനേഷ്യയിലെ രണ്ടാമത്തെ ജനസാന്ദ്രതയുള്ള പ്രവിശ്യയുംകൂടിയാണ്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾപ്രകാരം (ജനുവരി 2014-ൽ) ജനസംഖ്യ 41,529,481 ആയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പടിഞ്ഞാറൻ ദിക്കിൽ മദ്ധ്യ ജാവാ പ്രവിശ്യയുമായി മാത്രമാണ് ഇതിനു കരഭൂമിയിലൂടെ ബന്ധമുള്ളത്. ജാവാ കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവ യഥാക്രമം വടക്കൻ, തെക്കൻ തീരങ്ങളുടെ അതിരുകളാണ്. അതേസമയം കിഴക്ക് ഭാഗത്ത് ഇടുങ്ങിയ ബാലി കടലിടുക്ക് ജാവയെ ബാലിയുമായി വേർതിരിക്കുന്നു. ചരിത്രംമലാംഗ് നഗരത്തിനടുത്തുനിന്നു കണ്ടെടുക്കപ്പെട്ട 760 CE യിലെ ദിനോയോ ലിഖിതങ്ങളാണ് കിഴക്കൻ ജാവയിൽനിന്നു കണ്ടെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രാചീനമായ ലിഖിത സ്രോതസ്സുകൾ. ദിനോയോ രാജ്യത്തിലെ പല രാഷ്ട്രീയ, സാംസ്കാരിക സംഭവങ്ങളും ഈ ലിഖിതങ്ങളാൽ വ്യക്തമാക്കപ്പെടുന്നു. മലാങ്കുസേസ്വര എന്ന പുണ്യ മന്ദിരത്തിന്റെ നാമത്തിൽ നിന്നാണ് മലാങ് എന്ന പേര് ഉരുത്തിരിഞ്ഞതെന്ന് അനുമാനിക്കപ്പെടുന്നു. ഈ പേരു ചുരുങ്ങിയത് 907 CE യിൽ എഴുതപ്പെട്ട മന്ത്യാസിഹ് പോലയുളള ഒരു ലിഖിതത്തിലെങ്കിലും ഉൾക്കൊള്ളുന്നുണ്ട്. 1222 ൽ കെൻ അറോക്ക് സിൻഘസാരി രാജ്യം സ്ഥാപിക്കുകയും അദ്ദേഹം 1292 വരെ അതു ഭരിക്കുകയും ചെയ്തു. അധികാരത്തിൽ എത്തുന്നതിനുമുമ്പ് കെൻ അറോക് തുമാപൽ പ്രദേശം (കെദിരി) അവിടുത്തെ അധികാരിയായിരുന്ന തുങ്കുൽ അമെതങിൽനിന്നു പിടിച്ചെടുത്തിരുന്നു. അത് അക്കാലത്ത് കെദിരി രാജവംശത്തിനു കീഴിൽ കെർത്താജയ (1185 - 1222) രാജാവിന്റ അധികാരപരിധിയിൽപ്പെട്ട പ്രദേശമായിരുന്നു. തുങ്കുൽ അമെതങിന്റെ അംഗരക്ഷകനായിരുന്ന കെൻ അറോക്ക് ആദ്ദേഹത്തിന്റെ സുന്ദരിയായ പത്നി കെൻ ഡെഡെസിനെ ആകസ്മികമായി കാണാനിടവരുകയും അവളിൽ അനുരക്തനാകുകയും താമസിയാതെ കെരിസ് എന്ന കഠാര ഉപയോഗിച്ച് രാജാവിനെ വധിക്കുകയും ചെയ്തു. മ്പു ഗാൻഡ്രിങിന്റെ ശപിക്കപ്പെട്ട കെരിസിന്റെ ആദ്യത്തെ ഇരയെന്ന നിലയിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. (കെരിസ് എന്നറിയപ്പെട്ടിരുന്ന ഒരിനം വളഞ്ഞ ജാവാനീസ് കഠാരയുടെ നിർമ്മാതാവായിരുന്നു മ്പു ഗാൻഡ്രിങ്. കെദിരി കാലഘട്ടത്തിൽ ജീവിച്ച (11 ആം നൂറ്റാണ്ട്) അദ്ദേഹത്തിൽനിന്നുതന്നെ ലഭിച്ച ഒരു കെരിസ് ഉപയോഗിച്ച് കെൻ അറോക്ക് എന്നയാൾ അദ്ദേഹത്തെ കൊല്ലപ്പെടുത്തുകയായിരുന്നു. അക്ഷമനായിരുന്ന കെൻ അറോക്ക് മ്പൂവിനെ കൊല്ലാൻ പൂർത്തിയാകാത്ത ഒരു കെരിസാണ് ഉപയോഗിച്ചത്. മ്പൂ അപ്പോൾത്തന്നെ കെൻ ആറോക്കും അയാളുടെ കുടുംബത്തിന്റെ അടുത്ത ഏഴ് തലമുറകളെയും കൊല്ലാൻ ഈ കഠാര ഒരു കാരണമാകട്ടെയെന്ന് എന്നു ശപിക്കുകയും ചെയ്തു) കെൻ അരോക്ക് രാജവംശത്തിന്റെ പിന്തുടർച്ചക്കാർ 13-ആം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെ സിൻഘസാരിയുടേയും മജാപാഹിതിലേയും രാജാക്കന്മാരായിരുന്നു. 1227 ൽ അനുശാപതി, കെൻ ആറോയെ കൊലപ്പെടുത്തുകയും പിന്നീട് സിൻഗസാരിയിലെ രാജാവായിത്തീരുകയും ചെയ്തു. അനശാപതിയുടെ ഭരണം, തോഹ്ജയ അദ്ദേഹത്തെ വധിക്കുന്നതുവരെയുള്ള 20 വർഷക്കാലം മാത്രമേ നീണ്ടുനിന്നിരുന്നുള്ളു. മൂന്നു വർഷത്തിനു ശേഷം, അനുശാപതിയുടെ മകൻ ജയ വിസ്നുവർദ്ധനയുടെ നേതൃത്വത്തിൽ നടന്ന ഒരു വിപ്ലവത്തിൽ തോഹ്ജയ കൊല്ലപ്പെട്ടു. 1268-ൽ വിസ്നുവർദ്ധന മരണമടയുകയും, ശേഷം കെർത്തനഗാര (1268-1292) അധികാരം കൈപ്പിടിയിലൊതുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. 1292 ൽ കെർത്തനഗാരയെ ജയകത്വാങ് എന്ന വിമതൻ പരാജയപ്പെടുത്തിയതോടെ കെർത്തനഗാര ശക്തിയും സിൻഘസാരിയുടെ ചരിത്രവും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1294-ൽ മജാപാഹിത് എന്ന രാജ്യം സ്ഥാപിക്കപ്പെട്ടു. ഇതിന്റെ സ്ഥാപകൻ രാഡെൻ വിജയ ആയിരുന്നു. മജാപാഹിത് സാമ്രാജ്യം ഹയാ വുറുക്കിന്റെ ഭരണകാലത്ത് അതിന്റെ സമൃദ്ധിയുടെ ഉന്നതിയിലെത്തിയിരുന്നു. മഹാപതി ഗജ മാഡയോടൊപ്പം ചേർന്ന് അദ്ദേഹം ദ്വിപാന്തര എന്ന പേരിൽ വലിയ ഒരു പ്രദേശം ഒന്നിച്ചു ചേർത്തു. 1357-ൽ സുന്ദ രാജാവും മജാപാഹിത് രാജാവ് പതിഹ് ഗജ മാഡയും തമ്മിൽ ബുബൂത് എന്ന യുദ്ധമുണ്ടായി. ഹയാം വുരുക് രാജാവിന്റെ സുന്ദാനീസ് രാജകുമാരി ദ്യാഹ് പിറ്റലോകകയെ രാജ്ഞിയായി സ്വീകരിക്കുന്നതിനുള്ള ഒരു ആഗ്രഹമായിരുന്നു ഈ സംഭവത്തിന്റെ മൂലകാരണം. എന്നിരുന്നാലും, വിവാഹത്തിന്റെ നടപടിക്രമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ തത്ത്വത്തിൽ ബുബാത്തിൽ വച്ചുള്ള ഒരു യുദ്ധത്തിനു വഴിതെളിച്ചു. ഗജാഹ് മാഡയുടെ നേതൃത്വത്തിലുള്ള മജാപാഹിത് സൈന്യം പജജാരനെ തോൽപ്പിച്ചു. 1389 ൽ ഹയാം വരുക് അന്തരിക്കുകയും പിന്നീട് വിക്രമവർദ്ധന അധികാരത്തിലെത്തുകയും ചെയ്തു. ഈ കാലഘട്ടം മജാപാഹിത് രാജ്യത്തിന്റെ തകർച്ചയുടെ തുടക്കമായിരുന്നു. ആ കാലഘട്ടത്തിനു ശേഷം ഇസ്ലാം മതം ജാവയിൽ വ്യാപകമായി പരക്കുകയും, യൂറോപ്യന്മാർ മലയ ദ്വീപസമൂഹത്തിൽ തങ്ങളുടെ കോളനിവൽക്കരണം ആരംഭിക്കുകയും ചെയ്തു. അവലംബം
|
Portal di Ensiklopedia Dunia