കുളവെട്ടി
'സൈസീജിയം ട്രാവൻകോറിക്കം' എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന വൃക്ഷത്തിന് കുളവെട്ടി, പൊരിയൻ, വാതംകൊല്ലി, നീർമാവ് എന്നീ പേരുകളുമുണ്ട്. (ശാസ്ത്രീയനാമം: Syzygium travancoricum). ഞാവൽ ഉൾപ്പെടുന്ന മിർട്ടേസിയ കുടുംബത്തിലുൾപ്പെടുന്ന മരം ഇരുന്നൂറ് അടി വരെ ഉയരത്തിലുള്ള ചതുപ്പുപ്രദേശങ്ങളിലാണ് വളരുക. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മരങ്ങളാണിവ. ലോകത്ത് ആകെയുള്ള മുന്നൂറ് കുളവെട്ടി മരങ്ങളിൽ നൂറെണ്ണവും തൃശൂർ കുന്നംകുളം കലശമലയിലെ വിഷ്ണു ശിവ ക്ഷേത്രത്തിലെ കാവിലാണ് ഉള്ളത്. കൊല്ലത്തെ ഐക്കാട് ഒരു കാവിൽ നാലെണ്ണം കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് 35 എണ്ണം കർണ്ണാടകയിലെ സിദ്ധാപുരം താലൂക്കിലും ഉണ്ട്. [1] അപൂർവമായി കാണുന്ന വൃക്ഷത്തെ ദർശിക്കാൻ വിദേശികളടക്കം നിരവധി പേർ കലശമലയിലെത്താറുണ്ട്. ഭൂമിക്കടിയിലേയ്ക്ക് ഊർന്നിറങ്ങുന്ന ജലത്തെ ആഴത്തിലുള്ള വേരുപടലം കൊണ്ട് തടഞ്ഞുനിർത്തി, വൃക്ഷം നിൽക്കുന്ന പ്രദേശം ചതുപ്പുനിലമാക്കി മാറ്റിയെടുക്കുവാൻ കുളവെട്ടിക്ക് കഴിയും. നീരുറവ് പിടിച്ചുനിർത്താൻ കുളവെട്ടിക്ക് കഴിയുമെന്നതിനാൽ പ്രദേശത്ത് ജലക്ഷാമം ഉണ്ടാവുകയില്ല. കടുത്ത വേനലിലും കലശമലക്കുന്നിൽ ജലസമൃദ്ധി ഉണ്ടാകുന്നത് കുളവെട്ടി മരങ്ങൾ ഉള്ളതുകൊണ്ടാണ്. ആയുർവേദ മരുന്നുകൾക്കും പ്രയോജനപ്പെടുന്ന കുളവെട്ടി മരത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയത് ബ്രിട്ടീഷ് വനശാസ്ത്രജ്ഞനായ ഗാംബിൾ ആണ്. 1910-12 കാലത്ത് കലശമലക്കുന്നിൽനിന്നാണ് മരത്തെക്കുറിച്ച് പഠിച്ചത്. മരത്തിന്റെ പ്രത്യേകതകളെക്കുറിച്ച് 'ഫ്ലോറ ഓഫ് ദി പ്രസിഡൻസി ഓഫ് മദ്രാസ്' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. പാരിസ്ഥിതിക സമ്മർദ്ദമുള്ള സ്ഥലത്ത് വസിക്കുന്ന വൃക്ഷത്തെക്കുറിച്ച് പിന്നീട് മനസ്സിലാക്കിയത് കേരള കാർഷിക സർവകലാശാലയിലെ പ്രൊഫ. വിദ്യാസാഗറാണ്. 2005ലാണ് അദ്ദേഹം പഠനം നടത്തിയത്. തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ബോട്ടണി വിഭാഗം പ്രൊഫസർമാരായ പി.എൻ. ഗണേശും ഡോ. ഹരിനാരായണനും ആണ് പഠനം നടത്തിയത്. പശ്ചിമഘട്ട മലനിരകളധിവസിക്കുന്ന കേരളത്തിൽ മാത്രമാണ് കുളവെട്ടി ഉള്ളതെന്നാണ് ഇവരുടെ കണ്ടെത്തൽ. കൊല്ലം ജില്ലയിൽ നാമമാത്രമായി ഉണ്ടെങ്കിലും കലശമലയാണ് വൃക്ഷത്തിന്റെ അധിവാസകേന്ദ്രമെന്ന് ഡോ. ഹരിനാരായണൻ ചൂണ്ടിക്കാട്ടുന്നു. ഒറ്റയ്ക്കും കൂട്ടമായും ഉയരത്തിൽ വളരുന്ന വൃക്ഷത്തിന് നൂറ്റാണ്ടുകളോളം പ്രായമുണ്ട്. വൻമരമായി മാറുന്ന വൃക്ഷത്തിന്റെ തടി ഫർണീച്ചറിന് ഉപയോഗിക്കാം. വൃക്ഷത്തിന്റെ ഇലയും തൊലിയും വാതരോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കാം. വൃക്ഷത്തിന്റെ പ്രത്യേകതകൾ പരിഗണിച്ച് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കുളവെട്ടിയെ ലോക പൈതൃക സ്ഥാനത്ത് പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ്.[2] കൃത്രിമമായി തൈകൾ നിർമ്മിച്ചെടുക്കാനുള്ള ഗവേഷണങ്ങൾ വിജയപാതയിലാണ് [3] പുതിയ വിവരങ്ങൾ![]() കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഈയിടെ നടത്തിയ പഠനങ്ങളിൽ കുളവെട്ടി മറ്റു ചില സ്ഥലങ്ങളിൽ കൂടി കണ്ടെത്തുകയുണ്ടായി. കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എം എസ്സ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനുമായിച്ചേർന്ന് ഈ മരത്തെ വളരാൻ പറ്റുന്ന മറ്റു സ്ഥലങ്ങളിലും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. [4] തൃശ്ശൂർ ജില്ലയിലെ എളവള്ളി ഗ്രാമപഞ്ചായത്തിൻറെ 2019-2020 സാമ്പത്തിക വർഷത്തെ പ്രൊജകട് നമ്പർ 250/19-20 പ്രകാരം[5] കുളവെട്ടി മരങ്ങൾ വെച്ചുപിടിപ്പിക്കൽ എന്ന പ്രൊജകടിന് തൃശ്ശൂർ ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകുകയും എളവള്ളി ഗ്രാമപഞ്ചായത്തിൻറെ ഉടമസ്ഥതയിൽ ഉള്ള കണിയാം തുരുത്തിലുള്ള 40 സെൻറ് സ്ഥലത്ത് 50 ഓളം കുളവെട്ടി മരങ്ങൾ നട്ട് കൃഷി മന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാർ 2020 ഫ്രബ്രുവരി 28 ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു[6].ഏപ്രിൽ മെയ് മാസങ്ങളിലായി കുളവെട്ടി മരങ്ങളിലുണ്ടാകുന്ന പഴങ്ങളിലെ വിത്തുകളിൽ നിന്നാണ് തൈകൾ മുളപ്പിക്കുന്നത്. ശാസ്ത്രീയ പരിചരണം നൽകിയിട്ടും പതിനഞ്ചു ശതമാനം തൈകളാണ് മുളച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ കമ്പുകൾ നട്ട് മൂന്നു തൈകളും തയ്യാറാക്കി. ശാസ്ത്രീയമായ രീതിയിൽ തൈകൾ മുളപ്പിച്ച് നടാൻ പാകത്തിലാക്കിയത് എളവള്ളി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻറ് സെക്രട്ടറി എം.കെ ആൽഫ്രഡാണ്[7].തൃശ്ശൂർ സെൻറ് തോമാസ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസിസ്ററൻഡ് പ്രൊഫസർ പി.വി ആൻറോ സാങ്കേതിക സഹായങ്ങൾ നൽകി. മുപ്പത്തിത്തിയൊമ്പത് തൈകൾ ഇപ്പോൾ ഏഴടിയോളം വളർച്ച നേടിയിട്ടുണ്ട്.[8] തൃശ്ശൂർ കലശമലയിൽ![]() തൃശ്ശൂർ കലശമല ചിറയിൽ ശിവ വിഷ്ണു ക്ഷേത്ര കാവിൽ കുളവെട്ടി മരങ്ങൾ ഉണ്ട്. കേരള വനം വകുപ്പ് തൃശ്ശൂർ സെൻട്രൽ സർക്കിളിൽ വടക്കഞ്ചേരി വനം റേഞ്ചിൽ എരുമപ്പെട്ടി വനം റേഞ്ചിലാണ് ഈ പ്രദേശം. കേരള വനം വകുപ്പ് ബയോ ഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റ് ഓഫ് കേരള ആയി ഈ പ്രദേശത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പ് ഇവിടെ സ്ഥാപിച്ച ബോർഡിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ഐ.യു.സി,എൻ ലിസ്റ്റിൽപ്പെട്ട ഏറ്റവും നാശേന്മുഖമായ മരമാണ് കുളവെട്ടിമരംങ്ങൾ. ലോകത്ത് ആകെ ഇരുന്നൂറോളം കുളവെട്ടി മരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതിൽ തന്നെ 110 ഓളം മരങ്ങൾ കലശമലയിലാണുള്ളത്.
എളവള്ളിയിൽഎളവള്ളി ഗ്രാമപഞ്ചായത്തിലെ കണിയാംതുരത്തിലെ വാതകശ്മശാനത്തിൽ 2020 ഫെബ്രുവരി 28 ന് നട്ട് പിടിപ്പിച്ച കുളവെട്ടികൾ 39 എണ്ണം 8 മീറ്ററോളം വളർച്ച നേടിയിട്ടുണ്ട്.പബ്ലിക്ക് ഇൻഫർമേഷൻ ബോർഡും കാണികൾക്കായി ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.[9]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ Syzygium travncoricum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Syzygium travancoricum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia