ഗ്രിഗൊറി പെറെൽമാൻ
റീമാനിയൻ ജ്യാമിതി, ജ്യാമിതീയ ടൊപോളജി എന്നീ മേഖലകളിൽ നൽകിയ സംഭാവനകൾക്ക് പ്രശസ്തനായ റഷ്യൻ ഗണിതശാസ്ത്രജ്ഞനാണ് ഗ്രിഷ പെറെൽമാൻ എന്നറിയപ്പെടുന്ന ഗ്രിഗറി യാകോവ്‌ലെവിച്ച് പെറെൽമാൻ (ജനനം ജൂൺ 13, 1966). തേഴ്സ്റ്റൺ ജ്യാമിതീകരണപരികല്പന തെളിയിച്ചത് അദ്ദേഹമാണ്. ഇതുവഴി, 1904 മുതൽ നിലവിലുണ്ടായിരുന്നതും ഗണിതശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രയാസമേറിയതുമായ പ്രശ്നങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നതുമായ പോയിൻകാരെ കൺജെക്ചർ ശരിയാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിനായി. 2006 ഓഗസ്റ്റിൽ ജ്യാമിതിക്ക് നൽകിയ സംഭാവനകളെയും റിച്ചി ഒഴുക്കുകളുടെ സൈദ്ധാന്തികവും ജ്യാമിതീയവുമായ ഘടനയെക്കുറിച്ചുള്ള വിപ്ലവകരമായ ഉൾക്കാഴ്ചകളെയും മാനിച്ചുകൊണ്ട് അദ്ദേഹത്തിന് ഫീൽഡ്സ് മെഡൽ സമ്മാനിച്ചു.[1] എങ്കിലും അദ്ദേഹം പുരസ്കാരം നിരസിച്ചു. ഗണിതശാസ്ത്രജ്ഞന്മാരുടെ അന്താരാഷ്ട്ര കോൺഫറൻസിൽ അദ്ദേഹം പങ്കെടുത്തുമില്ല. 2010 മാർച്ച് 18 ന് അദ്ദേഹത്തിന് സഹസ്രാബ്ദ പുരസ്കാര സമസ്യയുടെ പ്രതിഫലമായ ഒരു ദശലക്ഷം ഡോളർ നൽകാൻ ക്ലേ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചു.[2] ജൂലൈ 1 നു അദ്ദേഹം അത് നിരസിച്ചു. റിച്ചാർഡ്. എസ്. ഹാമിൽട്ടൺ ഇതിനു വേണ്ടി ചെയ്ത സംഭാവനയെക്കാൾ കൂടുതലായി താനൊന്നും ചെയ്തിട്ടില്ല എന്നായിരുന്നു അദ്ദേഹം ഇതിനു കാരണമായി പറഞ്ഞത്.[3] 2006 ഡിസംബർ 26 ന് സയൻസ് വാരിക പോയിൻകാരെ പരികല്പനയുടെ തെളിവ് ആ വർഷത്തെ ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തമായി അംഗീകരിച്ചു.[4] ആദ്യമായാണ് ഗണിതശാസ്ത്രത്തിലെ ഒരു കണ്ടുപിടിത്തത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. അവലംബം
|
Portal di Ensiklopedia Dunia