ചെങ്കണ്ണ്
കണ്ണിൻ്റെ കൺജങ്റ്റൈവയെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ചെങ്കണ്ണ്. മദ്രാസ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം കണ്ജങ്റ്റിവൈറ്റിസ് എന്നാണ്. വിദേശ രാജ്യങ്ങളിൽ ഇത് ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്നു. ഇതു കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവ എന്ന കോശ ഭിത്തിയിൽ വൈറസോ, ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലം കോശജ്വലനം സംഭവിക്കുന്നത് കൊണ്ടാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. തൽഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു. വൈറസ്, ബാക്ടീരിയ എന്നിവയാണ് ഏറ്റവും സാധാരണമായ കാരണങ്ങൾ. [3] ജലദോഷത്തിന്റെ മറ്റ് ലക്ഷണങ്ങളോടൊപ്പം വൈറൽ അണുബാധയും ഉണ്ടാകാം. [1] വൈറൽ, ബാക്ടീരിയ കേസുകൾ ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരുന്നു. [1] കൂമ്പോളയോടൊ മൃഗങ്ങളുടെ രോമങ്ങളോടൊ ഉള്ള അലർജികളും ചെങ്കണ്ണിന് ഒരു സാധാരണ കാരണമാണ്. [3] രോഗനിർണയം പലപ്പോഴും അടയാളങ്ങളെയും ലക്ഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. [1] ചിലപ്പോൾ കാര്യക്ഷമമായ രോഗ നിർണ്ണയത്തിന് ഡിസ്ചാർജിന്റെ ഒരു സാമ്പിൾ കൾചർ ചെയ്യാൻ അയയ്ക്കുന്നു. വ്യക്തി ശുചിത്വത്തിലൂടെ, പ്രത്യേകിച്ചും കൈ വൃത്തിയായി കഴുകുന്നതിലൂടെ ഈ രോഗത്തെ ഭാഗികമായി പ്രതിരോധിക്കാൻ കഴിയും.[1] ചികിത്സ അടിസ്ഥാന കാരണത്തെ ആശ്രയിച്ചിരിക്കുന്നു. ഭൂരിഭാഗം വൈറൽ കേസുകളിലും പ്രത്യേക ചികിത്സ ആവശ്യമില്ല.[3] അതേപോലെ ബാക്ടീരിയ അണുബാധ മൂലമുള്ള മിക്ക കേസുകളും ചികിത്സയില്ലാതെ പരിഹരിക്കപ്പെടുന്നു, എന്നിരുന്നാലും, ആൻറിബയോട്ടിക്കുകൾക്ക് രോഗം കുറയ്ക്കാൻ കഴിയും.[3] കോണ്ടാക്ട് ലെൻസുകൾ ധരിക്കുന്നവർക്കും ഗൊണോറിയ അല്ലെങ്കിൽ ക്ലമീഡിയ മൂലമുണ്ടാകുന്ന അണുബാധയുള്ളവർക്കും ചികിത്സ നൽകണം.[3] അലർജി കേസുകൾ ആന്റിഹിസ്റ്റാമൈനുകൾ അല്ലെങ്കിൽ മാസ്റ്റ് സെൽ ഇൻഹിബിറ്റർ തുള്ളി മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാം.[3] രോഗ ലക്ഷണങ്ങൾകണ്ണിൽ ചുവപ്പു നിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കൺപോളകളിൽ വീക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗ ലക്ഷണങ്ങൾ. കണ്ണിന് ചുവപ്പുനിറം ഉണ്ടാകുന്നതിനു പുറമെ കൺപോളകൾക്കു വീക്കവും തടിപ്പും, തുറക്കാൻ പറ്റാത്ത വിധം കണ്ണിൽ പീള കെട്ടുക, പ്രകാശം അടിക്കുമ്പോൾ കണ്ണിൽ അസ്വസ്ഥത, കണ്ണിൽ കരടു പോയത് പോലെ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണമാണ്. കാരണംഇൻഫെക്റ്റീവ് കൺജങ്ക്റ്റിവിറ്റിസ് ഏറ്റവും സാധാരണയായി ഒരു വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ബാക്ടീരിയ അണുബാധ, അലർജി, മറ്റ് അസ്വസ്ഥതകൾ, വരൾച്ച എന്നിവയും സാധാരണ കാരണങ്ങളാണ്. ബാക്ടീരിയ, വൈറൽ അണുബാധകൾ പകർച്ചവ്യാധിയാണ്, അവ വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു, അല്ലെങ്കിൽ മലിനമായ വസ്തുക്കളിലൂടെയോ വെള്ളത്തിലൂടെയോ വ്യാപിക്കുന്നു. മലിനമായ വിരലുകളുമായുള്ള സമ്പർക്കം കൺജങ്ക്റ്റിവിറ്റിസിന്റെ ഒരു സാധാരണ കാരണമാണ്. കണ്പോളകളുടെയും ചുറ്റുമുള്ള ചർമ്മത്തിന്റെയും അരികുകളിൽ നിന്നോ, നാസോഫാറിങ്ക്സിൽ നിന്നോ, രോഗം ബാധിച്ച ആൾ ഉപയോഗിച്ച തോർത്ത് തുള്ളിമരുന്നുകൾ കോൺടാക്റ്റ് ലെൻസുകൾ എന്നിവയിൽ നിന്നോ ജനനേന്ദ്രിയത്തിൽ നിന്നോ രക്തപ്രവാഹത്തിൽ നിന്നോ ബാക്ടീരിയകൾ കൺജക്റ്റിവയിൽ എത്താം.[4] വൈറൽ കൺജങ്ക്റ്റിവിറ്റിസ് കേസുകളിൽ 65% മുതൽ 90% വരെ മനുഷ്യ അഡെനോവൈറസ് മൂലം ഉണ്ടാകുന്നവയാണ്.[5] വൈറൽവൈറൽ കൺജങ്ക്റ്റിവൈറ്റിസിന്റെ (അഡെനോവൈറൽ കെരട്ടോകൺജങ്ക്റ്റിവൈറ്റിസ്) ഏറ്റവും സാധാരണമായ കാരണം അഡെനോവൈറസുകളാണ്.[6] ഹെർപ്പസ് സിംപ്ലക്സ് വൈറസ് മൂലമുണ്ടാകുന്ന ഹെർപെറ്റിക് കെരട്ടോകൺജങ്ക്റ്റിവൈറ്റിസ് ഗുരുതരമാണ്, അവയ്ക്ക് അസൈക്ലോവിർ പോലെയുള്ള ആന്റിവൈറൽ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമാണ്. രണ്ട് എന്ററോവൈറസുകളിലൊന്നായ എന്ററോവൈറസ് 70, കോക്സാക്കിവൈറസ് എ 24 എന്നിവ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് അക്യൂട്ട് ഹെമറാജിക് കൺജങ്ക്റ്റിവൈറ്റിസ്. 1969 ൽ ഘാനയിൽ ഉണ്ടായ ഒരു രോഗപ്പകർച്ചയിലാണ് ഇവ ആദ്യമായി തിരിച്ചറിഞ്ഞത്, അതിനുശേഷം ലോകമെമ്പാടും വ്യാപിക്കുകയും നിരവധി പകർച്ചവ്യാധികൾ ഉണ്ടാക്കുകയും ചെയ്തു.[7] ബാക്ടീരിയൽഅക്യൂട്ട് ബാക്ടീരിയൽ കൺജക്റ്റിവിറ്റിസിന്റെ ഏറ്റവും സാധാരണമായ കാരണങ്ങൾ സ്റ്റാഫൈലോകോക്കസ് ഓറിയസ്, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ എന്നിവയാണ്.[6][8] വളരെ അപൂർവമാണെങ്കിലും, ഹൈപ്പർഅക്യൂട്ട് കേസുകൾ സാധാരണയായി ഉണ്ടാകുന്നത് നിസ്സേറിയ ഗൊണോറിയ അല്ലെങ്കിൽ നിസ്സേറിയ മെനിഞ്ചിറ്റിഡിസ് എന്നിവയാണ്. 3 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നവയാണ് ബാക്ടീരിയ കൺജങ്ക്റ്റിവിറ്റിസിന്റെ വിട്ടുമാറാത്ത കേസുകൾ, ഇത് സാധാരണയായി എസ്. ഓറിയസ്, മൊറാക്സെല്ല ലാകുനാറ്റ അല്ലെങ്കിൽ ഗ്രാം നെഗറ്റീവ് എന്ററിക് ഫ്ലോറ മൂലമാണ് ഉണ്ടാകുന്നത്. അലർജിക്പൂമ്പൊടി, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ, പൊടി, പുക,[9] പൊടിപടലങ്ങൾ, കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകൾ[10] തുടങ്ങിയ ധാരാളം കാരണങ്ങൾ അലർജിക് കൺജങ്ക്റ്റിവിറ്റിസിന് കാരണമാകാം. കൺജങ്ക്റ്റിവിറ്റിസിന്റെ ഏറ്റവും സാധാരണ കാരണം അലർജി ആണ്, ഇത് ജനസംഖ്യയുടെ 15% മുതൽ 40% വരെ ആളുകളെ ബാധിക്കുന്നു.[11] കണ്ണുമായി ബന്ധപ്പെട്ട പ്രാഥമിക പരിചരണ കൺസൾട്ടേഷന് വരുന്ന രോഗികളിൽ 15% ആളുകൾക്കും അലർജിക് കൺജങ്റ്റിവൈറ്റിസ് ആണ് - വസന്തകാലത്തും വേനൽക്കാലത്തും ഇത് സാധാരണമാണ്.[12] പ്രതിരോധംഏറ്റവും ഫലപ്രദമായ പ്രതിരോധം നല്ല വ്യക്തി ശുചിത്വമാണ്, പ്രത്യേകിച്ച് രോഗബാധയുള്ള കൈകളാൽ കണ്ണുകൾ തടവുന്നത് ഒഴിവാക്കുക, രോഗി ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക എന്നിവ. അഡെനോവൈറസ്, ഹീമോഫിലസ് ഇൻഫ്ലുവൻസ, ന്യുമോകോക്കസ്, നിസ്സേറിയ മെനിഞ്ചൈറ്റിഡിസ് എന്നിവയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പും ഫലപ്രദമാണ്.[13] നവജാതശിശുക്കളിലെ കൺജക്റ്റിവൈറ്റിസ് തടയുന്നതിനായി പോവിഡോൺ-അയഡിൻ കണ്ണ് തുള്ളിമരുന്നുകൾ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.[14] കുറഞ്ഞ ചിലവ് കാരണം ഇത് ആഗോളതലത്തിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നു. [14] ചികിത്സ65% കൺജങ്റ്റിവൈറ്റിസ് കേസുകളും ചികിത്സയില്ലാതെ തന്നെ 2-5 ദിവസത്തിനുള്ളിൽ സ്വയം പരിഹരിക്കപ്പെടുന്നു. ആൻറിബയോട്ടിക്കുകൾ മിക്ക കേസുകളിലും ആവശ്യമില്ല.[15] വൈറൽവൈറൽ കൺജങ്ക്റ്റിവിറ്റിസ് സാധാരണയായി സ്വയം പരിഹരിക്കുന്നു, അവയ്ക്ക് പ്രത്യേക ചികിത്സ ആവശ്യമില്ല.[3] രോഗലക്ഷണങ്ങൾ കുറക്കാൻ ആന്റിഹിസ്റ്റാമൈൻസ് (ഉദാ. ഡിഫെൻഹൈഡ്രാമൈൻ) അല്ലെങ്കിൽ മാസ്റ്റ് സെൽ സ്റ്റെബിലൈസറുകൾ (ഉദാ. ക്രോമോളിൻ) ഉപയോഗിക്കാം.[3] പോവിഡോൺ അയഡിൻ ഒരു ചികിത്സയായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ 2008 ലെ കണക്കുപ്രകാരം ഇതിനെ പിന്തുണയ്ക്കുന്നതിനുള്ള തെളിവുകൾ മോശമായിരുന്നു.[16] അലർജിക്അലർജിക് കൺജങ്ക്റ്റിവൈറ്റിസിന്, തല താഴ്ത്തിപ്പിടിച്ച് മുഖത്ത് തണുത്ത വെള്ളം ഒഴിക്കുന്നത് കാപ്പിലറികളെ നിയന്ത്രിക്കുന്നു, കൃത്രിമ കണ്ണുനീർ തുള്ളിമരുന്നുകൾ മിതമായ കേസുകളിൽ അസ്വസ്ഥത ഒഴിവാക്കുന്നു. കൂടുതൽ കഠിനമായ കേസുകളിൽ, നോൺസ്റ്റീറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകളും ആന്റിഹിസ്റ്റാമൈനുകളും നിർദ്ദേശിക്കപ്പെടാം. സ്ഥിരമായ അലർജിക് കൺജങ്ക്റ്റിവിറ്റിസിന് ടോപ്പികൽ സ്റ്റിറോയിഡ് തുള്ളി മരുന്നുകൾ ആവശ്യമായി വന്നേക്കാം. ബാക്ടീരിയബാക്ടീരിയ കൺജങ്ക്റ്റിവൈറ്റിസിനും സാധാരണയായി ചികിത്സയില്ലാതെ സ്വയം പരിഹരിക്കപ്പെടും.[3] 3 ദിവസത്തിനുശേഷവും ഒരു പുരോഗതിയും കണ്ടില്ലെങ്കിൽ മാത്രമേ ടോപ്പികൽ ആൻറിബയോട്ടിക്കുകൾ ആവശ്യമായി വരൂ.[17] ചികിത്സയ്‌ക്കൊപ്പമോ അല്ലാതെയോ ഇവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളൊന്നും കണ്ടെത്തിയില്ല.[18] ആൻറിബയോട്ടിക്കുകൾ ബാക്ടീരിയ കൺജങ്ക്റ്റിവിറ്റിസിൽ വേഗത്തിൽ രോഗശാന്തി നൽകുന്നതിനാൽ അവയുടെ ഉപയോഗം പരിഗണിക്കാം.[18] കോണ്ടാക്ട് ലെൻസുകൾ ധരിക്കുന്നവർ, രോഗപ്രതിരോധശേഷിയില്ലാത്തവർ, ക്ലമീഡിയ അല്ലെങ്കിൽ ഗൊണോറിയ മൂലമാണെന്ന് കരുതപ്പെടുന്ന രോഗം, അൽപ്പം വേദന, അല്ലെങ്കിൽ ധാരാളം ഡിസ്ചാർജ് എന്നിവയുള്ളവർക്കും ആൻറിബയോട്ടിക്കുകൾ ശുപാർശ ചെയ്യുന്നു.[3] ഗൊണോറിയൽ അല്ലെങ്കിൽ ക്ലമൈഡിയൽ അണുബാധകൾക്ക് ഓറൽ (വായിലൂടെ കഴിക്കുന്നത്) അല്ലെങ്കിൽ ടൊപ്പിക്കൽ ആൻറിബയോട്ടിക്കുകൾ ആവശ്യമാണ്.[3] ആൻറിബയോട്ടിക്കുകളുടെ തിരഞ്ഞെടുപ്പ് അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു. ഫ്ലൂറോക്വിനോലോണുകൾ, സോഡിയം സൾഫാസെറ്റാമൈഡ് അല്ലെങ്കിൽ ട്രൈമെത്തോപ്രിം / പോളിമിക്സിൻ എന്നിവ സാധാരണയായി 7-10 ദിവസം ഉപയോഗിക്കാം.[6] പെനിസിലിനോട് സ്ട്രെയിൻ പ്രതികരിക്കുന്നുണ്ടെങ്കിൽ മെനിംഗോകോക്കൽ കൺജങ്ക്റ്റിവിറ്റിസ് കേസുകൾ സിസ്റ്റമിക് പെൻസിലിൻ ഉപയോഗിച്ചും ചികിത്സിക്കാം. ഒരു ചികിത്സയായി പരിഗണിക്കുമ്പോൾ, പോവിഡോൺ-അയഡിന് ബാക്ടീരിയൽ കൺജങ്റ്റിവൈറ്റിസ്, ക്ലമൈഡിയൽ കൺജങ്ക്റ്റിവിറ്റിസ് എന്നിവയ്‌ക്കെതിരെ ചില ഫലപ്രാപ്തി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, ടോപ്പികൽ ആൻറിബയോട്ടിക്കുകൾ ലഭ്യമല്ലാത്തതോ ചെലവേറിയതോ ആയ സ്ഥലങ്ങളിൽ ഇത് നിർദ്ദേശിക്കപ്പെടുന്നു.[19] അവലംബം
Conjunctivitis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia