ജസ്വന്ത് സിങ്
1998 മുതൽ 2004 വരെ ഭാരതത്തിൻ്റെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പേയിയുടെ മന്ത്രിസഭകളിൽ ഭാരതത്തിൻ്റെ വിദേശകാര്യ, ധനകാര്യ, പ്രതിരോധ വകുപ്പുകളുടെ മന്ത്രിയായിരുന്ന രാജസ്ഥാനിൽ നിന്നുള്ള പ്രമുഖനായ മുൻ ബി.ജെ.പി നേതാവായിരുന്നു[2][3] ജസ്വന്ത് സിംഗ്.(1938-2020) [4][5] അഞ്ച് തവണ രാജ്യസഭയിലും നാല് തവണ ലോക്സഭയിലും അംഗമായി 1980 മുതൽ 2004 വരെ ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ജസ്വന്ത് സിംഗ് 2009-ലെ ജിന്ന അനുകൂല പ്രസ്താവനകളോടെ ബി.ജെ.പിയുമായി അകൽച്ചയിലായി. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിച്ചതിനെ തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ടു. 2020 സെപ്റ്റംബർ 27ന് അന്തരിച്ചു.[6][7] ജീവിതരേഖരാജസ്ഥാനിലെ ബാർമർ ജില്ലയിലെ ജയ്സോളിൽ ഠാക്കൂർ സർദാർ സിംഗിൻ്റെയും കൻവർ ബൈസയുടേയും മകനായി 1938 ജനവരി മൂന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അജ്മീറിലെ മയോ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ആർമിയിൽ ചേർന്നു. ഉത്തരാഖണ്ഡിലുള്ള നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ജോയിൻ്റ് സർവീസ് വിംഗിൽ നിന്നും പഠനം പൂർത്തിയാക്കി 1957-ൽ സൈനിക ഓഫീസറായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1965-ലെ ഇന്ത്യ x പാക്കിസ്ഥാൻ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി സേവനം ചെയ്തു. 1966-ൽ സൈന്യത്തിൽ നിന്ന് റിട്ടയർ ചെയ്യുമ്പോൾ സിംഗ് മേജർ റാങ്കിലായിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ച സിംഗ് ആദ്യകാല ഭാരതീയ ജനസംഘത്തിൻ്റെ നേതാവായിരുന്നു. രാഷ്ട്രീയ ജീവിതം1980 ഏപ്രിൽ ആറിന് ഭാരതീയ ജനത പാർട്ടി എന്നറിയപ്പെടുന്ന ബി.ജെ.പി രൂപീകരിക്കുമ്പോൾ സിംഗ് സ്ഥാപന നേതാവായിരുന്നു. ഏറ്റവും കൂടുതൽ കാലം പാർമെൻറ് അംഗമായിരുന്ന രാഷ്ട്രീയ നേതാവാണ്. രാജ്യസഭയിലും ലോക്സഭയിലുമായി 1980 മുതൽ 2009 വരെ തുടർച്ചയായി 29 വർഷക്കാലം അംഗമായിരുന്നു. വിദേശകാര്യം, ധനകാര്യം, പ്രതിരോധം എന്നീ കാബിനറ്റ് വകുപ്പുകളിൽ മന്ത്രിയായിരുന്ന രാജസ്ഥാനിൽ നിന്നുള്ള ഒരേയോരു നേതാവ് കൂടിയാണ് ജസ്വന്ത് സിംഗ്. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായും പ്രവർത്തിച്ച ജസ്വന്ത് സിംഗ് ഭാരതത്തിൻ്റെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ വിശ്വസ്ഥൻ എന്ന നിലയിലാണ് പാർട്ടിയിൽ അറിയപ്പെട്ടിരുന്നത്. എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്ന മൂന്നു തവണയും പ്രധാനപ്പെട്ട കാബിനറ്റ് വകുപ്പുകളിലെ മന്ത്രിയും ജസ്വന്ത് സിംഗ് തന്നെയായിരുന്നു. 1998-ലെ പൊക്റാൻ ആണവ പരീക്ഷണത്തിനു ശേഷം ഇന്ത്യയ്ക്കു മേൽ ഉപരോധമേർപ്പെടുത്തിയ അമേരിക്കയുമായി ചർച്ചകൾ നടത്തി. ഉപരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്കൊപ്പം നിർണായക പങ്ക് വഹിച്ചു. 2004 മുതൽ 2009 വരെ ബി.ജെ.പിയുടെ രാജ്യസഭയിലെ പ്രതിപക്ഷനേതാവായും പ്രവർത്തിച്ചു. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബി.ജെ.പി. 2009-ലെ ലോക്സഭയിലും തുടർച്ചയായി തോറ്റതോടെ ജസ്വന്ത് സിംഗ് പാർട്ടിയിൽ ദേശീയ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തി. ഇതിനേ തുടർന്ന് ഇദ്ദേഹം രചന നിർവഹിച്ച് 2009-ൽ പുറത്തിറങ്ങിയ പുസ്തകത്തിൽ മുഹമ്മദലി ജിന്നയെ പ്രകീർത്തിച്ചും സർദാർ പട്ടേലിനെ ഇകഴ്ത്തിയും ലേഖനം വന്നത് ബി.ജെ.പിയിൽ കലാപം സൃഷ്ടിച്ചു. അന്നത്തെ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായിരുന്ന രാജ്നാഥ് സിംഗ് ജസ്വന്ത് സിംഗിൻ്റെ ജിന്ന അനുകൂല പരാമർശങ്ങളെ പൂർണമായും തള്ളിക്കളഞ്ഞു. തുടർച്ചയായ ലോക്സഭ തിരഞ്ഞെടുപ്പ് തോൽവികളെ തുടർന്ന് ദേശീയ നേതൃത്വം പ്രതിസന്ധിയിൽ നിൽക്കവെ പാർട്ടിയെ കലാപത്തിലേയ്ക്ക് തള്ളിവിടാനുള്ള നീക്കമാണെന്നാണ് ജസ്വന്ത് സിംഗിൻ്റെ പുസ്തകത്തിലെ ജിന്ന അനുകൂല പ്രസ്താവനകളെ ബി.ജെ.പിയുടെ ദേശീയ നേതൃത്വം വിലയിരുത്തിയത്. ഇതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് ജസ്വന്ത് സിംഗ് പൂർണമായും ഒറ്റപ്പെട്ടു. ജിന്ന സ്തുതികളെ തുടർന്ന് 2009-ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും 2010-ൽ തിരിച്ചെത്തി. 2012-ൽ നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും യു.പി.എ പിന്തുണച്ച മൊഹമ്മദ് ഹമീദ് അൻസാരിയോട് പരാജയപ്പെട്ടു. അതിശക്തമായ കോൺഗ്രസ് വിരോധം ആഞ്ഞടിച്ച 2014-ലെ പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജസ്വന്ത് സിംഗിന് ബി.ജെ.പി കേന്ദ്ര നേതൃത്വം ടിക്കറ്റ് നൽകിയില്ല. ജസ്വന്ത് സിംഗ് ഇനി മത്സരിക്കേണ്ടതില്ല എന്നതായിരുന്നു പാർട്ടി തീരുമാനം. എന്നാൽ താൻ സ്വതന്ത്രനായി മത്സരിക്കും എന്ന നിലപാടിലുറച്ച് നിന്ന് രാജസ്ഥാനിലെ ബാർമർ മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് നോമിനേഷൻ നൽകി. പത്രിക പിൻവലിക്കണം എന്നാവശ്യപ്പെട്ട പാർട്ടി നിലപാട് ജസ്വന്ത് സിംഗ് തള്ളിയതിനെ തുടർന്ന് 2014 മാർച്ച് 29ന് ജസ്വന്ത് സിംഗിനെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കി. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബാർമറിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചെങ്കിലും ജസ്വന്ത് സിംഗ് പരാജയപ്പെട്ടു. ഇതോടെ ജസ്വന്ത് സിംഗിൻ്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചു. പ്രധാന പദവികളിൽ
മരണം2014-ൽ വീട്ടിലെ ശുചിമുറിയിൽ വീണതിനെ തുടർന്ന് ദീർഘനാൾ അബോധാവസ്ഥയിൽ തുടർന്ന് വരവെ ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വച്ച് 2020 സെപ്റ്റംബർ 27 ന് അന്തരിച്ചു.[8] പുറത്തേക്കുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia