ടെട്രാസൈക്ളിൻ
വിവിധയിനം ബാക്ടീരിയങ്ങൾ, ബാക്ടീരിയേതര രോഗാണുക്കൾ എന്നിവയ്ക്കെതിരെ പ്രവർത്തനക്ഷമതയുള്ള ഒരു ബ്രോഡ് സ്പക്ട്രം ആന്റിബയോട്ടിക്. ടെട്രാസൈക്ളിനുകൾ എന്ന് പൊതുവേ അറിയപ്പെടുന്ന ആന്റിബയോട്ടിക്കുകളിൽ, ഘടനാപരമായും രാസികമായും സമാനത പുലർത്തുന്ന ആറ് അംഗങ്ങളാണുള്ളത്. അതിലെ ഒരു അംഗമാണ് ടെട്രാസൈക്ളിൻ. ക്ളോറോടെട്രാസൈക്ളിൻ അഥവാ ഓറിയോമൈസിൻ (Aureomycin), ഓക്സിടെട്രാ സൈക്ലീൻ അഥവാ ടെറാമൈസിൻ (Terramycin) എന്നിവയാണ് മറ്റു പ്രധാന അംഗങ്ങൾ. ചില വൈറസുകൾക്കും പൂപ്പലുകൾക്കുമെതിരേ പ്രവർത്തനക്ഷമമല്ലെങ്കിലും വളരെ കുറച്ച് വിഷാംശം മാത്രമുള്ള പ്രതിബാക്ടീരിയം എന്ന നിലയ്ക്ക് ടെട്രാസൈക്ലിൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. റിക്കറ്റ്സിയ, അമീബാ, മൈക്കോപ്ലാസ്മ എന്നീ ബാക്ടീരിയേതര സൂക്ഷ്മാണുക്കളെയും ട്രക്കോമ, ഗുഹ്യരോഗങ്ങളായ ഗൊണേറിയ, സിഫിലിസ്, പ്രാവുകളെ ബാധിക്കുന്ന സിറ്റാകോസിസ് (Psitacosiss) എന്നീ രോഗങ്ങൾക്കു കാരണമായ സൂക്ഷ്മാണുക്കളേയും നശിപ്പിക്കാൻ ടെട്രാസൈക്ളിൻ ഉപയോഗിക്കുന്നു.[1] ഗുളിക രൂപത്തിലാണ് ടെട്രാസൈക്ലിൻ സാധാരണയായി നൽകിവരാറുള്ളത്. ജഠരാന്ത്രപഥത്തിൽ നിന്നാണ് ടെട്രാസൈക്ലിൻ ആഗിരണം ചെയ്യപ്പെടുന്നത്. പാലിന്റെയും അന്റാസിഡുകളുടെയും ഉപയോഗം ടെട്രാസൈക്ലിൻ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ടെട്രാസൈക്ലിൻ ഞരമ്പുകളിലേക്കും പേശികളിലേക്കും നേരിട്ടും കുത്തിവയ്ക്കാറുണ്ട്. ഇത്തരം കുത്തിവയ്പുകൾ വളരെ വേദനാജനകമാണ്. രക്തത്തിൽ നിന്ന് ടെട്രാസൈക്ലിൻ പൂർണമായി കരളിലേക്ക് വലിച്ചെടുത്ത് സാന്ദ്രീകരിച്ച് പിത്തരസത്തിലൂടെ കുടലിൽ എത്തുന്നു. അവിടെനിന്ന് രക്തത്തിലേക്ക് വീണ്ടും ആഗിരണം ചെയ്യപ്പെടുകയും, 20-25 ശ.മാ. മൂത്രത്തിലൂടെ വിസർജിക്കപ്പെടുകയും ചെയ്യുന്നു. ടെട്രാസൈക്ലിൻ അലർജി മൂലം തൊലി ചൊറിഞ്ഞു പൊട്ടുക, നാക്കിൽ കറുത്തതോ തവിട്ടു നിറത്തിലുള്ളതോ ആയ പാടയുണ്ടാവുക, ഗുദ ഭാഗത്ത് ചൊറിച്ചിൽ (pruritus ani), യോനിനാളത്തിലെ ശ്ലേഷ്മാവരണത്തിന് വീക്കം (vaginites), പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, കരളിന് ക്ഷതം എന്നിവയുണ്ടാകാം. ഗർഭിണികളായ രോഗികൾ ടെട്രാസൈക്ലിൻ ഉപയോഗിച്ചാൽ മരണംവരെ സംഭവിച്ചേക്കാം. വൃക്കകൾക്ക് തകരാറുള്ള രോഗികൾക്ക് ടെട്രാസൈക്ലിൻ നൽകുന്നത് ആപൽക്കരമാണ്. ടെട്രാസൈക്ലിൻ ചികിത്സ സ്വീകരിച്ച ഗർഭിണികൾക്കുണ്ടാവുന്ന കുട്ടികളുടെ പല്ലിന് നിറവ്യത്യാസമുണ്ടാകാനിടയുണ്ട്. നോ: ആന്റി ബയോട്ടിക്കുകൾ അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia