തിരുവണ്ണാമലൈ
തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയുടെ ആസ്ഥാനമാണ് തിരുവണ്ണാമലൈ (തമിഴ്:திருவண்ணாமலை). തമിഴ്നാട്ടിലെ ഒരു പ്രധാന തീർഥാടന-വാണിജ്യ-വിനോദസഞ്ചാര കേന്ദ്രവും മുഖ്യ കാർഷികോത്പാദന കേന്ദ്രവും ആണ് ഈ പട്ടണം. ഒരു റോഡ്-റെയിൽ ഗതാഗത കേന്ദ്രമെന്ന നിലയിലും ഈ പട്ടണം ശ്രദ്ധേയമാണ്. നെല്ലും നിലക്കടലയുമാണ് ഇവിടത്തെ മുഖ്യ കാർഷികോത്പ്പന്നങ്ങൾ. കൃഷിക്കു പുറമേ കോഴി-കന്നുകാലി വളർത്തലും വ്യാപകമായിട്ടുണ്ട്. തിരുവണ്ണാമലൈ പട്ടണത്തിലെ പ്രസിദ്ധമായ അരുണാചലേശ്വർ ക്ഷേത്രത്തിൽ വർഷംതോറും അരങ്ങേറാറുള്ള കാർത്തികോത്സവം പതിനായിരങ്ങളെ ആകർഷിക്കുന്നു. മലനിരകളും സമതലങ്ങളും സമന്വയിക്കുന്ന ഭൂപ്രകൃതിയാണ് തിരുവണ്ണാമലൈ ജില്ലയുടേത്. തിരുവണ്ണാമലൈ എന്ന നാമം തന്നെ ഈ ഭൂപ്രദേശത്തിൽ മലനിരകൾക്കുള്ള സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. മലനിരകളിൽ ജാവാദിക്കുന്നുകൾക്കാണ് പ്രഥമസ്ഥാനം. ജില്ലയുടെ കി.ഭാഗത്തെ വളക്കൂറുള്ള സമതലപ്രദേശം ഒരു കാർഷിക ഗ്രാമമായി വികസിച്ചിരിക്കുന്നു. ചെയ്യാർ, സൌത് പെന്നാർ, പാലാർ എന്നിവയാണ് ജില്ലയിലെ മുഖ്യ നദികൾ. മലമ്പ്രദേശങ്ങളിൽ തേക്ക്, വെൺതേക്ക്, കാറ്റാടി, മുള തുടങ്ങിയ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു. തിരുവണ്ണാമലൈ ജില്ലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവന മാർഗ്ഗം കൃഷിയാണ്; മുഖ്യ വിള നെല്ലും. നാണ്യവിളകളിൽ നിലക്കടലയ്ക്കാണ് പ്രഥമസ്ഥാനം. കന്നുകാലി വളർത്തലിനും ഇവിടെ അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്. വ്യാവസായികമായി പിന്നോക്കം നില്ക്കുന്ന ഈ ജില്ലയിൽ നെയ്ത്ത് മുഖ്യ കുടിൽ വ്യവസായമായി വികസിച്ചിരിക്കുന്നു. ജില്ലയിൽ ഉത്പാദിപ്പിക്കുന്ന നെല്ല്, നിലക്കടല, പട്ടു സാരികൾ തുടങ്ങിയവയ്ക്ക് ജില്ലയ്ക്കകത്തും പുറത്തും ഗണ്യമായ വാണിജ്യ പ്രാധാന്യമുണ്ട്. തമിഴാണ് ജില്ലയിലെ മുഖ്യ വ്യവഹാര ഭാഷ. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾ ഇടകലർന്നു വസിക്കുന്ന ഈ ജില്ലയിൽ വിവിധമതസ്ഥരുടേതായ നിരവധി ആരാധനാ കേന്ദ്രങ്ങളും ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. തിരുവണ്ണാമലൈ ജില്ലയിൽ പ്രസിദ്ധമായ ഒരു ശിവക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. തേജോലിംഗരൂപത്തിലുള്ള ഇവിടത്തെ പ്രതിഷ്ഠാ മൂർത്തി അരുണാചലേശ്വരൻ എന്ന പേരിൽ പ്രസിദ്ധമാണ്. പരമശിവന്റെ വാമഭാഗം അലങ്കരിക്കുന്നതിനുവേണ്ടി ശ്രീ പാർവതി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് ഐതിഹ്യം. 'മുലപ്പാൽ തീർഥം' എന്ന പേരിൽ അറിയപ്പെടുന്ന ഒരു കുളം ഈ ക്ഷേത്രത്തിലുണ്ട്. തിരുവണ്ണാമല ക്ഷേത്രത്തിന്റെ ശില്പഭംഗി അദ്വിതീയമാണ്. ക്ഷേത്രഗോപുരത്തിന് പതിനൊന്ന് നിലകളുണ്ട്. ക്ഷേത്രമതിലകത്തിന്റെ വിസ്തൃതി പത്ത് ഹെക്ടറോളം വരും. രമണമഹർഷിയുടെ ആസ്ഥാനം തിരുവണ്ണാമലയായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia