തെറ്റിക്കൊക്ക്
![]() നീർപ്പക്ഷികളിൽ വ്യാപകമായി കണ്ടുവരാറുള്ള ഒരു പക്ഷിയാണ് തെറ്റിക്കൊക്കൻ (Whimbrel). കരാഡ്രിഫോമിസ് (Charadriiformes)) പക്ഷികുടുംബത്തിലെ സ്ക്കോളോപാസിനെ (Scolopacinae) ഉപകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം: ന്യുമെനിയസ് ഫിയോപ്പസ്(Numenius phaeopus). ഒരു നാടൻ കോഴിയോളം വലിപ്പമുള്ള ഈ നീർപ്പക്ഷിയെ കേരളത്തിനു പുറമേ ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ്, മാലിദ്വീപ്, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ തീരദേശത്തും കായലോരങ്ങളിലും അഴിമുഖങ്ങളിലെ ചെളിപ്പരപ്പിലുമെല്ലാം കണ്ടുവരുന്നു. ഒറ്റയായോ ചെറുകൂട്ടങ്ങളായോ ആണ് ഇവ സഞ്ചരിക്കുന്നത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് തെറ്റിക്കൊക്കുകളെ കേരളത്തിൽ ധാരാളമായി കണ്ടുവരുന്നത്. രൂപവിവരണംതെറ്റിക്കൊക്കുകൾക്ക് 37 മുതൽ 47 സെന്റിമീറ്റർ വരെ നീളവും 75 മുതൽ 90 സെന്റിമീറ്റർ വരെ ചിറകളവും 270 മുതൽ 495 ഗ്രാം വരെ തൂക്കവും ഉണ്ട്. ശരീരത്തിന്റെ മേൽഭാഗത്തിന് കടുംതവിട്ടും അടിവശത്തിന് നേർത്ത തവിട്ടും നിറമാണ്. ഇവയുടെ ശരീരത്തിൽ വലിപ്പം കൂടിയ നിരവധി കറുത്ത പൊട്ടുകളുണ്ടായിരിക്കും. കണ്ണിനു മുകളിലെ വീതികൂടിയ പുരികവും നെറ്റിയിൽ തെളിഞ്ഞു കാണുന്ന മൂന്ന് പട്ടകളും നീളം കൂടി താഴോട്ടു വളഞ്ഞ കൊക്കും തെറ്റിക്കൊക്കുകളുടെ സവിശേഷതയാണ്. നെറ്റിയിലുള്ള പട്ടകളിൽ നടുവിലുള്ളതിന് ഇളം തവിട്ടും ഇരുവശങ്ങളിലുമുള്ളതിന് കറുപ്പും നിറമാണ്. കാലുകൾ നീളം കൂടിയവയാണ്. തെറ്റിക്കൊക്കുകൾ പറക്കുമ്പോൾ ശ്രോണിയിലെ വെളുത്ത ത്രികോണം വളരെ വ്യക്തമായി കാണാൻ കഴിയും. ആൺ-പെൺ പക്ഷികൾ കാഴ്ചയിൽ ഒരേപോലെയിരിക്കും. തെറ്റിക്കൊക്കിന്റെ ശബ്ദത്തിന് കുതിരയുടെ ശബ്ദത്തോടു സാദൃശ്യമുണ്ട്. തീരദേശത്തെ ഞണ്ടുകളും കക്കകളും മറ്റു ചെറു പ്രാണികളുമാണ് ഇവയുടെ ഇഷ്ട ഭക്ഷണം. പ്രജനനംമണ്ണിൽ തീർക്കുന്ന കുഴികളിൽ ഇലകൾ നിരത്തിയുണ്ടാക്കുന്ന കൂട്ടിലാണ് ഇവ മുട്ടയിടുക. ഒരു പ്രജനനകാലത്ത് 3 മുതൽ 5 മുട്ടകൾ വരെയാണ് ഇടുക. മുട്ടകൾക്ക് നീലയും പച്ചയും കലർന്നതോ സ്വർണ്ണ നിറമോ ഉള്ളതും കടുത്ത തവിട്ടു പുള്ളിക്കുത്തുകൾ ഉള്ളതും ആയിരിക്കും. 22 മുതൽ 28 ദിവസം വരെയുള്ള അടയിരിക്കൽ കാലത്ത് ആൺ പക്ഷിയും പെൺ പക്ഷിയും മാറി മാറി അടയിരിക്കും. മുട്ട വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങൾ അധികം താമസിയാതെ തന്നെ ഇരതേടാൻ തുടങ്ങും. മുതിർന്ന പക്ഷികളുടെ നിരീക്ഷണത്തിലാവും കുഞ്ഞുങ്ങളുടെ ഇര തേടൽ. സംരക്ഷണംആഫ്രിക്കൻ യൂറേഷ്യൻ ദേശാടന നീർപ്പക്ഷി സംരക്ഷണ കരാർ പ്രകാരം സംരക്ഷിച്ചിട്ടുള്ള പക്ഷിയാണ് തെറ്റിക്കൊക്കൻ. ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾNumenius phaeopus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Numenius phaeopus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia