തൊൽകാപ്പിയം
സംഘംകൃതികളിൽ പ്രധാനമർഹിക്കുന്നതും തമിഴ്ഭാഷയിലെ ഏറ്റവും പഴയ വ്യാകരണഗ്രന്ഥവുമാണ് തൊൽകാപ്പിയം. തോൽക്കാപ്പിയം എന്നത് തൊല്ല്, കാപ്പിയം എന്നീ രണ്ട് വാക്കുകൾ കൂടി ചേർന്നുണ്ടായതാണ്. തൊൽ എന്നാൽ തല അഥവാ തുടക്കം, ആരംഭം, ആമുഖം അല്ലെങ്കിൽ തോല് എന്നും കാപ്പിയം എന്നാൽ കാവ്യം എന്നുമാണ് ഉദ്ദേശിക്കുന്നത്. തൊൽക്കാപ്പിയം എന്നതുകൊണ്ട് തലക്കാവ്യം (മുതൽ കാവ്യം) അഥവാ തുടക്കക്കാവ്യം, ആരംഭക്കാവ്യം ആമുഖക്കാവ്യം എന്നാണ് അർത്ഥം കൊള്ളുന്നത്.[1] എന്നാൽ മലയാളം വ്യവകരണം അടിസ്ഥാനമാക്കി നോക്കിയാൽ കുറച്ച് അല്ലെങ്കിൽ അൽപ്പം എന്ന് അർത്ഥം വരുന്ന തെല്ല് എന്ന വാക്കിന്റ എതിർ വാക്കായ തൊല്ല് എന്ന വാക്ക് പ്രകാരം വലുത്, നീളം ഉള്ളത്, ഒരുപാട് ഉള്ളത് എന്ന അർത്ഥം അതിനുണ്ട്. തൊല്ല് എന്ന വാക്ക് ഇപ്പോൾ അന്യം നിന്ന് പോയെങ്കിലും അതിൽ നിന്നും പരിവശമായ തോനെ എന്ന് വാക്ക് ഇന്നും ഉപയോഗിച്ച് വരുന്നു. തൊല്ല് + കാപ്പിയം എന്നത് തൊൽകാപ്പിയം എന്ന് മലയാളം പ്രകാരം പറഞ്ഞാൽ വലിയ കാവ്യം അല്ലെങ്കിൽ മഹാ കാവ്യം എന്നാണ് അർത്ഥം.
സുപ്രസിദ്ധമായ ഈ വ്യാകരണഗ്രന്ഥത്തിൽ എഴുത്തതികാരം, ചൊല്ലതികാരം, പൊരുളതികാരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി 1603 സൂത്രങ്ങൾ അടങ്ങിയിരിക്കുന്നു. എഴുത്തതികാരത്തിൽ അക്ഷരങ്ങളെപ്പറ്റിയും ചൊല്ലതികാരത്തിൽ പദങ്ങളെപ്പറ്റിയും പൊരുളതികാരത്തിൽ കവിതാവിഷയങ്ങൾ, വൃത്തങ്ങൾ, രസാലങ്കാരങ്ങൾ മുതലായവയെപ്പറ്റിയുമാണ് പ്രതിപാദിക്കുന്നത്. തൊൽക്കാപ്പിയം- മലനാടിന്റെ വ്യാകരണം- തമിഴ് ഭാഷയുടെ ഏറ്റവും പഴയ വ്യാകരണഗ്രന്ധമായാണ് തൊൽക്കാപ്പിയം അറിയപ്പെടുന്നത്.[3] എന്നാൽ മലനാടിന്റെ പൊതുഭാഷാവ്യാകരണ ഗ്രന്ഥമായി വേണം തൊൽക്കാപ്പിയത്തെ പരിചയപ്പെടേണ്ടത്. വടക്കു തിരുപ്പതിക്കും തെക്ക് കുമാരിക്കും (കന്യാകുമാരി) ഇടയ്ക്കുള്ള ദേശത്തെ സംസാര-സാഹിത്യ ഭാഷയെ സംബന്ധിച്ച ഗ്രന്ഥമാണിതെന്ന് തൊൽക്കാപ്പിയത്തിന്റെ അവതാരികാകാരനായ പരമ്പാരനാർ സാക്ഷ്യപ്പെടുത്തുന്നു. ഇന്നത്തെ മലയാളത്തിന്റെ വ്യാകരണത്തൊടിണങ്ങുന്ന നിയമങ്ങളും വ്യാഖ്യാനങ്ങളും ഈ ഗ്രന്ഥത്തിൽ പരക്കെ കണ്ടെത്താവുന്നതാണ്. ഭാഷ പഴയ തമിഴ് ആയതുകൊണ്ടും മലനാട്ടുഭാഷയുടെ യഥാർഥപാരമ്പ്യരം നിലനിർത്തുന്നതിലും പുതുതലമുറക്ക് പകർന്നു നൽകുന്നതിലും നമ്മുടെ പൂർവ്വികരായ ഭാഷാപണ്ഡിതർ കാട്ടിയ അലംഭാവത്തിനാലും ഈ ഗ്രന്ഥത്തിന്റെ പൈതൃകം നമുക്കു നഷ്ടപ്പെട്ടു. ക്രിസ്തുവിനുമുൻപ് (ബി.സി.) അഞ്ചാം നൂറ്റാണ്ടിലോ ഏഴാംനൂറ്റാണ്ടിലോ (കാലം ക്യത്യമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല) ജീവിച്ചിരുന്ന തൊൽക്കാപ്പിയർ എന്നപുലവൻ (മഹാപണ്ഡിതൻ) ആണ് ഗ്രന്ഥകർത്താവ്. തൊൽക്കാപ്പിയർ എന്ന പേരിലും പൂർണ്ണ വിശ്വാസം കൈവന്നിട്ടില്ല. തൊൽ എന്നതിന് പഴയത് എന്നാണർത്ഥം. കാപ്പിയക്കുടി ഒരു കുലനാമമാണ്. പഴയകാപ്പിയക്കുടിയിൽ ജനിച്ചയാൾ എന്ന നിലയ്ക്കാണ് തൊൽക്കാപ്പിയർ എന്ന പേർ ലഭിച്ചത്1. എഴുത്തതികാരം, ചൊല്ലതികാരം, പൊരുളതികാരം എന്നിങ്ങനെ മൂന്നുഭാഗങ്ങളായിട്ടണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. ആകെ 1603 സൂത്രങ്ങളുണ്ട്. അക്ഷരങ്ങളെ സംബന്ധിച്ച വിവരണമാണ് എഴുത്തതികാരത്തിലുള്ളത്. അക്ഷരങ്ങളുടെ സാമാന്യ ലക്ഷണം, പദങ്ങളിൽ അക്ഷരങ്ങളുടെ വിന്യാസ സവിശേഷതകൾ, അക്ഷരങ്ങളുടെ ഉല്പത്തി, സന്ധിയുടെ ലക്ഷണം, സന്ധിനിയമങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഈഭാഗത്ത് ചർച്ചചെയ്യുന്നു. വാക്യങ്ങളെയും പദങ്ങളെയും സംബന്ധിച്ച പഠനമാണ് ചൊല്ലതികാരം. വാക്യങ്ങളുടെ തെറ്റ് തിരുത്തി പ്രയോഗയോഗ്യമാക്കുന്നതെങ്ങനെയെന്ന ചർച്ചയാണ് ആദ്യഭാഗം. വിഭക്തി, നാമം, ക്രിയ, ദ്യോതകം, ഭേദകം തുടങ്ങിയവ തുടർന്ന് പ്രതിപാദിക്കുന്നു. പൊരുളതികാരം കാവ്യവിഷയമാണ്. രസം, അലങ്കാരം, വൃത്തം എന്നിവ സംബന്ധിച്ച വിശദവിവരണം ഇതിൽ കാണാം. മലയാളത്തിൽ പിന്നീടുണ്ടായ വ്യാകരണഗ്രന്ഥങ്ങൾ തീർച്ചയായും തൊൽക്കാപ്പിയത്തെ അനുകരിക്കുന്നതുകാണാം. എ.ആർ. രാജരാജവർമ്മയുടെ കേരളപാണിനീയം തൊൽക്കാപ്പിയത്തിലെ എഴുത്തതികാരം ചൊല്ലതികാരം എന്നീ ഭാഗങ്ങളെ അനുകരിച്ചുള്ളതാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഭാഷാഭൂഷണവും വൃത്തമഞ്ജരിയും പൊരുളതികാരത്തിൽനിന്നു വികസിപ്പിച്ചതാണെന്നും വിലയിരുത്താം. മലയാള ഭാഷാചരിത്രത്തിലേക്കു പുത്തൻ വെളിച്ചം വീശുന്ന ഈ ഗ്രന്ഥത്തിന്റെ പഠനവും ചർച്ചയും മലയാളത്തിൽ ഉണ്ടാകാതിരുന്നത് എന്തെന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഭാഷയുടെ ഈ രാഷ്ട്രീയ വിചാരം ഇനിയും അമാന്തിച്ചുകൂട. [4] അവലംബം |
Portal di Ensiklopedia Dunia