ദേവസഹായം പിള്ള
പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ക്രിസ്തുവിൽ വിശ്വസിച്ച്, ക്രിസ്തുമതം| സ്വീകരിച്ച വ്യക്തിയാണ് വിശുദ്ധ ദേവസഹായം പിള്ള[2]. കത്തോലിക്കാ സഭ ഇദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് ഉയർത്താനുള്ള നടപടിക്രമങ്ങൾ 2012-ൽ ആരംഭിച്ചു. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. ജ്ഞാനസ്നാനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു[3]. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള യേശു ക്രിസ്തുവിനെ കുറിച്ച് അറിഞ്ഞത്. തുടർന്ന്, തെക്കൻ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു. തുടർന്ന് നാലു കൊല്ലം ജയിലിൽ കിടക്കേണ്ടി വന്ന ദേവസഹായം പിള്ള 1752-ൽ രാജകല്പനപ്രകാരം വധിക്കപ്പെട്ടു[4]. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങളെ സംബന്ധിച്ച നിവേദനവുമായി റോം സന്ദർശിച്ച താനും കരിയാറ്റിൽ മല്പാനും, ദേവസഹായം പിള്ളയെ വിശുദ്ധനായി നാമകരണം ചെയ്യണമെന്ന്, നാമകരണത്തിന്റെ ചുമതലക്കാരനായ മാറെപോഷ്കി എന്ന കർദ്ദിനാളിന് അപേക്ഷിച്ചതായി 1785-ൽ എഴുതിയ വർത്തമാനപ്പുസ്തകം എന്ന പ്രഖ്യാത യാത്രാവിവരണഗ്രന്ഥത്തിൽ പാറേമ്മാക്കൽ തോമ്മാക്കത്തനാർ രേഖപ്പെടുത്തിയിട്ടുണ്ട്.[5] [ക] 2004-ൽ, ഭാരതത്തിലെ മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു.[6] ഇദ്ദേഹത്തിന് രക്തസാക്ഷി പദവി കല്പിക്കുന്നതിനെ ചിലർ വിമർശിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിൽ മതപരമായ പീഡനം നിലനിന്നിരുന്നുവെന്നതിന് യാതൊരു സൂചനയും ഇല്ലെന്നും ദേവസഹായം പിള്ളയുടെ വധശിക്ഷ രാജദ്രോഹക്കുറ്റത്തിന്റെ പേരിലായിരുന്നെന്നുമാണ് ഈ വിമർശകരുടെ വാദം.[7] ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചു[8]. 2012 ഡിസംബർ 2-ന് കത്തോലിക്കസഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.[9]2022 മെയ് പതിനഞ്ചിന് കത്തോലിക്കസഭ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു കുറിപ്പുകൾക.^ "ഞങ്ങൾ റോമിൽ പാർത്ത കാലത്ത് കിട്ടിയ ഇടവേളകളിൽ നമ്മുടെ ദേവസഹായം പിള്ളയെ വിശുദ്ധപദവിയിൽ പ്രതിഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു നിവേദനം മല്പാൻ ലത്തീനിൽ എഴുതിയുണ്ടാക്കി കർദ്ദിനാളിനോടുള്ള ഒരു പ്രത്യേക അപേക്ഷയോടുകൂടി അദ്ദേഹത്തിന്റെ കയ്യിൽ കൊടുക്കുകയുണ്ടായി. അതീവദരിദ്രമായ മലങ്കരസമുദായത്തിന് പണം മുടക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ട് ഈ രക്തസാക്ഷിയുടെ കേസ് വിസ്തരിച്ച് വിധിപറയുന്നതിൽ ഉപേക്ഷ കാണിക്കരുതേ എന്ന് കർദ്ദിനാളിനുള്ള കത്തിൽ എടുത്തു പറഞ്ഞിരുന്നു."[5] അവലംബം
ആധാരംDevasahayam Pillai എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia