നന്ദാദേവി
തെക്കു കിഴക്കൻ ഹിമാലയത്തിലെ കുമായൂൺ നിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു കൊടുമുടിയാണ് നന്ദാദേവി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 23-ാമത്തെ കൊടുമുടിയായ നന്ദാദേവിക്ക് ഏതാണ്ട് 7817 മീ. ഉയരമുണ്ട്. നങ്ഗപർവതത്തിനും നംചബറുവയ്ക്കും മധ്യേയായി സ്ഥിതി ചെയ്യുന്ന ഈ പർവത ശൃങ്ഗം ഉത്തർഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഇന്ത്യ-നേപ്പാൾ, അതിർത്തിയിലുള്ള കാഞ്ചൻജങ്ഗ കഴിഞ്ഞാൽ രണ്ടാം സ്ഥാനം നന്ദാദേവിക്കാണ്. പൂർണമായും ഇന്ത്യയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമേറിയ കൊടുമുടി എന്ന നിലയിലും ശ്രദ്ധേയമാണ് നന്ദാദേവി. 'സായൂജ്യം പ്രദാനം ചെയ്യുന്ന ദേവത' എന്നർഥം വരുന്ന നന്ദാദേവിയെ ഉത്തർഖണ്ഡ് ഹിമാലയനിരകളുടെ 'പരിത്രാണകദേവത'യായും വിശേഷിപ്പിക്കാറുണ്ട്. നന്ദാദേവി, നന്ദാദേവി ഈസ്റ്റ് എന്നീ രണ്ടു ഗിരിശൃങ്ഗങ്ങളാണ് നന്ദാദേവിയിലുൾപ്പെടുന്നത്. ഇതിൽ നന്ദാദേവി എന്നു പേരുള്ള പടിഞ്ഞാറൻ ശൃങ്ഗത്തിനാണ് ഉയരം കൂടുതൽ. നിരവധി ഹിമാവൃത കൊടുമുടികളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന നന്ദാദേവി പർവതമേഖലയെ 1982-ൽ ഇന്ത്യാഗവൺമെന്റ് നന്ദാദേവി ജൈവമണ്ഡലമായി പ്രഖ്യാപിച്ചു. 1988-ൽ യുനെസ്കൊയുടെ ലോക പൈതൃക പട്ടികയിലും നന്ദാദേവി സ്ഥാനം നേടിയിട്ടുണ്ട്. ചുറ്റുമുള്ള നന്ദാദേവി നാഷണൽ പാർക്ക് 1988-ൽ യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു. കിഴുക്കാംതൂക്കായ പാർശ്വഭാഗങ്ങളും അഗാധ താഴ്വരകളും നന്ദാദേവിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാകുന്നു. ഈ പ്രത്യേകത ലോകകൊടുമുടികളിൽ ഏറ്റവും ദുഷ്കരമായ കൊടുമുടി എന്ന വിശേഷണം നന്ദാദേവിക്ക് ചാർത്തിക്കൊടുക്കുന്നു. നന്ദാദേവി കൊടുമുടിയുടെ വ. ഭാഗത്താണ് ഉത്തരി നന്ദാദേവി എന്ന ഹിമാനി സ്ഥിതിചെയ്യുന്നത്; തെ.പ. ഖദിനി നന്ദാദേവി, കി. ഭാഗത്ത് പച്ചു, തെ. ഭാഗത്ത് പിന്താരി, തെ. കിഴക്ക് നന്ദഘുണ്ടി, ലഖാൻ എന്നീ ഹിമാനികളും സ്ഥിതിചെയ്യുന്നു. അൻപതോളം വർഷങ്ങൾ നീണ്ടുനിന്ന സാഹസിക ശ്രമങ്ങൾക്കൊടുവിലാണ് പർവതാരോഹക സംഘങ്ങൾക്ക് നന്ദാദേവി കീഴടക്കാൻ കഴിഞ്ഞത്. 1930-ൽ ഹ്യൂഗ് റട്ട്ലെഡ്ജിന്റെ (Hugh Ruttledge) നേതൃത്വത്തിൽ നടന്ന പർവതാരോഹണ ശ്രമവും വിഫലമായതിനെത്തുടർന്ന് 1934-ൽ എറിക് ഷിപ്ടൺ (Eric Shipton), എച്ച്.ഡബ്ല്യു. റ്റിൽമാൻ (H.W.Tilman) എന്നീ ബ്രിട്ടീഷ് പര്യവേക്ഷകരുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ ഋഷി ഗിരി കന്ദരത്തിലൂടെ ഒരു മലമ്പാത കണ്ടെത്തുന്നതിൽ വിജയിച്ചു. 1936-ൽ റ്റിൽമാന്റെയും നോയൽ ഓഡെല്ലി(Noel Odell)ന്റെയും നേതൃത്വത്തിലുള്ള ബ്രിട്ടീഷ്-അമേരിക്കൻ പര്യവേക്ഷക സംഘം നന്ദാദേവി കീഴടക്കി. 1957-ലും 1961-ലും നടന്ന ഇന്ത്യൻ പര്യവേക്ഷകശ്രമങ്ങൾ വിഫലമായെങ്കിലും 1964-ൽ എൽ. കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിജയം കണ്ടെത്തി. 1939-ൽ ആദം കാർപിൻസ്കി(Adam Karpinski)യുടെ നേതൃത്വത്തിലുള്ള പോളിഷ് പര്യവേക്ഷക സംഘമാണ് നന്ദാദേവി ഈസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത്. 1976-ൽ 21 അംഗങ്ങളടങ്ങുന്ന ഇന്തോ-ജാപ്പനീസ് പര്യവേക്ഷക സംഘത്തിന് നന്ദാദേവിയും ഈസ്റ്റ് നന്ദാദേവിയും ഒരേ ഉദ്യമത്തിൽ കീഴടക്കാനായി. 1977-ൽ ഈ മേഖലിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 1983 മുതൽ ഈ ഗിരി സങ്കേതത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അവലംബം
|
Portal di Ensiklopedia Dunia