പുരന്ദരദാസൻ
കർണ്ണാടക സംഗീതത്തിന്റെ പിതാവും പ്രശസ്തനായ ഒരു സംഗീതജ്ഞനുമായിരുന്നു പുരന്ദരദാസൻ (1470 – 1564) (Kannada: ಪುರಂದರ ದಾಸ)[1] . കർണ്ണാടക സംഗീതത്തിനു നൽകിയ പുതുമയാർന്ന സംഭാവനകളെ മാനിച്ച് അദ്ദേഹത്തെ കർണ്ണാടക സംഗീതത്തിന്റെ പിതാവ് ആയി ആദരിക്കുന്നു.[2][3] പുരന്ദരദാസൻ ദാസസാഹിത്യത്തിന് മികവുറ്റ സംഭാവനകൾ നൽകിയവരിൽ പ്രമുഖനാണ്. ജീവിതരേഖ![]() കർണ്ണാടകത്തിലെ ഇന്നത്തെ ശിവമൊഗ്ഗ ജില്ലയിലെ തീർത്ഥഹള്ളിയ്ക്കടുത്തുള്ള ക്ഷേമാപുര എന്ന സ്ഥലത്ത് ജനിച്ചു. ജീവിതകാലം 1470 മുതൽ 1564 വരെ ആണെന്ന് കരുതുന്നു. ശരിയായ പേര് ശ്രീനിവാസനായക് എന്നായിരുന്നു. വിഷ്ണുഭക്തനായിരുന്ന ഇദ്ദേഹത്തിന്റെ കൃതികളിൽ പുരന്ദര വിഠല എന്ന മുദ്ര കാണാം. ഇദ്ദേഹത്തിന്റെ കൃതികൾ മിക്കവയും കന്നഡ ഭാഷയിലാണ് രചിച്ചിരിക്കുന്നത്. ചിലതുമാത്രം സംസ്കൃതത്തിലും. ഇദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകളെ പരിഗണിച്ച് കർണ്ണാടകസംഗീതത്തിന്റെ പിതാമഹൻ എന്നാണ് വിശേഷിപ്പിക്കുന്നത്. വരദപ്പനായകൻ എന്ന ധനികനായ വ്യാപാരിയുടെ ഏകപുത്രനായിട്ടാണ് ഇദ്ദേഹം ജനിച്ചത്. ബാല്യകാലത്ത് ലഭിച്ച വിദ്യാഭ്യാസം ഇദ്ദേഹത്തെ കന്നഡഭാഷയിലും സംസ്കൃതത്തിലും പാരമ്പര്യവ്യാപാരത്തിലും നിപുണനാക്കി. 16-മത്തെ വയസ്സിൽ വിവാഹിതനായി. പാരമ്പര്യതൊഴിൽ ഏറ്റെടുത്ത ഇദ്ദേഹത്തിന് 'നവകോടി നാരായണൻ' എന്ന സ്ഥാനപ്പേര് ലഭിച്ചു. സംഗീതത്തിനോടുള്ള അഭിനിവേശം മൂലം കുലത്തൊഴിൽ ഉപേക്ഷിച്ച് സംഗീതത്തിൽ മുഴുകാൻ നിശ്ചയിച്ചു. ധനികനായ വ്യാപാരിയായിരുന്ന ഇദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം ഇപ്രകാരമാണ്. ഒരിക്കൽ ഒരു ബ്രാഹ്മണൻ തന്റെ പുത്രന്റെ ഉപനയനം കഴിക്കാനുള്ള ധനസഹായാർത്ഥം ഇദ്ദേഹത്തിന്റെ പത്നിയായ സരസ്വതീഭായിയെ സമീപിച്ചു. തന്റെ മോതിരം ദാനംചെയ്ത അവർ പതിയെ ഭയന്ന് പ്രാർത്ഥിയ്ക്കുകയും അത്തരത്തിലുള്ള ഒരു മോതിരം ഇവർക്ക് നൽകപ്പെട്ടു എന്നും ഒരു ഐതിഹ്യമുണ്ട്. ഇവരുടെ ജീവിതത്തിന്റെ ധന്യത മനസ്സിലായ ശ്രീനിവാസനായകൻ തന്റെ സമ്പാദ്യം മുഴുവൻ ദാനംചെയ്തു. ഈ സംഭവത്തിനുശേഷം രചിച്ച ആദ്യ കൃതി ശുദ്ധസാവേരി രാഗത്തിൽ ത്രിപുട താളത്തിലായിരുന്നു. ജീവിതസായാഹ്നം ഹംപിയിലായിരുന്നു. ഇദ്ദേഹം ഇരുന്നിരുന്ന മണ്ഡപം ഇപ്പോൾ പുരന്ദരദാസമണ്ഡപം എന്നാണ് അറിയപ്പെടുന്നത്. ജീവിതാവസാനത്തോടെ സന്യാസം സ്വീകരിച്ച ഇദ്ദേഹം തന്റെ എൺപതാമത്തെ വയസ്സിലാണ് ഇഹലോകവാസം വെടിഞ്ഞത്. സംഭാവനകൾ![]() സംഗീതലോകത്തിന് അനന്തമായ സംഭാവനകൾ നൽകിയ ഇദ്ദേഹത്തിന്റെ കാലത്താണ് ദക്ഷിണേന്ത്യൻസംഗീതം പ്രത്യേക ശാഖയായി വികസിച്ചത്. സംഗീതത്തിന് സുനിശ്ചിതമായ പഠനക്രമം- സ്വരാവലി, ലക്ഷണഗീതം, അലങ്കാരം, പ്രബന്ധം എന്നീപ്രകാരം നൽകപ്പെട്ടു. മായാമാളവഗൗള രാഗത്തിന്റെ സ്വരസ്ഥാനങ്ങൾക്കനുസരിച്ചു ആദ്യപാഠങ്ങൾ ക്രമീകരിച്ചു. ആകെ 80 രാഗങ്ങൾ ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. രാഗമാലികയായും ഇദ്ദേഹത്തിന്റെ കൃതികൾ പാടിവരാറുണ്ട്. നാലേമുക്കാൽ ലക്ഷത്തോളം കൃതികൾ രചിച്ചതായി കരുതുന്ന, ഇദ്ദേഹത്തിന്റെ ആയിരത്തോളമെണ്ണമേ ലഭ്യമായിട്ടുള്ളൂ. അന്ന് പ്രശസ്തങ്ങളായിരുന്ന രാഗത്തിലും താളത്തിലുമൂന്നിയാണ് ഇദ്ദേഹം കൃതികൾ ചിട്ടപ്പെടുത്തിയിരുന്നത് എന്നതിനാൽതന്നെ അവയെല്ലാം സാധാരണജനങ്ങൾക്കും ആസ്വദിക്കാവുന്നതായിരുന്നു. ആത്മീയജീവിതത്തിന്റെ എല്ലാ മേഖലകളേയും സ്പർശിച്ചിരുന്നവയായിരുന്നു ഇദ്ദേഹത്തിന്റെ കൃതികൾ. പാഠക്രമങ്ങളനുസരിക്കുന്ന ആദ്യകൃതികൾ 'ശ്രീ ഗണനാഥാ സിന്ദൂരവർണ്ണാ', 'കുന്ദഗൗരഗൗരീവര' എന്നിവയാണ്. ഓരോ കൃതിയ്ക്കും നിശ്ചിതതാളക്രമങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും പല രാഗത്തിലും ഈ കൃതികളെല്ലാം പാടിവരുന്നുണ്ട്. അനേകം ചരണങ്ങളുള്ള 'സുളാദികൾ' എന്ന രീതിയിലും കൃതികൾ രചിച്ചിട്ടുണ്ട്. ഇദ്ദേഹം നല്ലൊരു വാഗ്ഗേയകാരനായിരുന്നു. അതായത് സംഗീതശാസ്ത്രജ്ഞാനം, പൂർവികരുടെ സൃഷ്ടികളിലുള്ള ജ്ഞാനം, ഒരേ രാഗത്തിൽ തന്നെ വിവിധ ഭാവങ്ങളിൽ കൃതികൾ ചിട്ടപ്പെടുത്താനുള്ള കഴിവ് ഇവയെല്ലാം ഇദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. അവലംബങ്ങൾ
പുറം കണ്ണികൾPurandara Dasa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia