പോൾ എർലിഷ്
പോൾ എർലിഷ് ((German: [ˈpʰaʊ̯l ˈeːɐ̯lɪç] ( അദ്ദേഹത്തിന്റെ ലബോറട്ടറി സിഫിലിസിനുള്ള ആദ്യത്തെ ഫലപ്രദമായ ഔഷധ ചികിത്സയായ ആർസ്ഫെനാമൈൻ (സാൽവർസൺ) കണ്ടെത്തുകയും അതുവഴി കീമോതെറാപ്പി എന്ന ആശയം ഉടലെടുക്കുകയും പേരിടുകയും ചെയ്തു. ഒരു മാജിക് ബുള്ളറ്റ് എന്ന ശാസ്ത്രീയ ആശയം പോൾ എർലിഷ് ജനപ്രിയമാക്കി. ഡിഫ്തീരിയയെ പ്രതിരോധിക്കാനുള്ള ഒരു ആന്റിസെറം വികസിപ്പിക്കുന്നതിൽ അദ്ദേഹം നിർണ്ണായക സംഭാവന നൽകിയതു കൂടാതെ, തെറാപ്യൂട്ടിക് സെറങ്ങൾ മാനദണ്ഡമാക്കുന്നതിനുള്ള ഒരു മാർഗ്ഗവും അദ്ദേഹം ആവിഷ്കരിച്ചു.[1] രോഗപ്രതിരോധശാസ്ത്രത്തിന് നൽകിയ സംഭാവനകളുടെപേരിൽ 1908-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു.[2] ഒരു ജർമ്മൻ ഗവേഷണ സ്ഥാപനവും മെഡിക്കൽ റെഗുലേറ്ററി ബോഡിയുമായ, പോൾ എർലിഷ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ ഇന്നറിയപ്പെടുന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ആദ്യത്തെ ഡയറക്ടറുമായിരുന്നു അദ്ദേഹം. വാക്‌സിനുകൾക്കും ബയോമെഡിസിനുകൾക്കുമുള്ള രാജ്യത്തിന്റെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ടായി അത് പ്രവർത്തിക്കുന്നു. റിക്കെറ്റ്‌സിയൽസ് ബാക്ടീരിയയുടെ ഒരു ജനുസ്സായ എർലിഷിയക്ക് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം പേര് നൽകപ്പെട്ടു.[3] തൊഴിൽജീവിതംഇപ്പോൾ തെക്ക്-പടിഞ്ഞാറൻ പോളണ്ടിലുൾപ്പെട്ട പ്രഷ്യൻ പ്രവിശ്യയായിരുന്ന ലോവർ സൈലേഷ്യയിലെ സ്ട്രെഹ്ലെനിൽ 1854 മാർച്ച് 14-നാണ് പോൾ എർലിഷ് ജനിച്ചത്. റോസയുടെയും (വെയ്‌ഗെർട്ട്) പ്രാദേശിക ജൂത സമൂഹത്തിന്റെ നേതാവായിരുന്ന ഇസ്മാർ എർലിഷിന്റെയും രണ്ടാമത്തെ കുട്ടിയായിരുന്നു അദ്ദേഹം.[4] അയ്യായിരത്തോളം നിവാസികളുള്ള സ്ട്രെഹെലെൻ എന്ന സ്ഥലത്തെ സത്രം സൂക്ഷിപ്പുകാരനും വാറ്റുകാരനും രാജകീയ ലോട്ടറി കളക്ടറുമായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അദ്ദേഹത്തിന്റെ മുത്തച്ഛനായ ഹെയ്മാൻ എർലിഷും തികച്ചും ഒരു വിജയകരമായ തൊഴിൽജീവിതം നയിച്ച വാറ്റുകാരനും ഭക്ഷണശാലാ മാനേജറുമായിരുന്നു. ഫ്രിറ്റ്‌സ് വെയ്‌ഗെർട്ടിന്റെ അമ്മാവനും കാൾ വെയ്‌ഗെർട്ടിന്റെ ബന്ധുവുമായിരുന്നു എർലിഷ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, അക്കാലത്തെ അംഗീകൃത വിദ്യാലയമായ ബ്രെസ്ലാവിലെ മരിയ-മഗ്ദലനൻ-ജിംനേഷ്യത്തിൽ പഠനം നടത്തുന്ന കാലത്ത് അദ്ദേഹം പിന്നീട് തന്റെ തൊഴിൽപരമായി സഹപ്രവർത്തകനായിത്തീർന്ന ആൽബർട്ട് നീസറിനെ കണ്ടുമുട്ടി. ഒരു സ്കൂൾ വിദ്യാർത്ഥിയെന്ന നിലയിൽ (ആദ്യത്തെ മൈക്രോടോമുകളിലൊന്നിന്റെ ഉടമയായ അദ്ദേഹത്തിന്റെ കസിൻ കാൾ വെയ്‌ഗെർട്ടിൽനിന്നുള്ള പ്രചോദനം), മൈക്രോസ്കോപ്പിക് ടിഷ്യു പദാർത്ഥങ്ങളിൽ കറപിടിപ്പിക്കുന്ന പ്രക്രിയയിൽ അദ്ദേഹം ആകൃഷ്ടനായി. ബ്രെസ്ലൌ, സ്ട്രാസ്ബർഗ്, ഫ്രീബർഗ് ഇം ബ്രെസ്ഗൌ, ലീപ്സിഗ് തുടങ്ങിയ സർവകലാശാലകളിലെ തുടർ വൈദ്യ പഠനങ്ങൾക്കിടയിൽ അദ്ദേഹം ആ താൽപര്യം നിലനിർത്തിയിരുന്നു. 1882 ൽ ഡോക്ടറേറ്റ് നേടിയ ശേഷം, ഹിസ്റ്റോളജി, ഹെമറ്റോളജി, കളർ കെമിസ്ട്രി (ഡൈകൾ) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരീക്ഷണാത്മക ക്ലിനിക്കൽ മെഡിസിൻ സ്ഥാപകനായ തിയോഡോർ ഫ്രെറിച്സിന്റെ കീഴിൽ അസിസ്റ്റന്റ് മെഡിക്കൽ ഡയറക്ടറായി ബെർലിൻ നഗരത്തിലെ ഷാറൈറ്റിൽ ജോലി ചെയ്തു. 1883-ൽ ന്യൂസ്റ്റാഡിലെ ജൂതപ്പള്ളിയിൽവച്ച് (ഇപ്പോൾ പോളണ്ടിലെ പ്രൂഡ്‌നിക്) അദ്ദേഹം ഹെഡ്‍വിഗ് പിങ്കസിനെ (ജീവിതകാലം: 1864–1948) വിവാഹം കഴിച്ചു. സ്റ്റെഫാനി, മരിയാൻ എന്നീ രണ്ട് പെൺമക്കളാണ് ദമ്പതികൾക്കുണ്ടായിരുന്നത്. ന്യൂസ്റ്റാഡിലെ ടെക്സ്റ്റൈൽ ഫാക്ടറിയുടെ ഉടമയായിരുന്ന മാക്സ് പിങ്കസിന്റെ സഹോദരിയായിരുന്നു ഹെഡ്വിഗ് (പിന്നീട് ZPB "ഫ്രോട്ടെക്സ്" എന്നറിയപ്പെട്ടു). ന്യൂസ്റ്റാഡിലെ വീസെനർസ്ട്രാസിൽ ഫ്രെങ്കൽ കുടുംബത്തിന്റെ ബംഗ്ലാവിലാണ് അദ്ദേഹം താമസമാക്കിയത്.[5] 1886-ൽ ബെർലിനിലെ പ്രമുഖ മെഡിക്കൽ വിദ്യാലയവും അദ്ധ്യാപന ആശുപത്രിയുമായ ഷാരൈറ്റിൽനിന്ന് ക്ലിനിക്കൽ വിദ്യാഭ്യാസവും തൊഴിൽ പരിചയവും പൂർത്തിയാക്കിയ ശേഷം, ഒരു ലബോറട്ടറിയുമായുള്ള കരാറിന്റെ ഭാഗമായി ക്ഷയരോഗ ചികിത്സയ്ക്കായി എർലിഷ് 1888 ലും 1889 ലും ഈജിപ്തിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോയി. തിരിച്ചെത്തിയ അദ്ദേഹം ബെർലിൻ-സ്റ്റെഗ്ലിറ്റ്സിൽ ഒരു സ്വകാര്യ മെഡിക്കൽ പ്രാക്ടീസും ചെറിയ ലബോറട്ടറിയും സ്ഥാപിച്ചു. 1891-ൽ റോബർട്ട് കോച്ച് തന്റെ ബെർലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്റ്റിയസ് ഡിസീസസിലെ സ്റ്റാഫിനോടൊപ്പം ചേരാൻ എർലിചിനെ ക്ഷണിക്കുകയും 1896-ൽ എർലിചിന്റെ സ്പെഷ്യലൈസേഷനായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെറം റിസർച്ച് ആൻഡ് ടെസ്റ്റിംഗ് (Institut für Serumforschung und Serumprüfung) എന്ന പുതിയ ബ്രാഞ്ച് ആരംഭിച്ചു. എർലിച് അതിന്റെ സ്ഥാപക ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. 1899-ൽ അദ്ദേഹത്തിന്റെ സ്ഥാപനം ഫ്രാങ്ക്ഫർട്ട് ആം മെയിനിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്പിരിമെന്റൽ തെറാപ്പി (Institut für experimentelle Therapie) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അവിടെ അദ്ദേഹത്തിന്റെ പ്രധാന സഹകാരികളിൽ ഒരാളായിരുന്നു മാക്സ് നീസർ. 1904-ൽ, ഗോട്ടിംഗെൻ സർവകലാശാലയിൽ നിന്ന് എർലിഷിന് ഓണററി പ്രൊഫസർ സ്ഥാനം ലഭിച്ചു. 1906-ൽ എർലിഷ് തന്റെ സ്ഥാപനവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഫ്രാങ്ക്ഫർട്ടിലെ ഒരു സ്വകാര്യ ഗവേഷണ ഫൌണ്ടേഷനായ ജോർജ്ജ് സ്പെയർ ഹൌസിന്റെ ഡയറക്ടറായി. 1909-ൽ അക്കാലത്ത് യൂറോപ്പിലെ ഏറ്റവും മാരകമായ പകർച്ചവ്യാധികളിലൊന്നായിരുന്ന സിഫിലിസിനുള്ള ചികിത്സയായി ഒരു നിർദ്ദിഷ്ട രോഗകാരിയെ ലക്ഷ്യം വച്ചുള്ള ആദ്യ മരുന്നായ സാൽവർസൺ ഇവിടെവച്ച് കണ്ടെത്തി. 1914 ൽ എഡിൻബർഗ് സർവകലാശാലയുടെ കാമറോൺ സമ്മാനം എർലിച്ചിന് ലഭിച്ചു. എർലിചിനൊപ്പം അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വിദേശ അതിഥി ശാസ്ത്രജ്ഞരിൽ നൊബേൽ സമ്മാന ജേതാക്കളായ ഹെൻറി ഹാലറ്റ് ഡേൽ, പോൾ കാരെർ എന്നിവരും ഉൾപ്പെട്ടിരുന്നു. 1947 ൽ എർലിച്ചിന്റെ ബഹുമാനാർത്ഥം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേര് പോൾ എർലിച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1914-ൽ എർലിഷ് ജർമ്മനിയുടെ ഒന്നാം ലോകമഹായുദ്ധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രതിരോധമായിരുന്ന മാനിഫെസ്റ്റോ ഓഫ് ദ നയന്റി-ത്രീയിൽ ഒപ്പുവച്ചു. 1915 ഓഗസ്റ്റ് 17 ന് എർലിച് ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 20 ന് ബാഡ് ഹോംബർഗ് വോർ ഡെർ ഹോയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തോടനുബന്ധമായി ജർമ്മൻ ചക്രവർത്തിയായ വിൽഹെം രണ്ടാമൻ ഒരു അനുശോചന ടെലിഗ്രാം എഴുതിയിരുന്നു. പോൾ എർലിഷിന്റം മൃതദേഹം ഫ്രാങ്ക്ഫർട്ടിലെ പഴയ ജൂത സെമിത്തേരിയിൽ (ബ്ലോക്ക് 114 N) അടക്കം ചെയ്തു.[6] അവലംബം
|
Portal di Ensiklopedia Dunia