ഫാർമസിസ്റ്റ്
ആരോഗ്യ പരിപാലന മേഖലയിലെ ഒരു വിദഗ്ദ തൊഴിലാണ് രജിസ്റ്റർഡ് ഫാർമസിസ്റ്റ് അഥവാ രജിസ്റ്റർഡ് ഫാർമസിസ്റ്റ് ഓഫീസർ. മരുന്നുകൾ നിർമ്മിക്കുകയും, അവയുടെ സുരക്ഷാ പരിശോധനകൾ നിർവഹിക്കുകയും, രോഗികൾക്ക് കൃത്യമായ അളവിൽ വിതരണം ചെയ്യുകയും, ഉപയോഗക്രമം ശാസ്ത്രീയമായി പറഞ്ഞു കൊടുക്കുകയും, പാർശ്വഫലങ്ങൾ വിലയിരുത്തുകയും ചെയ്യുന്ന വിദഗ്ദരാണ് ഫാർമസിസ്റ്റുകൾ (pharmacists). ഇന്ന് ഫാക്ടറികളിൽ മരുന്ന് നിർമ്മിക്കുന്നത് യന്ത്രങ്ങളുടെ സഹായത്തോടെയാണ്. പലപ്പോഴും ഫാർമസിസ്റ്റുകളുടെ മേൽനോട്ടത്തിൽ ആവും ഇത് നടക്കാറുള്ളത്. പല രാജ്യങ്ങളിലും ക്ലിനിക്കൽ ഫാർമസി പ്രാക്ടീസ്, ഡ്രഗ് തെറാപ്പി എന്നിവ ഏറെ വികസിതമാണ്. ആരോഗ്യപരിപാലന രംഗത്ത് ഫാർമസിസ്റ്റിന്റെ സേവനം ഒഴിച്ചു കൂടാൻ സാധിക്കാത്തതാണ്. ഇവരുടെ സേവനം ആശുപത്രികളിലും കമ്മ്യൂണിറ്റി ഫാർമസികളിലും സ്വതന്ത്രമായും ഓൺലൈൻ മുഖേനയും ലഭ്യമാണ്. പണ്ട് കാലത്ത് ലളിതമായ രാസ സംയുക്തങ്ങൾ മിക്സ് ചെയ്ത് കൊടുക്കൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് ഫാർമസിസ്റ്റ് എന്ന തസ്തിക ഉണ്ടായിരുന്നില്ല. നിരന്തരം നടക്കുന്ന പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായി ആധുനിക വൈദ്യശാസ്ത്രം വളരെയധികം വികസിച്ചതോടുകൂടി ഇന്ന് കൂടുതൽ സങ്കീർണ്ണമായ മരുന്നുകൾ കൈകാര്യം ചെയ്യുന്നവർക്ക് ഫാർമസിയിൽ വിദ്യാഭ്യാസവും പ്രൊഫഷണൽ കൌൺസിൽ രജിസ്‌ട്രേഷനും നിർബന്ധമാണ്. മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയെ ഫാർമക്കോ തെറാപ്പി അഥവാ ഡ്രഗ് തെറാപ്പി എന്ന് വിളിക്കുന്നു. ഇതാണ് ഒരു ഫാർമസിസ്റ്റ് ചെയ്യുന്നത് എന്നും പറയാം. മരുന്ന് ഉപയോഗിച്ച് ചികിത്സ നടത്തുന്നതിനെ പറ്റി പഠനം നടത്തുന്ന വൈദ്യശാസ്ത്രത്തിന്റെ ശാഖ 'ഫാർമക്കോതെറാപ്യൂറ്റിക്സ്' എന്നറിയപ്പെടുന്നു. തൊഴിൽമരുന്നുകളുടെ ശരിയായ ഉപയോഗത്തിന് ഫാർമസിസ്റ്റിന്റെ സേവനം അത്യാവശ്യമാണ്. രോഗികൾ കഴിക്കേണ്ട മരുന്നുകൾ, അവയുടെ ബ്രാൻഡ്, അളവ് തുടങ്ങിയവ നിശ്ചയിക്കുന്നതും, അവയുടെ പാർശ്വഫലങ്ങൾ തിട്ടപ്പെടുത്തുന്നതും, ചില രോഗങ്ങൾക്ക് ചികിത്സ നൽകുന്നതും, കുത്തിവെപ്പുകൾ എടുക്കുന്നതും, ഫാർമസി സേവനങ്ങൾക്ക് നേതൃത്വം നൽകുന്നതും ഫാർമസിസ്റ്റ് അല്ലെങ്കിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് എന്നറിയപ്പെടുന്ന വിദഗ്ദരാണ്. അമേരിക്കൻ ഐക്യനാടുകളിൽ (USA) രോഗികൾക്കുള്ള മരുന്നുകളുടെ ബ്രാൻഡ് നിശ്ചയിക്കുന്നത് ഫാർമസിസ്റ്റുകളാണ്. ഡോക്ടർമാർ ആവശ്യമായ പരിശോധനകൾ നടത്തി രോഗം നിർണ്ണയിച്ച ശേഷം രോഗിയെ ഫാർമസിസ്റ്റിന് സമീപത്തേക്ക് അയക്കുന്നതാണ് അവിടെ കാണപ്പെടുന്നത്. യുകെയിൽ ചില രോഗങ്ങൾക്ക് ചികിത്സ നൽകുന്നതും ആന്റിബയോട്ടിക്കുകൾ, വാക്സിനുകൾ തുടങ്ങിയവ നൽകുന്നതും ഫാർമസിസിസ്റ്റുകൾ തന്നെയാണ്. എന്നാൽ ഇന്ത്യയിൽ ഫാർമസി സേവനങ്ങൾ അത്ര വളർച്ച പ്രാപിച്ചിട്ടില്ല. ഇത് ചികിത്സയുടെ ഗുണനിലവാരത്തെയും രോഗികളുടെ ആരോഗ്യത്തെയും പലപ്പോഴും മോശമായി ബാധിക്കാറുണ്ട്. സുരക്ഷിതമായ ഔഷധോപയോഗത്തിനു ഫാർമസിസ്റ്റിന്റെ നിർദേശം കൃത്യമായി പാലിക്കേണ്ടത് അനിവാര്യമാണ്. ആധുനിക വൈദ്യശാസ്ത്രരംഗത്ത് ഡോക്ടർമാരെപോലെ ഉത്തരവാദിത്വമുള്ള ശുശ്രൂഷകൾ ഒരു ഫാർമസിസ്റ്റ് ചെയ്യേണ്ടതുണ്ട്, പ്രത്യേകിച്ച് ആധുനിക വൈദ്യശാസ്ത്രം വളരെയധികം മുന്നേറുന്ന ഈ കാലഘട്ടത്തിൽ. ഫാർമസിസ്റ്റ് എന്നാൽ ഡോക്ടരുടെ അസിസ്റ്റന്റ് പോലെയോ അല്ലെങ്കിൽ ഡോക്ടർ കുറിക്കുന്ന മരുന്നുകൾ മാത്രം വിതരണം ചെയ്യുന്ന ആളെന്ന അർത്ഥമില്ല. ഇത് ആരോഗ്യ രംഗത്തെ തികച്ചും സ്വതന്ത്രമായ ഒരു തൊഴിൽ ആണ്. ആരോഗ്യം വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനും വ്യക്തികളെയോ, സമൂഹത്തെയോ സഹായിക്കുക, ശാക്തീകരിക്കുക എന്നിവയാണ് ഫാർമസിസ്റ്റിന്റെ വിശാല ചുമതലകൾ. ഡോക്ടറുടെ നിർദ്ദേശാനുസരണം രോഗിക്ക് ശരിയായ മരുന്നുകൾ, കൃത്യമായ അളവിൽ നൽകി കൊണ്ടുള്ള ചികിത്സ നല്കുന്നതിന് പുറമേ, മരുന്നുകളുടെ പാർശ്വഫലങ്ങൾ തിട്ടപ്പെടുത്തുക, ആരോഗ്യം നിലനിർത്തുകയോ വീണ്ടെടുക്കുകയോ ചെയ്യുന്നതിനുവേണ്ട ശാസ്ത്രീയ മാർഗങ്ങളെക്കുറിച്ച് രോഗിയെ ബോധവത്കരിക്കുകയും ചെയ്യേണ്ടത് ഫാർമസിസ്റ്റിന്റെ ജോലിയുടെ ഭാഗമാണ്. അത്യാഹിത വിഭാഗത്തിൽ, മാനസികാരോഗ്യ രംഗത്ത്, പകർച്ച വ്യാധികൾ തടയുന്നതിൽ, പ്രമേഹം, ഹൃദ്രോഗം, കാൻസർ, പക്ഷാഘാതം, വന്ധ്യത തുടങ്ങിയവയുടെ (ജീവിതശൈലീരോഗങ്ങൾ) ചികിത്സയിലും നിയന്ത്രണത്തിലും, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, കുടുംബാസൂത്രണം അഥവാ ഗർഭനിരോധന രീതികൾ ഉറപ്പാക്കുക, ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം, വാക്‌സിനേഷൻ, സാന്ത്വന ചികിത്സ തുടങ്ങിയ വിവിധ സാമൂഹിക ആരോഗ്യ പ്രവർത്തനത്തിൽ, ആരോഗ്യ ബോധവൽക്കരണ വിദ്യാഭ്യാസം, ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം, പ്രാഥമിക ശുശ്രൂഷ, പോഷകാഹാരങ്ങളെ പറ്റിയുള്ള ബോധവൽക്കരണം തുടങ്ങിയ എല്ലാ ആരോഗ്യ പരിപാലന, അനുബന്ധ മേഖലകളിലും വിദഗ്ദരായ ഫാർമസിസ്റ്റുമാരുടെ സേവനം അനിവാര്യമാണ്. ഫാർമസിസ്റ്റുകൾ അവരുടെ അറിവും പരിശീലനവും പ്രവർത്തി പരിചയവും ഏറെ വിപുലീകരിക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് വേണ്ടി ഓൺലൈൻ ആയി വിവിധ വിഷയങ്ങളിൽ ധാരാളം ഹ്രസ്വകാല കോഴ്സുകൾ കാണപ്പെടാറുണ്ട്. ഇതവരുടെ അറിവും കഴിവും വിപുലീകരിക്കാൻ സഹായകരമാകുന്നു. ഇന്ത്യയിൽഇന്ത്യയിൽ ഫാർമസിസ്റ്റ് ആകാൻ വേണ്ടുന്ന ഏറ്റവും കുറഞ്ഞ യോഗ്യത രണ്ട് വർഷത്തെ ഡിപ്ലോമ കോഴ്‌സായ 'ഡിഫാം അഥവാ ഡിപ്ലോമാ ഇൻ ഫാർമസിയും' ഫാർമസി കൌൺസിൽ രെജിസ്ട്രേഷനുമാണ്. ഇത്തരമൊരു കോഴ്സ് ഇന്ന് മിക്ക രാജ്യങ്ങളിലും ലഭ്യമല്ല. നാല് വർഷത്തെ ബിരുദ കോഴ്‌സായ 'ബിഫാം അഥവാ ബാച്ച്ലർ ഓഫ് ഫാർമസി', ആറു വർഷത്തെ ക്ലിനിക്കൽ പരിശീലനത്തോട് കൂടിയ 'ഫാംഡി അഥവാ ഡോക്ടർ ഓഫ് ഫാർമസി' മുതലായ പ്രൊഫഷണൽ കോഴ്സുകളാണ് ഇന്ന് മിക്ക വികസിത രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലും ഇവ ലഭ്യമാണ്. ഫാംഡി കോഴ്സിൽ ക്ലിനിക്കൽ ഫാർമസി സേവനങ്ങൾ, മരുന്നു ഉപയോഗിച്ചു കൊണ്ടുള്ള ചികിത്സ അഥവാ ഫാർമക്കോതെറാപ്പി എന്നിവയിൽ വിദഗ്ദ പരിശീലനം ലഭ്യമാക്കാറുണ്ട്. മാത്രമല്ല, അവസാനവർഷം ഇന്റേൺഷിപ്, ആറുമാസം പ്രൊജക്റ്റ് എന്നിവയും ചെയ്യേണ്ടതുണ്ട്. ഇവർക്ക് പേരിന് മുൻപിൽ Dr (ഡോക്ടർ) എന്ന് ചേർക്കാവുന്നതാണ്. ഇന്ത്യയിൽ മാസ്റ്റർ തലത്തിലുള്ള ആശുപത്രി പരിശീലനത്തോട് കൂടിയ ഒരു പ്രൊഫഷണൽ കോഴ്‌സാണ് ഫാംഡി. ഇതിന് ശേഷം നേരിട്ട് പിഎച്ച്ഡി ചെയ്യാനുള്ള അവസരവുമുണ്ട്. കൂടാതെ വിവിധ സ്പെഷ്യാലിറ്റികളിൽ ബിരുദാനന്തര ബിരുദ കോഴ്‌സായ എംഫാം എന്നിവയും നടത്തി വരുന്നു. വിദേശ രാജ്യങ്ങളിൽപല വിദേശ രാജ്യങ്ങളിലും ഫാർമസി പ്രാക്ടീസ്, ക്ലിനിക്കൽ ഫാർമസി, ഡ്രഗ് തെറാപ്പി എന്നിവ ഏറെ വികസിതമാണ്. അമേരിക്കൻ ഐക്യനാടുകളിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യാൻ ആറു വർഷത്തെ ഫാം ഡി ബിരുദവും രജിസ്ട്രേഷനും ആവശ്യമാണ്. കാനഡ, ഓസ്ട്രേലിയ, യൂകെ തുടങ്ങിയ രാജ്യങ്ങളിൽ ഫാർമസിയിൽ ബിരുദമോ ചിലപ്പോൾ ബിരുദാന്തര ബിരുദമോ രെജിസ്ട്രേഷനുമാണ് ഫാർമസിസ്റ്റ് ആകാൻ ആവശ്യമായ യോഗ്യത. അയർലണ്ടിൽ അഞ്ച് വർഷത്തെ എം ഫാം ഡിഗ്രി ആണ് ഫാർമസിസ്റ്റ് ആകാൻ വേണ്ടുന്ന വിദ്യാഭ്യാസ യോഗ്യത. യൂഎഇ, ഒമാൻ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഫാർമസിസ്റ്റ് ആകാൻ കുറഞ്ഞത് ഫാർമസിയിൽ ബിരുദവും (ബി ഫാം/ എം ഫാം അല്ലെങ്കിൽ ഫാം ഡി)ബന്ധപ്പെട്ട വകുപ്പിൽ രജിസ്ട്രേഷനും അത്യാവശ്യമാണ്. ഇവിടങ്ങളിൽ രോഗികൾ കഴിക്കേണ്ട മരുന്നുകളുടെ ബ്രാൻഡും അളവും നിശ്ചയിക്കുന്നതും, അവയുടെ പാർശ്വഫലങ്ങൾ തിട്ടപ്പെടുത്തുന്നതും, കുടുംബാസൂത്രണ മാർഗങ്ങ അഥവാ ഗർഭനിരോധന രീതികൾ, ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യ സംബന്ധമായതും, പ്രതിരോധ കുത്തിവെപ്പുകൾ അഥവാ വാക്സിൻ നൽകുന്നതും, പല രോഗങ്ങൾക്കും ചികിത്സ നിശ്ചയിക്കുന്നതും, സൗന്ദര്യ സംരക്ഷണ മേഖലയിലും, വിവിധ ആരോഗ്യ സംബന്ധമായ സേവനങ്ങളും, പരിശോധനകളും ചെയ്തു വരുന്നത് ഫാർമസിസ്റ്റ് അഥവാ ക്ലിനിക്കൽ ഫാർമസിസ്റ്റ് എന്ന ഒരു വിഭാഗം പ്രൊഫഷണലുകളാണ്. അതിനായി ധാരാളം ഹ്രസ്വകാല കോഴ്സുകളും ഓൺലൈൻ ആയോ പാർട്ട്-ടൈം ആയോ തുടർ വിദ്യാഭ്യാസ പരിശീലനങ്ങളും അവിടങ്ങളിൽ നിർബന്ധമാക്കിയിട്ടുണ്ട്. ഇത് അമേരിക്കൻ ഐക്യനാടുകളിലും, യൂറോപ്യൻ രാജ്യങ്ങളിലും കാണാവുന്നതാണ്. യുകെ തുടങ്ങിയ പല രാജ്യങ്ങളിലും ആന്റിബയോട്ടിക് ഉൾപ്പെടെ മിക്ക മരുന്നുകളും, ആവശ്യമായ പരിശോധനകൾ നടത്തി ഫാർമസിസ്റ്റ് തന്നെയാണ് നൽകി വരുന്നത്. ചില ഫാർമസികളിൽ ഡോക്ടർമാരുടെ സേവനവും സൗന്ദര്യ സംരക്ഷണ ചികിത്സയും ലഭ്യമാക്കി വരുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ക്ലിനിക്കൽ ഫാർമസി സേവനങ്ങൾ അത്രകണ്ടു വളർച്ച പ്രാപിച്ചിട്ടില്ല. ഇത് ചികിത്സയുടെ ഗുണനിലവാരത്തെയും, രോഗികളുടെ ആരോഗ്യത്തെയും പലപ്പോഴും മോശമായി ബാധിക്കാറുണ്ട്. ഇന്ത്യയിൽ രോഗങ്ങൾക്ക് ചികിത്സ നിശ്ചയിക്കാനോ, കുത്തിവെപ്പുകൾ നൽകുവാനോ ഫാർമസിസ്റ്റുകൾക്ക് സാധിച്ചിട്ടില്ല. മരുന്നുകളുടെ നിർമ്മാണം മുതൽ പരീക്ഷണം വരെയുള്ള മേഖലകളിലും ഗവേഷണത്തിലും ഫാർമസിസ്റ്റിന് സുപ്രധാന പങ്കുണ്ട്. [1] ഫാർമസിസ്റ്റിന്റെ പ്രാധാന്യംസുരക്ഷിതമായ ഔഷധോപയോഗത്തിനു ഫാർമസിസ്റ്റിന്റെ നിർദ്ദേശം കൃത്യമായി പാലിക്കേണ്ടത് അനിവാര്യമാണ്. കമ്മ്യൂണിറ്റി ഫാർമസിസ്റ്റുകൾ പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പം പ്രാപ്യരായ ഔഷധ വിദഗ്ദ്ധരാണ്. മരുന്ന്, അവയുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ഒരു സമൂഹത്തിലെ സമ്പർക്കത്തിന്റെ ആദ്യ ഘട്ടമാണ് കമ്മ്യൂണിറ്റി ഫാർമസിയിലെ രജിസ്റ്റേർഡ് ഫാർമസിസ്റ്റ്. ഇത് സമൂഹത്തിലെ ആരോഗ്യ പരിരക്ഷാ പരിപാടി മൂല്യവത്തായ പ്രൊഫഷണൽ സേവനമാക്കി മാറ്റാൻ ഫാർമസിസ്റ്റിനെ അനുവദിക്കുന്നു. എന്നിരുന്നാലും ഇന്ത്യയിൽ പലയിടത്തും നിർദിഷ്ട യോഗ്യതയില്ലാത്ത വ്യക്തികൾ നിയമവിരുദ്ധമായി ഫാർമസിസ്റ്റിന് പകരം ജോലി ചെയ്യുന്നതായി കാണപ്പെടാറുണ്ട്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്ന ഒരു ഘടകമാണ്. തെറ്റായ മരുന്നുപയോഗം പലപ്പോഴും ഗുണത്തേക്കാൾ ദോഷം ചെയ്യാറുള്ളതായി കണക്കാക്കുന്നു. കേരളത്തിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നതിന് കേരള ഫാർമസി കൗൺസിൽ അംഗത്വം ആവശ്യമാണ്. ഇത് ഇല്ലാത്തവർ മരുന്ന് വിതരണം നടത്തുന്നത് കുറ്റകരമാണ്.[2] അവലംബം
|
Portal di Ensiklopedia Dunia