ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമായിരുന്നു മോറാൻ മാർ ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ. ഇദ്ദേഹം 19-ആമത് മലങ്കര മെത്രാപ്പോലീത്തയും കേരളത്തിലെ കാതോലിക്കാ സ്ഥാപനത്തിന് ശേഷമുള്ള ഏഴാമത്തെ കാതോലിക്കോസും ആയിരുന്നു.[1] ജീവിതരേഖ1921 ഒക്ടോബർ 29-ആം തീയതി ഇട്ടിയവിര തോമസിന്റെയും ശോശാമ്മയുടെയും മകനായി മാവേലിക്കരയിൽ ജനനം. സി.റ്റി. തോമസ് എന്നായിരുന്നു ആദ്യനാമം. കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് വിദ്യാഭ്യാസത്തിന് ശേഷം തിരുച്ചിറപ്പള്ളി നാഷണൽ കോളേജ്, മദ്രാസ് മാസ്റ്റൺ ട്രെയിനിംഗ് കോളേജ്, കാൺപൂർ ക്രൈസ്റ്റ് ചർച്ച് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിവിധ ബിരുദങ്ങൾ നേടി. 1950-ൽ വൈദികനായി. തിരുച്ചിറപ്പള്ളി പൊന്നയ്യ ഹൈസ്കൂൾ, പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാന അധ്യാപകനായും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. 1966 ആഗ്സ്റ്റ 24 മാർ തീമോത്തിയോസ് എന്ന നാമധേയത്തിൽ മലബാർ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്ന ഇദ്ദേഹത്തെ 1992 സെപ്തബർ 10-ആം തീയതി കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയന്റെ പിൻഗാമിയായി നിയുക്ത കാതോലിക്കോസ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ പദവി ഒഴിഞ്ഞതിനെ തുടർന്നു് 2005 ഒക്ടോബർ 31-ആം തീയതി ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ എന്ന പേരിൽ പരുമല സെമിനാരിയിൽ വെച്ചു പൗരസ്ത്യ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമായി അവരോധിക്കപ്പെട്ടു. നാലു മൂറോൻ കൂദാശകളിൽ സഹകാർമ്മികനായിരുന്ന ഇദ്ദേഹം 2009 ഏപ്രിൽ 4-ന് നടന്ന മൂറോൻ കൂദാശയിൽ പ്രധാന കാർമികനായിരുന്നു. ഏറ്റവും അധികം മെത്രാൻ വാഴ്ച (14 പേർ) നടന്നതും സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ അംഗസംഖ്യ (33 പേർ) എക്കാലത്തേതിലും വലുതായി തീരുകയും ചെയ്തത് ഇദ്ദേഹം കാതോലിക്കയായിരുന്നപ്പോഴാണ്. വനിതകൾക്ക് പൊതുയോഗങ്ങളിൽ സംബന്ധിക്കുവാൻ അനുവാദം നൽകിയതും മെത്രാൻ തെരഞ്ഞെടുപ്പിന് മാനദണ്ഡവും പെരുമാറ്റചട്ടവും ഏർപ്പെടുത്തിയതും ഇദ്ദേഹമാണ്. 2010 ഒക്ടോബറിൽ പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞ ഇദ്ദേഹം നിയുക്ത കാതോലിക്കാ ആയിരുന്ന പൗലോസ് മാർ മിലിത്തിയോസിനെ 2010 നവംബർ 1-ആം തീയതി ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ സഭയുടെ പുതിയ കാതോലിക്കാ ആയി വാഴിച്ചു.[2] തുടർന്ന് ദിദിമോസ് തിരുമേനിക്ക് വലിയ ബാവാ എന്ന സ്ഥാനനാമമായിരുന്നു സഭ നൽകിയിരിക്കുന്നത്. വാർധക്യ സഹജമായ രോഗംമൂലം പരുമല സെന്റ് ഗ്രിഗോറിയസ്സ് ആശുപത്രിയിൽ വെച്ച് 2014 മെയ് 26-ന് ഇദ്ദേഹം അന്തരിച്ചു. അവലംബം
|
Portal di Ensiklopedia Dunia