ബൈലോട്ട് ദ്വീപ്
കാനഡയിലെ നൂനാവട്ട് പ്രദേശത്ത് ബാഫിൻ ദ്വീപിന്റെ വടക്കേ അറ്റത്തുനിന്നകലെയായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ബൈലോട്ട് ദ്വീപ്. തെക്കുകിഴക്കുനിന്ന് എക്ലിപ്സ് ജലസന്ധിയും തെക്കു പടിഞ്ഞാറ് നേവി ബോർഡ് ഇടക്കടലും ഇതിനെ ബാഫിൻ ദ്വീപിൽ നിന്നു വേർതിരിക്കുന്നു. ദ്വീപിന്റെ വടക്കുപടിഞ്ഞറേ ദിശയിൽ പാരി ചാനൽ സ്ഥിതിചെയ്യുന്നു. 11,067 ചതുരശ്രകിലോമീറ്റർ (4,273 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ദ്വീപ് ലോകത്തിലെ 71 ആമത്തെ വലിയ ദ്വീപും കാനഡയിൽ വലിപ്പത്തിൽ പതിനേഴാം സ്ഥാനമുള്ള ദ്വീപുമാണ്. ദ്വീപിന്റെ കിഴക്കുനിന്നു പടിഞ്ഞാറുവരെ 180 കിലോമീറ്ററും (110 മൈൽ) വടക്കു മുതൽ തെക്കോട്ടു വരെ 110 കിലോമീറ്ററും (68 മൈൽ) അളവുകളുള്ള ഇത് ലോകത്തെ ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപുകളിലൊന്നാണ്. ഈ കനേഡിയൻ ആർട്ടിക് ദ്വീപിൽ സ്ഥിരമായ ജനവാസകേന്ദ്രങ്ങൾ ഇല്ലെങ്കിലും, പോണ്ട് ഇടക്കടൽ പ്രദേശത്തുനിന്നും മറ്റിടങ്ങളിൽനിന്നും ഇന്യൂട്ട് വർഗ്ഗക്കാരും മറ്റും ബൈലോട്ട് ദ്വീപിലേയ്ക്കു പതിവായി യാത്ര ചെയ്യാറുണ്ട്. ഇന്യൂട്ടുകളുടെ ഒരു കാലാനുസൃത വേട്ടയാടൽ ക്യാമ്പ് കേപ്പ് ഗ്രഹാം മൂറിനു തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നുണ്ട്. 1616 ൽ ഈ ദ്വീപ് കണ്ടെത്തിയ ആദ്യ യൂറോപ്യനും ആർട്ടിക് പര്യവേക്ഷകനുമായ റോബർട്ട് ബൈലോട്ടിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.[1] അവലംബം
|
Portal di Ensiklopedia Dunia