ഭാഷാശാസ്ത്രം
ഭാഷയുടെ ശാസ്ത്രീയ പഠനമാണ് ഭാഷാശാസ്ത്രം (ഇംഗ്ലീഷ്: Linguistics, ലിങ്ഗ്വിസ്റ്റിക്സ്). ഏതെങ്കിലും പ്രത്യേക ഭാഷയുടെ പഠനമല്ല, ഭാഷ എന്ന മനുഷ്യസാധാരണമായ പ്രതിഭാസത്തെക്കുറിച്ചുള്ള പഠനമാണ് ഇത്. ഭാഷ, ഭാഷണം, ഭാഷയുടെ വ്യത്യസ്തമായ പ്രയോഗസാധ്യതകൾ, ഭാഷാഘടകങ്ങൾ മുതലായ തലങ്ങളിൽ പഠനവും ഗവേഷണവും നടത്തുകയും വസ്തുതകൾ കണ്ടെത്തുകയും ചെയ്യുന്നയാളാണ് ഭാഷാശാസ്ത്രജ്ഞൻ. ആശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയിൽ ഭാഷ എങ്ങനെ മനുഷ്യന്റെ ആവശ്യങ്ങളെ നിറവേറ്റത്തക്ക വിധം രൂപപ്പെട്ടിരിക്കുന്നു എന്നും അതിന്റെ നാൾവഴികൾ എങ്ങനെയൊക്കെ രൂപന്തരപ്പെട്ടിരിക്കുന്നു എന്നും മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമാണ് ഭാഷാശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. ഒരോ ഭാഷയും ഭാഷയുടെ സാമാന്യസ്വഭാവത്തെ സംബന്ധിച്ച ചില സവിശേഷതകൾ ഉൾക്കൊള്ളുന്നു എന്നതിനാൽ ഒന്നോ അതിലധികമോ ഭാഷയെ ഭാഷാശാസ്ത്രജ്ഞൻ ഇതിനായി ഉപയോഗിച്ചേക്കാം. വർഗ്ഗീകരണംഭാഷാശാസ്ത്രത്തിന് ഏകകാലികം(Synchronic), ബഹുകാലികം(Diachronic) എന്ന് രണ്ട് അപഗ്രഥനരീതികൾ സൊസ്യൂർ വിവരിക്കുന്നുണ്ട്.[1] ഒരു നിശ്ചിത ഘട്ടത്തിലെ ഭാഷയുടെ സ്വഭാവത്തെ വിവരിക്കുന്നതിന് ഏകകാലികഭാഷാശാസ്ത്രമെന്നും, ഒരു പ്രത്യേക കാലയളവിൽ ഭാഷയ്ക്കു വരുന്ന മാറ്റങ്ങളെ വിവരിക്കുന്നതിന് ബഹുകാലികഭാഷാശാസ്ത്രമെന്നും പറയുന്നു. ഉദാഹരണത്തിന് പത്താം നൂറ്റാണ്ടിലെ ഭാഷ മാത്രമാണ് പഠിക്കുന്നതെങ്കിൽ അത് ഏകകാലികഭാഷാശാസ്ത്രമാണ്. പത്താം നൂറ്റാണ്ടിലെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെയും ഭാഷയാണ് പഠിക്കുന്നതെങ്കിൽ അത് ബഹുകാലിഭാഷാശാസ്ത്രവും. ബഹുകാലിക ഭാഷാശാസ്ത്രം ചരിത്രാത്മക(Historical)മാണ്. പദനിഷ്പത്തി വിവരിക്കുന്ന നിരുക്തി ചരിത്രാത്മകഭാഷാശാസ്ത്രത്തിന്റെ ഉപവിഭാഗമാണ്. രണ്ടോ അതിലധികമോ ഭാഷകളെയോ ഭാഷാഭേദങ്ങളെയോ താരതമ്യം ചെയ്യുന്നതാണ് താരതമ്യഭാഷാശാസ്ത്രം (Comparative Linguistics). ബഹുകാലികമായി രണ്ടു ഭാഷകൾ തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണ് ഭാഷാപരിണാമം (Phillology)എന്ന ശാഖ. സൈദ്ധാന്തിക ഭാഷാശാസ്ത്രം (Theoretical Linguistics)ഘടനാവാദമാണ് ഭാഷാശാസ്ത്രത്തിന് സൈദ്ധാന്തിക അടിത്തറ നൽകുന്നത്. ഭാഷ ഘടനകളുടെ ഘടനയാണ് എന്ന് ഘടനാവാദികൾ പറയും. ഏകതലിക(Syntagmatic)വും പരാദേശിക(Paradigmatic)വുമായ ദ്വിവിധബന്ധ(Dualty of Structure)ത്തിലൂടെയാണ് ഭാഷാഘടന രൂപപ്പെടുന്നത്[2]. രൂപവും അർത്ഥവും ചേർന്നതാണ് ഘടന. വാമൊഴിയിലൂടെയും വരമൊഴിയിലൂടെയുമാണ് ഭാഷയെ പ്രത്യക്ഷീകരിക്കുന്നത്. ഭാഷയുടെ ധർമപരമായ അടിസ്ഥാന ഏകകമാണ് സ്വനിമം. സ്വനിമങ്ങൾ ചേർന്ന് രൂപിമവും രൂപിമങ്ങൾ ചേർന്ന് വാക്യവും വാക്യങ്ങൾ ചേർന്ന് പാഠവും വ്യവഹാരവും രൂപപ്പെടുന്നതിലൂടെ ഭാഷ പ്രത്യക്ഷമാകുന്നു. ഭാഷയുടെ പ്രകരണബദ്ധമായ(Contextual) പാഠത്തെയാണ് വ്യവഹാരം എന്നു വിളിക്കുന്നത്. രൂപത്തെ ഉപരിഘടന(Surface Structure)യും അർത്ഥത്തെ ആഴഘടന(Deep Structure)യുമായി ചോംസ്കി പരിഗണിക്കുന്നു.[3] ഓരോ തലത്തിനും സ്വന്തമായ സവിശേഷതകളുണ്ട്. ഈ ഓരോ തലത്തെയും അപഗ്രഥിക്കുന്ന ഉപശാഖകൾ താഴെ കൊടുക്കുന്നു.
ഭാഷണത്തിനു സമാന്തരമായി എഴുത്തിന്റെ തലങ്ങളെ വിവരിക്കുകയാണ് ആലേഖനശാസ്ത്രം (Graphology). ലേഖിമങ്ങളാണ് ഇതിന്റെ ധർമാത്മകമായ ഏകകം. രൂപിമതലത്തിൽ സ്വനിമങ്ങളെ പഠിക്കുന്ന രൂപസ്വനിമവിജ്ഞാന(വും രൂപിമങ്ങളുടെ വ്യു ല്പാദനങ്ങളെ നിഘണ്ടുവത്കരിക്കുന്ന പദവിജ്ഞാനവും ഭാഷാപ്രയോഗത്തിന്റെ അർത്ഥവിവക്ഷകളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പ്രയോഗവിജ്ഞാനവും സൈദ്ധാന്തികഭാഷാശാസ്ത്രത്തിന്റെ വിഭാഗങ്ങളാണ്. ഭാഷാശാസ്ത്രത്തെ സ്വനിമ-രൂപിമ-വാക്യ തലങ്ങളിൽ മാത്രം അപഗ്രഥിക്കുന്ന സമീപനത്തെ സങ്കുചിതഭാഷാശാസ്ത്രം(Microlinguistics) എന്നു വിളിക്കുന്നു. ഭാഷാശാസ്ത്രത്തിന് വിവിധ മേഖലകളിലുള്ള വികാസത്തെ പരിഗണിക്കുമ്പോഴാണ് ഭാഷാശാസ്ത്രം ഉദാര(Macro)മാകുന്നത്. ഭാഷാശാസ്ത്രവും മറ്റു വിജ്ഞാനശാഖകളുംഭാഷ സംസ്കാരത്തിന്റെ ഉപകരണവും ഉല്പന്നവുമാണ്. ഭാഷ ഒരേസമയം വസ്തുനിഷ്ഠവും വ്യക്തിനിഷ്ഠവുമായ അംശങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ഭാഷാശാസ്ത്രം പരീക്ഷണാത്മകശാസ്ത്രവും(Empirical Science) സാമൂഹികശാസ്ത്രവും ആണ്. അതുകൊണ്ടുതന്നെ പരീക്ഷണാത്മകവും സാമൂഹികവുമായ വിവിധ വിജ്ഞാനശാഖകളുമായി ഭാഷാശാസ്ത്രത്തിന് സ്വാഭാവികമായ കണ്ണികളുണ്ട്. കലയും ശാസ്ത്രവും ദർശനവും ഭാഷാശാസ്ത്രത്തിന് അന്യമായ വിഷയമല്ല. ചിഹ്നശാസ്ത്രമടക്കമുള്ള വിജ്ഞാനമേഖലകൾ രൂപപ്പെടുന്നതും നരവംശശാസ്ത്രം, ഫോൿലോർ, തുടങ്ങിയ മേഖലകൾ പുഷ്ടിപ്പെടുന്നതും ഭാഷാശാസ്ത്രത്തിന്റെ വികാസത്തോടെയാണ്. എല്ലാ വിജ്ഞാനമേഖലകളിലും ഭാഷാശാസ്ത്രവഴിക്കുള്ള വീക്ഷണം(Linguistic turn) ഇന്ന് കാണാൻ കഴിയും[4] മറ്റു മേഖലകളുമായി ബന്ധപ്പെട്ട് ഭാഷാശാസ്ത്രത്തിൽ വികസിച്ചുവന്ന പലതരം ശാഖകൾ താഴെ കൊടുക്കുന്നു-
അവലംബം
[1] Archived 2016-03-13 at the Wayback Machine|ലിങ്ഫോറം.കൊം |
Portal di Ensiklopedia Dunia