മാർക്ക് അലൻ റഫലോ (ജനനം: നവംബർ 22, 1967)[1] ഒരു അമേരിക്കൻ നടനും, ചലച്ചിത്ര നിർമാതാവും, സാമൂഹ്യ പ്രവർത്തകനുമാണ്. സിബിഎസ് സമ്മർ പ്ലേഹൗസിന്റെ (1989) ഒരു എപ്പിസോഡിലൂടെയാണ് അഭിനയം ആരംഭിച്ചത്. തുടർന്ന് ചലച്ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 13 ഗോയിങ് ഓൺ 30 (2004), എറ്റേർണൽ സൺഷൈൻ ഓഫ് ദ സ്പോട്ട്ലെസ്സ് മൈൻഡ് (2004), സോഡിയാക് (2007), വാട്ട് ഡസിന്റ് കിൽ യു (2008) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ അദ്ദേഹം സൈക്കോളജിക്കൽ ത്രില്ലറായ ഷട്ടർ ഐലൻഡിലും[2] കോമഡി നാടകമായ ദി കിഡ്സ് ഏസ് ഓത് റൈറ്റിനിലും അഭിനയിച്ചു. രണ്ടാമത്തേതിന്, സ്ക്രീൻ ആക്‌ടേഴ്‌സ് ഗിൽഡ് അവാർഡ്, ബാഫ്റ്റ പുരസ്കാരം, മികച്ച സഹനടനുള്ള അക്കാദമി അവാർഡ് എന്നിവക്ക് നാമനിർദ്ദേശം ലഭിച്ചു. നൗ യു സീ മി, നൗ യൂ സീ മി 2 എന്നീ മിസ്റ്ററി ചിത്രങ്ങളിൽ എഫ്.ബി.ഐ സ്പെഷ്യൽ ഏജന്റ് ഡിലൻ റോഡ്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
മാർവൽ സിനിമാറ്റിക് യൂണിവേർസിലെ മാൾവൽ കോമിക്സ് കഥാപാത്രമായ ഹൾക്കിന്റെ വേഷം അവതരിപ്പിച്ചുകൊണ്ട് റഫലോ അന്താരാഷ്ട്ര പ്രശസ്തി നേടി.[3]
ദി അവഞ്ചേഴ്സ് (2012), അയൺ മാൻ 3 (2013), തോർ: റഗ്നാറോക്ക് (2017)[4] , അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ (2018) തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഈ വേഷം അവതരിപ്പിച്ചു. 2014 ൽ ദ നോർമൽ ഹാർട്ട് എന്ന ടെലിവിഷൻ ചിത്രത്തിൽ അഭിനയിക്കുകയും അതിന്റെ സഹനിർമ്മാണം നിർവഹിക്കുകയും ചെയ്തു. ഇതിലൂടെ മികച്ച ടെലിവിഷൻ ചിത്രതിനുള്ള പ്രൈം ടൈം എമ്മി അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. അതേവർഷം തന്നെ, ഫോക്സ്ക്യാച്ചർ എന്ന ചിത്രത്തിൽ ഡേവ് ഷൂൾസിനെ അവതരിപ്പിക്കുകയും അതിൽ ഗോൾഡൻ ഗ്ലോബ്, മികച്ച സഹനടനുള്ള അക്കാദമി അവാർഡ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യുകയുമുണ്ടായി. 2015-ൽ, ഇൻഫിനിറ്റിലി പോളാർ ബിയർ എന്ന ചിത്രത്തിന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടു.