മുലപ്പാൽ![]() ഒരു മനുഷ്യ സ്ത്രീയുടെ സ്തനത്തിൽ സ്ഥിതി ചെയ്യുന്ന സസ്തനഗ്രന്ഥികൾ ഉൽപ്പാദിപ്പിക്കുന്ന പാലാണ് മുലപ്പാൽ ഇംഗ്ലീഷ്:Breast milk (breastmilk) അഥവാ mother's milk. മനുഷ്യന്റെ പാൽ മുലപ്പാൽ എന്നും സസ്തനികളിൽ പാൽ എന്നും പൊതുവെ വിളിക്കുന്നു. കൊഴുപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് (ലാക്ടോസ്, ഹ്യൂമൻ മിൽക്ക് ഒലിഗോസാക്രറൈഡുകൾ), മറ്റു ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ നവജാതശിശുക്കളുടെ പോഷകാഹാരത്തിന്റെ പ്രാഥമിക ഉറവിടമാണ് മുലപ്പാൽ. [2] അണുബാധയിൽ നിന്നും വീക്കത്തിൽ നിന്നും കുഞ്ഞിനെ സംരക്ഷിക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങളും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു, അതേസമയം രോഗപ്രതിരോധ സംവിധാനത്തിന്റെയും വയറ്റിലെ മൈക്രോബയോമിന്റെയും ആരോഗ്യകരമായ വികസനത്തിന് സംഭാവന നൽകുന്നു. [3] കുട്ടി ജനിച്ചയുടനെ മുലയിൽ നിന്നും ഊറി വരുന്ന പാലിനെ കൊളസ്ട്രം എന്നു വിളിക്കുന്നു. ഗ്രാമീണഭാഷയിൽ അമ്മിഞ്ഞപ്പാൽ എന്നു വിവക്ഷിക്കുന്നതും മുലപ്പാലിനെയാണ്. കുട്ടികൾ വളരുന്നതനുസരിച്ച് മാതാവിലെ മുലപ്പാൽ ഉത്പാദനം കുറയുകയും കുട്ടികൾ മറ്റുഭക്ഷണങ്ങൾ കഴിച്ചു തുടങ്ങുകയും ചെയ്യുന്നു. കുട്ടി മുലയിൽ നിന്ന് നേരിട്ട് കുടിക്കുന്നതാണ് സാധാരണ രീതിയെങ്കിലും പമ്പ് ചെയ്തെടുത്ത പാൽ കുപ്പിയിലൂടെയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ നൽകാറുമുണ്ട്. അമ്മയുടേതല്ലാതെ മറ്റു സ്ത്രീകളുടെ മുലപ്പാലും കുട്ടികൾക്ക് നൽകാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഉപദേശം ആദ്യത്തെ 6 മാസക്കാലം സ്ഥിരമായി മുലപ്പാൽ കൊടുക്കുകയും ഈ പ്രായത്തോടെ ഖരഭക്ഷണങ്ങൾ കൊടുത്തു തുടങ്ങുകയും ചെയ്യാമെന്നാണ്. മറ്റു ഭക്ഷണത്തോടൊപ്പം 2 വർഷം വരെ മുലപ്പാൽ കൊടുക്കണം. അതിനുശേഷം അമ്മയ്ക്കും കുട്ടിയ്ക്കും ആവുന്നിടത്തോളം മുലപ്പാൽ കുടിക്കുന്നത് തുടരാം. [4] ശൈശവത്തിലും അതു കഴിഞ്ഞും മുലയൂട്ടുന്നത് കുട്ടിയുടെ ആരോഗ്യത്തിന് നല്ലതാണ്. [5] ആരോഗ്യമുണ്ടെന്നു തോന്നിക്കുന്ന കുട്ടികൾ അപ്രതീക്ഷിതമായി മരിച്ചു പോകുന്നതിന്റെ (Sudden Infant Death Syndrome) സാദ്ധ്യത മുലയൂട്ടൽ കുറയ്ക്കും. [6] മുലയൂട്ടുന്ന കുട്ടികൾക്ക് ബുദ്ധിശക്തി കൂടുതലായിരിക്കും. [7] മദ്ധ്യകർണ്ണത്തിലെ അണുബാധയും, ജലദോഷവും, കുട്ടിക്കാലത്ത് തുടങ്ങുന്ന പ്രമേഹവും, ആസ്തമയും, എക്സീമ എന്ന ത്വക്ക് രോഗവും മറ്റും മുലയൂട്ടപ്പെടുന്ന കുട്ടികളിൽ കുറവായി കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത് രക്താർബുദം (childhood leukemia) വരാനുള്ള സാദ്ധ്യതയും മുലയൂട്ടൽ മൂലം ചെറുതായി കുറയും. പിൽക്കാലത്ത് പൊണ്ണത്തടി (obesity) ഉണ്ടാകാനുള്ള സാധ്യത മുലയൂട്ടപ്പെടാത്ത കുട്ടികളിൽ കൂടുതലാണ്. [8] മാനസികരോഗങ്ങളുണ്ടാകാനുള്ള സാദ്ധ്യതയും മുലയൂട്ടപ്പെടാത്ത (പ്രത്യേകിച്ച് ദത്തെടുക്കുന്ന) കുട്ടികളിൽ കൂടുതലാണ്. [9][10] മുലയൂട്ടൽ മൂലം അമ്മയ്ക്കും ഗുണങ്ങളുണ്ട്. പ്രസവശേഷം ഗർഭപാത്രം പൂർവസ്ഥിതിയിലെത്തുന്നതിനെയും ഗർഭത്തിനു മുൻപുള്ള ഭാരത്തിലേക്ക് തിരിച്ചെത്തുന്നതിനെയും മുലയൂട്ടൽ സഹായിക്കും. പ്രസവശേഷമുണ്ടാകുന്ന രക്തസ്രാവത്തിനും മുലയൂട്ടുന്ന അമ്മമാരിൽ സാദ്ധ്യത കുറവാണ്. മുലയൂട്ടൽ മാറിലെ അർബുദം വരാനുള്ള സാദ്ധ്യതയും കുറയ്ക്കും.[11] ഉത്പാദനംപ്രൊലാക്ടിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളുടെ പ്രവർത്തനത്താലാണ് പാലുത്പാദനം നടക്കുന്നത്. ആദ്യം ഉണ്ടാകുന്ന കൊളസ്ട്രം എന്ന പാലിൽ ഇമ്യൂണോഗ്ലോബുലിൽ IgA കൂടുതലായി കാണപ്പെടുന്നു. ഇത് ശിശുവിന്റെ രോഗപ്രതിരോധ സംവിധാനം പ്രവർത്തനസജ്ജമാകുന്നതു വരെ അസുഖങ്ങളെ തടയുന്നതിന് സഹായിക്കുന്ന ജൈവരാസവസ്തുവാണ്. ആവശ്യത്തിന് പാലുണ്ടാകാത്ത അവസ്ഥ വിരളമാണ്. അവികസിത രാജ്യങ്ങളിലെ ആവശ്യത്തിന് ഭക്ഷണം കിട്ടാത്ത അമ്മമാരും വികസിത രാജ്യങ്ങളിലെ സ്ത്രീകളുടെ അത്രയും തന്നെ അളവിൽ മുലപ്പാലുത്പാദിപ്പിക്കുന്നുണ്ടത്രേ. [12] മുലപ്പാൽ ആവശ്യത്തിൽ കുറവാകാൻ പല കാരണങ്ങളുണ്ട്. കുട്ടിക്ക് ശരിയായി കുടിക്കാൻ കഴിയാത്തതിനാൽ ആവശ്യത്തിന് പാൽ ചുരത്താത്തതാണ് ഒരു കാരണം. ഈസ്ട്രജൻ ഹോർമോണുള്ള ഗർഭനിരോധന ഗുളികകളൂം, അസുഖങ്ങളും, ജലാംശക്കുറവും മറ്റും കാരണം പാലിന്റെ അളവ് കുറഞ്ഞേയ്ക്കാം. ഷീഹാൻ സിൻഡ്രോം എന്ന പ്രസവശേഷം പിറ്റ്യൂട്ടറി ഗ്രന്ധിയെ ബാധിക്കുന്ന അസുഖവും അപൂർവമായി പാൽ കുറയുന്നതിന് കാരണമാവാം. അമ്മ എത്ര പ്രാവശ്യം മുലയൂട്ടുന്നുവോ, അത്രയും കൂടുതൽ പാലുത്പാദനം നടക്കും. [13][14][15][16][17] കുട്ടിക്ക് വിശക്കുമ്പോൾ പാല് കൊടുക്കുന്നത് കൃത്യമായ സമയക്രമം പാലിക്കുന്നതിനേക്കാൾ നല്ലതാണ്. ഘടകങ്ങൾ
ആദ്യദിവസങ്ങളിൽ ഉത്പാദിപ്പിക്കുന്ന കൊളസ്ട്രം ആന്റീബോഡികളും മാംസ്യവും നിറഞ്ഞതാണ്. മൂന്നോ നാലോ ദിവസങ്ങൾ കഴിഞ്ഞ് കൂടുതൽ നേർമയുള്ളതും മധുരമുള്ളതുമായ പാല് ഉണ്ടാകാൻ തുടങ്ങും. [19] ഇത് കുട്ടിയുടെ വിശപ്പും ദാഹവും മാറ്റാനും അവശ്യ പോഷകങ്ങൾ നൽകാനും പര്യാപ്തമാണ്. IgA യുടെ അളവെ 10 ദിവസം മുതൽ പ്രസവശേഷം 7.5 മാസം വരെ കൂടുതലായിരിക്കും. [20] പ്രമേഹമുള്ള അമ്മമാരുടെ മുലപ്പാലിന്റെ ഘടന കുറച്ച് വ്യത്യാസമുള്ളതാണ്. കൂടുതൽ അളവിൽ ഗ്ലൂക്കോസും ഇൻസുലിനും കുറഞ്ഞ അളവിൽ പോളി അൺസാച്യൂറേറ്റഡ് ഫാറ്റി അമ്ലങ്ങളുമാണ് പ്രമേഹമുള്ളവരിലെ മുലപ്പാലിൽ കാണപ്പെടുന്നത്. ഇത് കുടിക്കുന്ന കുട്ടികളിൽ ഭാഷ ഉപയോഗിക്കാനുള്ള കഴിവ് കുറവായിരിക്കുമെന്ന് കണ്ടിട്ടുണ്ട്. എങ്കിലും പ്രമേഹമുള്ള അമ്മമാർ മുലപ്പാൽ കൊടുക്കുന്നതു തന്നെയാണ് നല്ലത്. [21] മുലപ്പാലിനൊപ്പം ഗുണമുള്ള ഒരു വസ്തുവും വിപണിയിൽ ലഭ്യമല്ല എന്നത് ഇപ്പോൾ പർക്കെ സ്വീകാര്യമായ വസ്തുതയാണ്. മുലയൂട്ടുന്ന അമ്മമാർ ചികിത്സ്യ്ക്കായുള്ള മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുടെ ഉപദേശപ്രകാരമായിരിക്കണം. മരുന്നുകൾ, മദ്യം, മയക്കുമരുന്നുകൾ എന്നിവയൊക്കെ മുലപ്പാലിലൂടെ കുട്ടികളിലും എത്താൻ സാദ്ധ്യതയുണ്ട്. അമ്മയുടെ രോഗങ്ങളും കുട്ടികളെ ബാധിക്കാം. ചിലരാജ്യങ്ങളിൽ മുലപ്പാൽ ആവശ്യത്തിന് ഉത്പാദിപ്പിക്കാത്ത അമ്മമാരുടെ കുട്ടികൾക്ക് മുലപ്പാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം വാങ്ങാൻ കിട്ടും. [22] മറ്റു ജീവികളുടെ പാലുമായുള്ള താരതമ്യംസസ്തനികളെല്ലാം പാലുത്പാദിപ്പിക്കുന്ന ജീവികളാണ്. പാലിന്റെ ഘടന ഓരോ ജീവികളിലും വ്യത്യസ്തമായിരിക്കും. ഒരു പൊതു നിയമം ഇടയ്ക്കിടെ മുലയൂട്ടുന്ന മനുഷ്യനെപ്പോലുള്ള ജീവികളുടെ പാല് കൂടുതൽ നേർമയുള്ളതായിരിക്കുമെന്നാണ്. പശുവിൻ പാലിനേക്കാൾ വളരെ കട്ടി കുറവാണ് മുലപ്പാലിന്. പശുവിൻ പാലിൽ ആവശ്യത്തിന് വിറ്റാമിൻ ഇ യും അവശ്യ ഫാറ്റി അമ്ലങ്ങളും അടങ്ങിയിട്ടില്ല. മനുഷ്യനാവശ്യത്തിൽ കൂടുതൽ മാംസ്യവും, സോഡിയവും, പൊട്ടാസ്യവും പശുവിൻ പാലിൽ അടങ്ങിയിട്ടുണ്ട്. പശുവിൻ പാൽ കൊടുക്കുന്ന ശിശുവിന്റെ വൃക്കയ്ക്ക് ഇതു മൂലം തകരാറുണ്ടായേക്കാം. കൂടാതെ പശുവിൻ പാലിലെ മാംസ്യവും കൊഴുപ്പും ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും മനുഷ്യശിശുക്കൾക്ക് ബുദ്ധിമുട്ടാണ്. [23] അവലംബം
പുറത്തേക്കുള്ള ലിങ്കുകൾ
|
Portal di Ensiklopedia Dunia