യെറുശലേം ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കാസനം
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഭാഗമായ ഒരു സ്വയംശീർഷക വിഭാഗമാണ് യെറുശലേം ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കാസനം അഥവാ യെറുശലേം പാത്രിയാർക്കാസനം,[note 1] 5ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ റോമൻ ദേശീയ ക്രൈസ്തവ സഭയിൽ ഒരു പാത്രിയാർക്കാസനമായി ഉയർത്തപ്പെട്ട ഇത് ഇന്ന് ലോകവ്യാപകമായ കിഴക്കൻ ഓർത്തഡോക്സ് സഭാ കൂട്ടായ്മയുടെ ഭാഗമാണ്.[1] യെറുശലേമിലെ പൗരാണിക നഗരത്തിൽ സ്ഥിതിചെയ്യുന്ന പരിശുദ്ധ കബറിടത്തിന്റെ പള്ളിയാണ് സഭയുടെ ഔദ്യോഗിക ആസ്ഥാനം. യെറുശലേമിന്റെ പാത്രിയാർക്കീസ് എന്ന് ശീർഷകത്തിലാണ് സഭയുടെ അദ്ധ്യക്ഷൻ അറിയപ്പെടുന്നത്. ഇസ്രായേൽ, പലസ്തീൻ, ജോർദ്ദാൻ എന്നിവിടങ്ങളിലായി ഏകദേശം 2,00,000 മുതൽ 5,00,000 വരെ ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവർ ഈ സഭയുടെ പരിധിയിൽ ഉണ്ട്.[2][3] 1ാം നൂറ്റാണ്ടിൽ യെറുശലേമിൽ രൂപമെടുത്തു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന ആദ്യ ക്രൈസ്തവ സമൂഹത്തിന്റെ തുടർച്ച അവകാശപ്പെടുന്ന ഈ സഭ ക്രൈസ്തവ ചരിത്രത്തിലെ പ്രധാന ഭാഷയായ ഗ്രീക്ക് ഭാഷയിലുള്ള ബൈസാന്റിയൻ ആചാരക്രമമാണ് ആരാധനയ്ക്ക് ഉപയോഗിക്കുന്നത്. ജൂലിയൻ പഞ്ചാംഗം അനുസരിച്ചാണ് ഈ സഭയുടെ ആരാധനാക്രമവത്സരം ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്.[4][note 2] പലസ്തീനികളും ജോർദ്ദാനിയൻ പൗരന്മാരുമാണ് ഈ സഭയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുമെങ്കിലും സഭയുടെ അധികാരവ്യവസ്ഥയിൽ കൂടുതലും പുറത്തുനിന്നുള്ള ഗ്രീക്കുകാരാണ് ഉള്ളത്. ഇത് പലപ്പോഴും സഭയിൽ തുടരെത്തുടരെയുള്ള തർക്കങ്ങൾക്ക് കാരണമാകാറുണ്ട്. ബെത്ലഹേമിലെ തിരുജനനത്തിന്റെ പള്ളി, യെറുശലേമിലെ പരിശുദ്ധ കബറിടത്തിന്റെ പള്ളി എന്നിവിടങ്ങൾ ഉൾപ്പെടെ യേശുക്രിസ്തുവിന്റെ ജീവിതവുമായി നേരിട്ട് ബന്ധമുള്ള നിരവധി തീർത്ഥാടന കേന്ദ്രങ്ങളുടെ ഭരണച്ചുമതല വലിയ പങ്കുവരെ കൈയ്യാളുന്നത് ഈ സഭയാണ്. ചരിത്രം![]() ശ്ലൈഹിക കാലത്ത്, ക്രൈസ്തവികതയുടെ ആദ്യകാല കേന്ദ്രങ്ങൾ നിരവധി പ്രാദേശിക സഭകൾ ചേർന്നവയായിരുന്നു. ഇത്തരം സഭാസമൂഹങ്ങൾ, പ്രത്യേകിച്ച് യഹൂദ സ്വാധീനം ഏറിയവ, തുടക്കത്തിൽ ജറുസലേമിനെ തങ്ങളുടെ സിരാകേന്ദ്രമായും ഉത്ഭവസ്ഥാനമായും ഗണിച്ചു. നസ്രായനായ യേശുവിന്റെ അനുയായികൾ എന്ന നിലയിൽ അവർ 'നസ്രാണികൾ' എന്ന് അറിയപ്പെട്ടു. ഇവരിൽ ചിലർ റോമൻ സിറിയയിലെ പ്രധാന പട്ടണമായ അന്ത്യോഖ്യയിലേക്ക് തങ്ങളുടെ മതവിശ്വാസം പ്രചരിപ്പിച്ചു. പ്രധാനമായും ഗ്രീക്കുകാർ അധിവസിച്ചിരുന്ന അന്ത്യോഖ്യ അങ്ങനെ ക്രിസ്തീയതയുടെ രണ്ടാമത്തെ പ്രധാന പ്രചാരകേന്ദ്രമായി മാറി. ക്രിസ്ത്യാനികൾ എന്ന പേര് ആദ്യമായി ഉപയോഗിക്കപ്പെട്ടത് ഇവിടെവച്ചാണ്.[5] എന്നിരുന്നാലും ജെറുസലേമിന്റെ കേന്ദ്രസ്ഥാനം ക്രൈസ്തവ ചരിത്രത്തിൽ തുടർന്നുപോന്നു. അവലംബം
|
Portal di Ensiklopedia Dunia