ലോസ് അരായെനെസ് ദേശീയോദ്യാനം
ലോസ് അരായാനെസ് ദേശീയോദ്യാനം (Spanish: Parque Nacional Los Arrayanes), 17.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അർജന്റീനയിലെ ഒരു ദേശീയ ഉദ്യാനമാണ്. വില്ല ലാ അൻഗോസ്റ്റുറയിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിലുള്ള ന്യൂക്വെൻ പ്രവിശ്യയിലെ നഹ്വൽ ഹൂപ്പി തടാകത്തിൻറെ തീരത്തെ ക്വട്രിഹെ ഉപദ്വീപ് മുഴുവനായി ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. ഉപദ്വീപിന്റെ അവസാനഭാഗംവരെ പോകുന്ന വഴിയിൽ അരായൻ മരങ്ങൾ (Luma apiculate) കാണുവാൻ സാധിക്കുന്നു. 300 വർഷങ്ങൾ പഴക്കമുള്ള അരായൻ മരങ്ങൾ നിറഞ്ഞ വനങ്ങൾ തെക്കുഭാഗത്ത് 0.2 ചരുരശ്ര കിലോമീറ്റർ പ്രദേശങ്ങളെ ഉൾക്കൊള്ളുന്നു. നഹ്വെൽ ഹൂപ്പി തടാകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബോട്ടിലൂടെ ഈ വനത്തിലെത്തിച്ചേരാൻ കഴിയും, അല്ലെങ്കിൽ വില്ല ലാ അൻഗോസ്റ്റുറ തുറമുഖത്തിലെ ദേശീയോദ്യാനത്തിൻറെ തുടക്കത്തിൽ നിന്ന് 12 കിലോമീറ്റർ ദൂരമുള്ള പാതയിലൂടെയും ഇവിടെ എത്തിച്ചേരാൻ സാധിക്കുന്നു. മലഞ്ചെരിവിലെ ഉയരങ്ങളും താഴ്ച്ചകളും കൊണ്ടു നിറഞ്ഞ ഈ പാത തരണം ചെയ്യുന്നതിന സാധാരണയായി മൌണ്ടൻ ബൈക്കുകൾ ഉപയോഗിക്കുന്നു. ഈ പ്രദേശത്ത് പുഡു (ഒരുതരം മാൻ), ഹ്യൂമുൾ മാൻ, ഗ്വനാക്കോകൾ, മോണിറ്റോസ് ഡി മോണ്ടെ, കുറുനരികൾ എന്നീ മൃഗങ്ങളാണ് പ്രധാനമായുള്ളത്. പക്ഷികളിൽ കൊണ്ടോറുകൾ, പ്രാപ്പിടിയനുകൾ, പരുന്തുകൾ, മരംകൊത്തികൾ എന്നിവയെ കാണുവാൻ സാധിക്കുന്നു. ഇതു നേരത്തേതന്നെ നഹ്വെൽ ഹൂപ്പി ദേശീയോദ്യാനത്തിൻറെ ഭാഗമായിരുന്നെങ്കിലും, ഈ പ്രദേശത്തെ അപൂർവ്വമായ അരായൻ വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനായിട്ടാണ് ലോസ് അരായനെസ് ദേശീയോദ്യാനം 1971 ൽ രൂപീകരിക്കപ്പെട്ടത്. വേഗത്തിലൊടിയുന്ന തരത്തിലുള്ള ഈ മരങ്ങളുടെ വേരുകളും മണ്ണും സംരക്ഷിക്കുന്നതിനായും സന്ദർകർക്ക് കറുവപ്പട്ടയുടെ നിറമുള്ള വൃക്ഷങ്ങളുടെ കാഴ്ച്ച ആസ്വദിക്കുന്നതിനുമായി ഒരു മരം കൊണ്ടുള്ള നടപ്പാത ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. ചിത്രസഞ്ചയം
അവലംബം |
Portal di Ensiklopedia Dunia