വിക്രം ബത്ര
തൻ്റെ 24-ാം വയസ്സിൽ ഇന്ത്യാരാജ്യത്തിനുവേണ്ടി പൊരുതിമരിച്ച്, ഏറ്റവുംവലിയ സൈനികബഹുമതിയായ പരമവീര ചക്രംനേടിയ വീരയോദ്ധാവാണ്, ക്യാപ്‌ടൻ വിക്രം ബത്ര. 1999ലെ കാർഗിൽ യുദ്ധത്തിൽക്കാട്ടിയ വീരോചിതമായ സേവനത്തിനാണ് മരണാനന്തരബഹുമതിയായി അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. 1974 സെപ്റ്റംബർ 9ന് ഹിമാചൽ പ്രദേശിലെ ഗുജ്ജാർ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ജി. എൽ. ബത്രയും ജയ്‌കമൽ ബത്രയുമായിരുന്നു. മാതാപിതാക്കൾ. 1996ൽ ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ചേർന്നു. മനേക്ഷാ ബറ്റാലിന്റെ ജസ്സോർ കമ്പനിയിലായിരുന്ന അദ്ദേഹം ഇന്ത്യൻ കരസേനയുടെ പതിമൂന്നാം ജമ്മു കശ്മീർ റൈഫിൾസിൽ നിയമനംലഭിച്ചു. പിന്നീടദ്ദേഹം, ക്യാപ്‌റ്റൻ പദവിയിലേക്കുയർന്നു. 1999ലെ കാർഗിൽ യുദ്ധകാലത്ത്, പാക് പട്ടാളം കയ്യേറിയ പോയിന്റ് 5140 തിരികെപ്പിടിക്കാൻ നിയോഗിക്കപ്പെട്ടത്, ക്യാപ്‌റ്റൻ വിക്രം ബത്രയുടെ സംഘമാണ്. അസാമാന്യധൈര്യത്തിന്റെപേരിൽ 'ഷേർഷാ' എന്ന വിളിപ്പേരുനേടിയ അദ്ദേഹം, ശത്രുക്കളെ അപ്രതീക്ഷിതമായി ആക്രമിക്കാനാണു തീരുമാനിച്ചത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്കു കയറിയ ബത്രയും സംഘവും ശത്രുക്കളുടെ തൊട്ടുതാഴെയെത്തിയപ്പോൾ മലമുകളിൽനിന്നു ശക്തമായ മെഷീൻഗൺ ആക്രമണമുണ്ടായി. ഇതു വകവയ്ക്കാതെ ബത്രയും അഞ്ചുസൈനികരും മലമുകളിലേക്കു വലിഞ്ഞുകയറി. മുകളിലെത്തിയ അവർ, ശത്രുക്കളുടെനേർക്ക് ഗ്രനേഡുകൾ എറിഞ്ഞു. തുടർന്നുനടന്ന പോരാട്ടത്തിൽ, അദ്ദേഹം നാലുശത്രുസൈനികരെ വധിച്ചു. ഈ ആക്രമണത്തിൽ മാരകമായി മുറിവേറ്റിട്ടും പതറാതെ, അദ്ദേഹം, തൻ്റെ സഹപ്രവർത്തകരെ നയിക്കുകയും അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ബത്രയിൽനിന്നു പ്രചോദനമുൾക്കൊണ്ട ഇന്ത്യൻസൈനികർ മികച്ചപോരാട്ടംനടത്തി, ജൂൺ 20ന് പുലർച്ചെ 3.30ഓടെ പോയിന്റ് 5140 തിരിച്ച് പിടിച്ചു. ഈ പോരാട്ടത്തിൽ 8 പാകിസ്താൻ പട്ടാളക്കാർ കൊല്ലപ്പെടുകയും അവരുടെ മെഷീൻഗണ്ണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പോയിന്റ് 5140 തിരിച്ചുപിടിച്ചത്, തൂടർച്ചയായ ഏതാനും വിജയങ്ങൾക്കുകൂടെ വഴിവച്ചു. പോയിന്റ് 5100, പോയിന്റ് 4700 തുടങ്ങിയവയും ഇന്ത്യൻ പട്ടാളം പിടിച്ചു. ബത്രയും സംഘവും പോയിന്റ് 4740 കൂടെ പിടിച്ചെടുത്തു. ജൂലൈ 7ന് പുലർച്ചെ അവർ ശത്രുക്കളുടെ ശക്തികേന്ദ്രമായ പോയിന്റ് 4875 തിരിച്ചുപിടിക്കാനുള്ള ശ്രമംതുടങ്ങി. ഇരുവശവും അഗാധഗർത്തങ്ങൾനിറഞ്ഞ ആ പ്രദേശത്ത് എത്തിച്ചേരാനുള്ള ഏകവഴി ശത്രുക്കളുടെ നിയന്ത്രണത്തിലായിരുന്നു. പക്ഷേ ബത്രയും സംഘവും അവിടെയെത്തി. അഞ്ചു ശത്രുസൈനികരെ ബത്ര ഈ ആക്രമണത്തിൽ വധിച്ചു. മുറിവേറ്റ ഒരിന്ത്യൻസൈനികനെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുമ്പോൾ ശത്രുക്കളുടെ വെടിയേറ്റ്, ബത്ര ജീവൻവെടിഞ്ഞു. ഒന്നുകിൽ ഞാൻ ത്രിവർണ്ണപതാക ഉയർത്തിയിട്ടു തിരിച്ചുവരും അല്ലെങ്കിൽ അല്ലെങ്കിൽ അതു പുതച്ച്, തിരികെവരും. ഇതായിരുന്നു ബത്ര പോരാട്ടത്തിനിടയിൽ പറഞ്ഞത്. രാജ്യത്തിനുവേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തി, വീരസ്വർഗ്ഗംനേടിയ വിക്രം ബത്രയ്ക്ക് 1999 ഓഗസ്റ്റ് 15ന് മരണാനന്തരബഹുമതിയായി പരമവീരചക്രം നൽകപ്പെട്ടു. 2003ൽ ബത്രയെക്കുറിച്ച് എൽ. ഓ. സി. കാർഗിൽ എന്ന പേരിൽ ഒരു ചലചിത്രമിറങ്ങുകയുണ്ടായി. 2021-ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമ ഷേർഷാ അദ്ദേഹത്തെക്കുറിച്ചാണ് നിർമ്മിച്ചത്.
|
Portal di Ensiklopedia Dunia