വിഷ്ണുവർധൻ
കന്നട ചലച്ചിത്രരംഗത്തെ ഒരു നടനും ഗായകനുമായിരുന്നു വിഷ്ണുവർദ്ധൻ (കന്നഡ: ವಿಷ್ಣುವರ್ಧನ್) (സെപ്റ്റംബർ 18, 1949 - ഡിസംബർ 30 2009[1]) കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. രാജ്കുമാറിനു ശേഷം കന്നഡ ചലച്ചിത്രവക്താവായിരുന്നു. സമ്പത് കുമാർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. നായകനടനായുള്ള തന്റെ ആദ്യ സിനിമയായ നാഗരഹാവു എന്ന ചിത്രം സംവിധാനം ചെയ്ത പുട്ടണ്ണ കനഗൽ ആണ് ഇദ്ദേഹത്തിന്റെ പേർ വിഷ്ണുവർദ്ധൻ എന്നാക്കാൻ നിർദ്ദേശിച്ചത്. കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൗരവർ എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിലൂടെ ഇദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധേയനായി. യാത്രാമൊഴി, നരസിംഹം , മഴത്തുള്ളിക്കിലുക്കം തുടങ്ങി നിരവധി മലയാളചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത കന്നഡ നടി ഭാരതിയാണു ഇദ്ദേഹത്തിന്റെ ഭാര്യ. കീർത്തി, ചന്ദന എന്ന് പേരുള്ള രണ്ട് വളർത്തു മക്കൾ ഉണ്ട് ഇദ്ദേഹത്തിന്. കരിയർഗിരീഷ് കർണാട് സംവിധാനം ചെയ്ത ദേശീയ അവാർഡ് നേടിയ ചിത്രം വംശ വൃക്ഷ ആണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. എന്നാൽ നായകനായി അഭിനയിച്ച ആദ്യ ചിത്രം പുട്ടണ്ണ കനഗൽ സംവിധാനം ചെയ്ത നാഗരഹാവു എന്ന ചിത്രമാണ്. ഈ സിനിമയുടെ വിജയം വിഷ്ണുവർദ്ധനെ അറിയപ്പെടുന്ന ഒരു താരമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരവും ലഭിച്ചു. ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിഷ്ണുവർദ്ധന് ഏഴു തവണ മികച്ച നടനുളള കർണാടക സർക്കാരിന്റെ പുരസ്‌കാരവും ഏഴു തവണ ഫിലിംഫെയർ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. നിരവധി കന്നഡ ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുള്ള വിഷ്ണുവർദ്ധൻ അറിയപ്പെടുന്ന പിന്നണിഗായകൻ കൂടിയായിരുന്നു. ഭക്തി ഗാന ആൽബങ്ങളിലൂടെ ഗായകനായി മാറിയ അദ്ദേഹത്തിന്റേതായി ആദ്യം പുറത്തു വന്ന ആൽബം അയ്യപ്പസ്തുതിഗീതങ്ങളാണ്. നാഗരഹാവു, മുതിന ഹാര, ഹോംബിസിലു, ബന്ധന, നാഗറഹോളെ, യജമാന തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ്. മണിച്ചിത്രത്താഴ്, ഹിറ്റ്‌ലർ, രാജമാണിക്യം എന്നീ മലയാള സിനിമകൾ കന്നഡയിൽ പുനർനിർമ്മിച്ചപ്പോൾ വിഷ്ണുവർദ്ധൻ ആയിരുന്നു നായകൻ. കൗരവർ എന്ന മലയാളചിത്രത്തിൽ ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മരണംചലച്ചിത്രലോകത്ത് നിറഞ്ഞുനിൽക്കുന്നതിനിടയിൽ തികച്ചും അപ്രതീക്ഷിതമായി 2009 ഡിസംബർ 30-നായിരുന്നു വിഷ്ണുവർധന്റെ അന്ത്യം. 59 വയസ്സായിരുന്നു അദ്ദേഹത്തിന്. മൈസൂരിലേയ്ക്ക് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയ വിഷ്ണുവർധൻ അവിടെവച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം കർണാടകത്തിൽ വ്യാപകമായ പ്രക്ഷോഭങ്ങൾക്കിടയാക്കി. നിരവധി ആരാധകർ ആത്മഹത്യ ചെയ്യുകയും മറ്റുചിലർ ഹൃദയാഘാതം വന്ന് മരിയ്ക്കുകയും ചെയ്തു. പലയിടത്തും അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ശവസംസ്കാരച്ചടങ്ങിനിടയിലുണ്ടായ അക്രമങ്ങൾ തടയാൻ പോലീസ് പണിപെട്ടു. ഒടുവിൽ അദ്ദേഹത്തിന്റെ സുഹൃത്തും മറ്റൊരു പ്രമുഖ കന്നഡ നടനുമായ അംബരീഷ് ഇറങ്ങിത്തിരിച്ചു. മൃതശരീരം ബാംഗ്ലൂരിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെത്തന്നെ സംസ്കരിച്ചു. അവലംബം
|
Portal di Ensiklopedia Dunia