(2005-11-05) 5 നവംബർ 2005 (age 19) വയസ്സ്) കോഴിക്കോട്,കേരള
വർഷങ്ങളായി സജീവം
2013-present
കേരളത്തിൽനിന്നുള്ള ഒരു സിനിമാ പിന്നണി ഗായികയാണ് ശ്രേയ ജയദീപ് (ജനനം: 5 നവംബർ 2005). മലയാളത്തിലെ സംഗീത ആൽബങ്ങൾക്കും ഏതാനും സിനിമകൾക്കുമായി ഗാനങ്ങൾ ആലപിച്ചിരുന്നു. സൂര്യ ടിവിയിലെ സൂര്യ സിംഗർ, സൺ ടിവിയിലെ സൺ സിംഗർ എന്നീ ടെലിവിഷൻ റിയാലിറ്റി ഷോകളിലും ശ്രേയ പ്രത്യക്ഷപ്പെട്ടിരുന്നു.
ജീവിതരേഖ
2005 ൽ കോഴിക്കോട് ജയദീപിൻറേയും പ്രസീതയുടേയും മകളായി ജനിച്ചു. സൗരവ് എന്ന പേരിൽ ഒരു ഇളയ സഹോദരനുണ്ട്. കേവലം പത്തുവയസ്സായപ്പോഴേക്കും 50 ലധികം ഭക്തിഗാനങ്ങളും, ചലച്ചിത്ര ഗാനങ്ങളും ശ്രേയയുടേതായി റെക്കോർഡുചെയ്യപ്പെട്ടിരുന്നു. ശ്രേയയുടെ ആദ്യ ഗാനം ഹിതം എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബത്തിലായിരുന്നു. പിന്നീട് ശ്രേയം എന്ന പേരിൽ പുറത്തിറങ്ങിയ മുഴുനീള ആൽബം റെക്കോർഡുചെയ്യപ്പെട്ടു. രണ്ടു വയസ്സുള്ളപ്പോൾ ടെലിവിഷനുംറേഡിയോയും ശ്രവിക്കുമ്പോൾ ശ്രേയ പാടാൻ തുടങ്ങിയിരുന്നുവെന്ന് മാതാവ് ഓർമ്മിക്കുന്നു. നാലാമത്തെ വയസ്സിൽ ശ്രേയ ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ തുടങ്ങി.[1] മൂന്നാമത്തെ വയസ്സിൽ സംഗീത പാഠങ്ങൾ പഠിക്കുവാനാരംഭിച്ച ശ്രേയ താമരക്കാട് കൃഷ്ണൻ നമ്പൂതിരിയിൽനിന്നു ശാസ്ത്രീയ സംഗീതവും പിന്നണി ഗായകൻ സതീഷ് ബാബുവിൽനിന്ന് സംഗീതത്തിന്റെ വിവിധ വിഭാഗങ്ങളിൽ പരിശീലനവും നേടി. കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസം ആരംഭിച്ച ശ്രേയ നിലവിൽ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
സംഗീത രംഗം
2013 ൽ, എട്ടാം വയസ്സിൽ സൂര്യ ടിവിയിൽ കുട്ടികൾക്കായി അവതരിപ്പിച്ചിരുന്ന സൂര്യ സിംഗർ എന്ന മത്സരത്തിൽ പങ്കെടുക്കുകയും അതിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുകയും ചെയ്തു.[2] പിന്നീട് 2014 ൽ സൺ ടിവി അവതരിപ്പിച്ച സൺ സിംഗർ എന്ന തമിഴ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഒന്നാം സമ്മാനം കരസ്ഥമാക്കി. പിന്നണി ഗായികയെന്ന നിലയിൽ ശ്രേയ ജയദീപ് അരങ്ങേറ്റം കുറിച്ചത് വീപ്പിംഗ് ബോയ് എന്ന മലയാള സിനിമയിലെ "ചെമ ചെമ ചെമന്നൊരു", "താരാട്ടുപാട്ടും" എന്നിങ്ങനെ തുടങ്ങുന്ന രണ്ടു ഗാനങ്ങളിലൂടെയായിരുന്നു. അതിനുശേഷം കൂടുതൽ സിനിമാ അവസരങ്ങൾ ലഭിക്കുകയും നിരവധി മലയാള ചലച്ചിത്രങ്ങളിൽ പിന്നണി ഗായികയെന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തു. അമർ അക്ബർ ആന്റണി (2015) എന്ന ചിത്രത്തിലെ "എന്നോ ഞാനെൻറെ" എന്നു തുടങ്ങുന്ന ഗാനം പിന്നണി ഗാനരംഗത്ത് ശ്രേയയ്ക്ക് ഒരു വഴിത്തിരിവായിരുന്നു.
2016 ൽ ഒപ്പം എന്ന മോഹൻലാൽ സിനിമയിൽ "മിനുങ്ങും മിന്നാമിനുങ്ങേ" എന്ന ഗാനം ആലപിക്കുകയും അത് ഈ വർഷത്തെ ഏറ്റവും ജനപ്രിയ മലയാള ഗാനങ്ങളിലൊന്നായി മാറുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.