2007-ൽ ബി.സി.സി.ഐ ആരംഭിച്ച പ്രൊഫഷണൽ ട്വന്റി 20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11-ാമത്തെ സീസണാണ് 2018 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ 11. 2018 ഏപ്രിൽ 7 മുതൽ മേയ് 27 വരെയാണ് ഈ സീസണിലെ കളികൾ നടന്നത്. 2013-ലെ ഐ.പി.എൽ വാതുവെപ്പ് കേസിലെ പങ്കിനെത്തുടർന്ന് ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ തിരിച്ചെത്തിയത് 11-ാം സീസണിലാണ്. 2018 മുതൽ 5 വർഷത്തേക്കുള്ള പ്രക്ഷേപണ അവകാശങ്ങൾ സ്റ്റാർ സ്പോർട്സ്, ₹16,347.5 കോടി ($2.55 ബില്യൺ) രൂപയ്ക്ക് സ്വന്തമാക്കി. [1]
ഫൈനൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ടു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ചെന്നൈ സൂപ്പർ കിംഗ്സ് 11-ാമത്തെ സീസണിലെ ജേതാക്കളായി. ഇത് മൂന്നാം തവണയാണ് ചെന്നൈ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം നേടുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ കെയ്‌ൻ വില്യംസൺ, 735 റണ്ണുകൾ നേടി കൂടുതൽ റണ്ണുകൾ നേടിയതിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. കിങ്സ് ഇലവൻ പഞ്ചാബിന്റെ ആൻഡ്രൂ ടൈ, 24 വിക്കറ്റുകൾ നേടി കൂടുതൽ വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി. ഈ സീസണിലെ മാൻ ഓഫ് ദി സീരിസായി തിരഞ്ഞെടുക്കപ്പെട്ടത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനിൽ നരെയ്‌ൻ ആയിരുന്നു. ടൂർണമെന്റിലെ എമേർജിങ് പ്ലെയറായി ഡെൽഹി ഡെയർഡെവിൾസിന്റെ കളിക്കാരനായ ഋഷഭ് പന്തും തിരഞ്ഞെടുക്കപ്പെട്ടു.
പശ്ചാത്തലം
അംപയർ ഡിസിഷൻ റിവ്യൂ അഥവാ ഡി.ആർ.എസ് സംവിധാനം ഉപയോഗിച്ച ആദ്യത്തെ ഐ.പി.എൽ സീസണായിരുന്നു ഇത്.[2] ഐ.പി.എൽ മത്സരങ്ങൾ വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന സംവിധാനമായ ഐ.പി.എൽ ഫാൻപാർക്ക് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലായുള്ള 36 നഗരങ്ങളിൽ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. [3] മിഡ്-സീസൺ ട്രാൻസ്ഫർ ആദ്യമായി ഉപയോഗിച്ച സീസണുമായിരുന്നു ഇത്. സീസണിലെ പകുതി മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അഞ്ച് ദിവസത്തേക്ക് ട്രാൻസ്ഫർ ജാലകം വഴി കളിക്കാരെ സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഈ സംവിധാനം വഴി രണ്ട് കളികളിലധികം കളിച്ച കളിക്കാരെ സ്വന്തമാക്കാൻ കഴിയില്ലായിരുന്നു.[4]
ഫോർമാറ്റ്
2018-ലെ സീസണിൽ ആകെ എട്ട് ടീമുകളാണ് മത്സരിച്ചത്. ഡബിൾ റൗണ്ട് റോബിൻ ടൂർണമെന്റ് ഫോർമാറ്റ് പ്രകാരം ഈ ടൂർണമെന്റിലാകെ ഓരോ ടീമും എതിർ ടീമിനെതിരെ രണ്ട് മത്സരങ്ങൾ കളിക്കുകയുണ്ടായി. ഇതിൽ ഒരു മത്സരം ഹോം ഗ്രൗണ്ടിൽ വച്ചും രണ്ടാമത്തെ മത്സരം എതിർ ടീമിന്റെ ഗ്രൗണ്ടിൽ വച്ചുമായിരുന്നു. ഡബിൾ റൗണ്ട് റോബിൻ ലീഗിന്റെ അവസാനം ലഭിച്ച പോയിന്റുകളുടെ അടിസ്ഥാനത്തിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേഓഫുകൾ കളിക്കാൻ യോഗ്യത നേടും. ഈ നിലയിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയ ടീമുകൾ ക്വാളിഫയർ 1 എന്ന ആദ്യ പ്ലേ ഓഫിൽ മത്സരിക്കും. അവശേഷിക്കുന്ന രണ്ട് ടീമുകൾ എലിമിനേറ്റർ എന്ന രണ്ടാമത്തെ പ്ലേ ഓഫിലും മത്സരിക്കും. ക്വാളിഫയർ 1-ൽ വിജയിക്കുന്ന ടീം ഫൈനൽ മത്സരത്തിലേക്ക് നേരിട്ട് യോഗ്യത നേടുകയും പരാജയപ്പെടുന്ന ടീം എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി ക്വാളിഫയർ 2-ൽ മത്സരിക്കുകയും ചെയ്യുന്നു. ക്വാളിഫയർ 2-ൽ വിജയിക്കുന്ന ടീം ഫൈനൽ മത്സരത്തിലേക്ക് കളിക്കാൻ യോഗ്യത നേടുന്നു. ഫൈനൽ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ വിജയിയായി പ്രഖ്യാപിക്കുന്നു. 2018 ഫെബ്രുവരി 14-നാണ് 11-ാം സീസണിലെ മത്സര തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.[5]
സംപ്രേഷണം
ആഗോള തലത്തിലെ 2018 മുതൽ 5 വർഷത്തേക്കുള്ള ഐ.പി.എല്ലിന്റെ സംപ്രേഷണ അവകാശം ₹16,347.5 കോടി ($2.55 ബില്യൺ) രൂപയ്ക്ക് സ്റ്റാർ സ്പോർട്സ് സ്വന്തമാക്കി.[1]ഇന്ത്യയിൽ, സ്റ്റാർ നെറ്റ്‌വർക്കിന് കീഴിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, ബംഗാളി എന്നീ ആറ് ഭാഷകളിലായുള്ള ടെലിവിഷൻ ചാനലുകളിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യും.[6] ആദ്യമായി ദൂരദർശൻ ചാനലിലും ഐ.പി.എൽ സംപ്രേഷണം ചെയ്യുകയുണ്ടായി.[7] അമേരിക്കൻ ഐക്യനാടുകൾ, കാനഡ എന്നീ രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്യാനുള്ള അവകാശം വില്ലോ ടി.വി.യും ബ്രിട്ടനിലെ അവകാശം സ്കൈ സ്പോർട്സും ഓസ്ട്രേലിയയിലെ അവകാശം ഫോക്സ് സ്പോർട്സും ന്യൂസിലാന്റിലെ അവകാശം സ്കൈ സ്പോർട്സും സഹാറൻ ആഫ്രിക്കയിലെ അവകാശം സൂപ്പർസ്പോർട്ടും വടക്കേ അമേരിക്കയിലെ അവകാശം ബെൽഎൻ സ്പോർട്സും കരീബിയൻ ഭാഗങ്ങളിലെ അവകാശം ഫ്ലോ ടി.വി.യും പാകിസ്താനിലെ അവകാശം ജിയോ സൂപ്പറും ബംഗ്ലാദേശിലെ അവകാശം ചാനൽ 9ഉം അഫ്ഗാനിസ്ഥാനിലെ അവകാശം ലെമർ ടി.വി.യും സ്വന്തമാക്കി.[6] റേഡിയോ സംപ്രേഷണ അവകാശങ്ങൾ ആഗോളതലത്തിൽ ക്രിക്കറ്റ് റേഡിയോയും (ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൊഴികെ), അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ 89.1 റേഡിയോ 4 എഫ്.എം, ഗോൾഡ് 101.3 എഫ്.എം എന്നിവരും സ്വന്തമാക്കി.[6] സ്റ്റാറിന്റെ ഡിജിറ്റൽ ആപ്പായ ഹോട്ട്‌സ്റ്റാർ, ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ ഡിജിറ്റൽ സംപ്രേഷണാവകാശം വാങ്ങി. ബ്രിട്ടനിലെ ഡിജിറ്റൽ അവകാശങ്ങൾ സ്കൈ സ്പോർട്സും, ഓസ്ട്രേലിയയിലേത് ഫോക്സ് സ്പോർട്സും, ന്യൂസിലാന്റിലേത് സ്കൈ സ്പോർട്സും, സഹാറൻ ആഫ്രിക്കയിലേത് സൂപ്പർസ്പോർട്ടും, വടക്കേ അമേരിക്കയിലേത് ബെൽഎൻ സ്പോർട്സും, കരീബിയയിലേത് ഫ്ലോ ടി.വി.യും പാകിസ്താനിലേത് ജിയോ സൂപ്പറും ബംഗ്ലാദേശിലേത് ചാനൽ 9ഉം തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേത് യപ്പ് ടി.വി.യും സ്വന്തമാക്കി.[6] ഐ.പി.എൽ മത്സരങ്ങൾ വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രദർശിപ്പിക്കാനും സ്റ്റാർ ഇന്ത്യ തീരുമാനിച്ചിരുന്നു.[8]
മത്സരവേദികൾ
ഔദ്യോഗികമായി പുറത്തിറങ്ങിയ ഷെഡ്യൂൾ പ്രകാരം കിങ്സ് ഇലവൻ പഞ്ചാബ് ഒഴികെയുള്ള ടീമുകൾ മുൻവർഷങ്ങളിൽ അവർ കളിച്ച അതേ ഗ്രൗണ്ട് തന്നെ ഇത്തവണയും ഹോം ഗ്രൗണ്ടായി കണക്കാക്കുമെന്ന് അറിയിച്ചിരുന്നു. കിങ്സ് ഇലവൻ പഞ്ചാബ്, അവരുടെ മൂന്ന് ഹോം മത്സരങ്ങൾ ഇൻഡോറിലും നാല് ഹോം മത്സരങ്ങൾ മൊഹാലിയിലും കളിക്കാൻ തീരുമാനിച്ചു.[5] എന്നാൽ പിന്നീട് ഷെഡ്യൂളിൽ മാറ്റം വരുത്തുകയും ചണ്ഡീഗഡ് വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടതിനെത്തുടർന്ന് പഞ്ചാബ്, 3 മത്സരങ്ങൾ മൊഹാലിയിലും 4 മത്സരങ്ങൾ ഇൻഡോറിലും കളിക്കുമെന്ന് അറിയിക്കുകയും ചെയ്തു. [9] ചെന്നൈയിലെ ഐ.പി.എൽ മത്സരങ്ങൾ 2018-ലെ കാവേരി നദീജല തർക്കം കാരണം ഭീഷണിയിലായിരുന്നു.[10] ചെന്നൈയിൽ ഐ.പി.എൽ മത്സരങ്ങൾ നടത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലഭിച്ച പൊതുതാൽപ്പര്യ ഹർജി പ്രകാരം മദ്രാസ് ഹൈക്കോടതി, ബി.സി.സി.ഐയ്ക്ക് നോട്ടീസ് നൽകുകയുണ്ടായി. [11] ഏപ്രിൽ 11-ന്, ചെന്നൈയുടെ അവശേഷിക്കുന്ന ആറ് ഹോം മത്സരങ്ങൾ പൂനെയിൽ വച്ച് നടത്തുമെന്ന് ബി.സി.സി.ഐ അറിയിക്കുകയുണ്ടായി. [12]
പത്ത് വേദികളാണ് മത്സരങ്ങൾ നടത്താൻ തിരഞ്ഞെടുത്തത്. ടൂർണമെന്റിലെ ആദ്യത്തെ മത്സരവും അവസാന മത്സരവും മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുക. എന്നാൽ രണ്ട് പ്ലേ ഓഫുകളുടെ വേദി മുൻവർഷത്തെ റണ്ണറപ്പുകളുടെ ഹോം ഗ്രൗണ്ടിൽ വച്ച് നടക്കേണ്ടതായിരുന്നെങ്കിലും 2017-ലെ റണ്ണറപ്പായ റൈസിങ് പൂനെ സൂപ്പർജയന്റ്സ് ഇത്തവണ കളിക്കാത്തതിനാൽ പ്ലേ ഓഫുകളുടെ വേദി പ്രഖ്യാപിച്ചിരുന്നില്ല. [13] തുടർന്ന് രണ്ട് പ്ലേ ഓഫുകളും പൂനെയിൽ നടത്താൻ തീരുമാനിച്ചെങ്കിലും ചെന്നൈയുടെ ഹോം മത്സരങ്ങൾ പൂനെയിലേക്ക് മാറ്റിയതോടെ പ്ലേ ഓഫുകൾ കൊൽക്കത്തയിലേക്ക് മാറ്റി. [14][15]
ഐ.പി.എൽ ഫ്രാഞ്ചൈസികൾക്ക് അവരുടെ നിലവിലെ ടീമിൽ നിന്ന് പരമാവധി അഞ്ച് കളിക്കാരെ നിലനിർത്താമെന്ന് ഐ.പി.എൽ ഗവേണിങ് കൗൺസിൽ അറിയിച്ചിരുന്നു. ഇവർ കൂടാതെ 3 കളിക്കാരെ താരലേലത്തിലൂടെയും 3 കളിക്കാരെ റൈറ്റ്-ടു-കാർഡ് സംവിധാനത്തിലൂടെയും ഫ്രാഞ്ചൈസികൾക്ക് സ്വന്തമാക്കാമായിരുന്നു. 11-ാം സീസണിൽ ഓരോ ടീമിന്റെയും സാലറി ക്യാപ് ₹66 കോടിയിൽനിന്നും ₹80 കോടി (ഏകദേശം $12.4 മില്യൺ) രൂപയായി വർധിച്ചു. താരലേലത്തിന് മുൻപ് പരമാവധി ₹33 കോടി രൂപയും താരലേലത്തിൽ പരമാവധി ₹47 കോടി രൂപയും മാത്രമേ ടീമുകൾക്ക് ചെലവാക്കാൻ സാധിച്ചിരുന്നുള്ളൂ. [16][17]
ജനുവരി 4-നു മുൻപായി എല്ലാ ഐ.പി.എൽ ടീമുകളും നിലനിർത്തുന്ന കളിക്കാരുടെ വിവരങ്ങൾ സമർപ്പിക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. ഐ.പി.എൽ ചരിത്രത്തിലാദ്യമായി, സ്റ്റാർ സ്പോർട്സിലൂടെ ഈ പരിപാടി തത്സമയം സംപ്രേഷണം ചെയ്തു.[18] സെയ്ദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനൽ മത്സരത്തിന് ഒരു ദിവസം മുൻപ് ജനുവരി 27, 28 തീയതികളിലായി ബാംഗ്ലൂരിൽ വച്ചായിരുന്നു താരലേലം നടന്നത്. [19]
ആകെ 169 കളിക്കാർ (104 ഇന്ത്യക്കാരും 56 വിദേശീയരും) താരലേലത്തിൽ വിൽക്കപ്പെട്ടു. ₹12.5 കോടി (US$1.95 ദശലക്ഷം) രൂപയ്ക്ക് ബെൻ സ്റ്റോക്സ് ആണ് കൂടുതൽ തുകയ്ക്ക് സ്വന്തമാക്കിയ കളിക്കാരൻ. ₹11.5 കോടി (US$1.80 ദശലക്ഷം) രൂപയ്ക്ക് ജയ്ദേവ് ഉനദ്കട്ട് ആയിരുന്നു ഏറ്റവും കൂടുതൽ തുകയ്ക്ക് സ്വന്തമാക്കിയ ഇന്ത്യൻ കളിക്കാരൻ. എന്നാൽ ലസിത് മലിംഗ, ഡെയ്ൽ സ്റ്റെയ്‌ൻ, ഇശാന്ത് ശർമ്മ, ഹാഷിം അംല, മാർടിൻ ഗപ്‌ടിൽ, ജോ റൂട്ട് എന്നിവരെ ഒരു ടീമും സ്വന്തമാക്കിയില്ല. [20]
ഉദ്ഘാടന പരിപാടി
ഏപ്രിൽ 7 നു മുൻപായി ഒറ്റ് ഉദ്ഘാടന പരിപാടിയായിരുന്നു 11-ാം സീസണിനുണ്ടായിരുന്നത്. ഈ സമ്മേളനത്തിൽ വരുൺ ധവാൻ, പ്രഭുദേവ, മിൽഖ സിങ്, തമന്ന ഭാട്ടിയ, ജാക്വലിൻ ഫെർണാണ്ടസ്, ഹൃഥ്വിക് റോഷൻ എന്നിവർ പരിപാടികൾ അവതരിപ്പിച്ചിരുന്നു. [21]
സണ്രൈസേഴ്സ് ഹൈദരാബാദ് 14 റണ്ണുകൾക്ക് വിജയിച്ചു. ഈഡൻ ഗാർഡൻസ്, കൊൽക്കത്ത അമ്പയർമാർ: കുമാർ ധർമസേന (ശ്രീലങ്ക), നിതിൻ മേനോൻ (ഇന്ത്യ) കളിയിലെ താരം: റാഷിദ് ഖാൻ (സണ്രൈസേഴ്സ് ഹൈദരാബാദ്)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.