2020 സെപ്റ്റംബറിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ നിരന്തര പ്രതിഷേധമാണ് 2020 ലെ ഇന്ത്യൻ കർഷകരുടെ പ്രതിഷേധം. പല കർഷക യൂണിയനുകളും ഈ നടപടികളെ "കർഷക വിരുദ്ധ നിയമങ്ങൾ" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.[3][4] ഇത് കർഷകരെ "കോർപ്പറേറ്റുകളുടെ കാരുണ്യത്തിൽ" ഉപേക്ഷിക്കുമെന്ന് പ്രതിപക്ഷത്തിൽ നിന്നുള്ള രാഷ്ട്രീയക്കാരും പറയുന്നു.[5][6] കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വലിയ സ്വകാര്യകച്ചവടക്കാരുമായി നേരിട്ട് വിൽക്കുന്നതിന് ഈ നിയമങ്ങൾ അനായാസമാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നു. മാത്രമല്ല തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതെന്നും സർക്കാർ പറയുന്നു.[7][8][9]
ഈ നിയമങ്ങൾ നിലവിൽ വന്നയുടനെ കർഷക സംഘടനകൾ പ്രാദേശിക പ്രതിഷേധം ആരംഭിച്ചു, കൂടുതൽ പ്രതിഷേധങ്ങൾ പഞ്ചാബിൽ നിന്നായിരുന്നു.[8] രണ്ടുമാസത്തെ പ്രതിഷേധത്തിനുശേഷം, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ ദില്ലി ചലോ (വിവർത്തനം: ദില്ലിയിലേക്ക് പോകാം) എന്ന പേരിൽ ഒരു പ്രസ്ഥാനം ആരംഭിച്ചു, അതിൽ അണിനിരന്ന് പതിനായിരക്കണക്കിന് കർഷക സംഘടനകൾ രാജ്യ തലസ്ഥാനത്തേക്ക് മാർച്ച് നടത്തി.[10] കർഷക സംഘടനകൾ ഹരിയാനയിലേക്കും പിന്നീട് ദില്ലിയിലേക്കും പ്രവേശിക്കുന്നത് തടയാൻ ഇന്ത്യൻ സർക്കാർ വിവിധ സംസ്ഥാനങ്ങളിലെ പോലീസിനും നിയമപാലകർക്കും ഉത്തരവിട്ടു. പോലീസ് കർഷക സംഘടനകളെ ജലപീരങ്കികൾ, കണ്ണീർ വാതകം, ലാത്തി എന്നിവ ഉപയോഗിച്ച് തടയാൻ തുടങ്ങി. നവംബർ 26 ന് കർഷക സംഘടനകളെ പിന്തുണച്ച് രാജ്യവ്യാപകമായി 250 ദശലക്ഷം ആളുകൾ പങ്കെടുത്ത പൊതു പണിമുടക്ക് നടന്നു. [11] നവംബർ 30 ന് ഇന്ത്യാ ടുഡെ കണക്കാക്കുന്നത് ഏകദേശം 200,000 മുതൽ 300,000 വരെ കർഷകർ വിവിധ അതിർത്തി സ്ഥലങ്ങളിൽ നിന്നും ദില്ലിയിലേക്കുള്ള യാത്രയിൽ അണിചേരുന്നു എന്നാണ്.[12]
ഏകദേശം 50 ഓളം കർഷക സംഘടനകൾ നിലവിൽ ഈ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ട്.അതേസമയം കാർഷിക നിയമങ്ങളെ പിന്തുണച്ച് ചില സംഘടനകൾ രംഗത്തുവന്നിട്ടുണ്ടെന്ന് ഇന്ത്യൻ സർക്കാർ അവകാശപ്പെടുന്നു.[13][14]ദശലക്ഷത്തിലധികം ട്രക്കർ ഡ്രൈവർമാരെ പ്രതിനിധീകരിക്കുന്ന ഗതാഗത സംഘടനകൾ ചില സംസ്ഥാനങ്ങളിൽ ആവശ്യസാധനകളുടെ വിതരണം നിർത്തുമെന്ന മുന്നറിയിപ്പുമായി കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.[15]ഡിസംബർ 4 ന് സർക്കാരുമായി നടന്ന ചർച്ചയിൽ കർഷക യൂണിയനുകളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ, 2020 ഡിസംബർ 8 ന് ഇന്ത്യയിലുടനീളം മറ്റൊരു പണിമുടക്കുമായി മുന്നോട്ടുപോകാൻ കർഷക സംഘടനകൾ പദ്ധതിയിട്ടു.നിയമങ്ങളിൽ ചില ഭേദഗതികൾ ആവാം എന്ന് സർക്കാർ വാഗ്ദാനം ചെയ്‌തെങ്കിലും നിയമങ്ങൾ റദ്ദാക്കൽ അല്ലാതെ മറ്റൊരു വീട്ടുവീഴ്ചക്കും സംഘടനകൾ തയ്യാറയില്ല.ഡിസംബർ 12 മുതൽ കർഷക സംഘടനകൾ ഹരിയാനയിലെ ഹൈവേ ടോൾ പ്ലാസകൾ ഏറ്റെടുക്കുകയും വാഹനങ്ങൾ സൗജന്യമായി കടത്തിവിടാൻ അനുവദിക്കുകയും ചെയ്തു.ഡിസംബർ പകുതിയോടെ ദില്ലിക്ക് ചുറ്റും പ്രതിഷേധക്കാർ സൃഷ്ടിച്ച ഉപരോധങ്ങൾ നീക്കം ചെയ്യുന്നതുമായി ഒരു കൂട്ടം നിവേദനങ്ങൾ സുപ്രീം കോടതിക്ക് ലഭിച്ചു. പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ വിവിധ ഭാരവാഹികളുമായി ചർച്ചകൾ നടത്താനും കോടതി താല്പര്യം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ നിയമങ്ങൾ നിർത്തിവയ്ക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സർക്കാർ അത് നിരസിച്ചു.ജനുവരി 4 ന് പ്രതിഷേധിക്കുന്ന കർഷകർക്ക് അനുകൂലമായി സമർപ്പിച്ച ആദ്യ അപേക്ഷ കോടതി രജിസ്റ്റർ ചെയ്തു.