2025 ഏപ്രിൽ 22 ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്‌വരയിൽ നടന്ന ഒരു തീവ്രവാദി[1][2][3] ആക്രമണത്തിൽ ഒരു തദ്ദേശവാസി ഉൾപ്പെടെ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും 20 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണ് 2025 ലെ പഹൽഗാം ആക്രമണം.[4]2008 ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ആക്രമണമായ ഇത്, പ്രത്യേകിച്ച് പുരുഷ ഹിന്ദു വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചുള്ളതും കശ്മീർ താഴ്‌വരയിലെ ജനസംഖ്യാപരമായ മാറ്റങ്ങളെ ചെറുക്കുക എന്ന ഉദ്ദേശത്തോടെയുമായിരുന്നു.[5][6]പാകിസ്താൻ ആസ്ഥാനമായുള്ളതും ഐക്യരാഷ്ട്രസഭ ഭീകര സംഘടനയായി പ്രഖ്യാപിച്ചതുമായ ലഷ്‌കർ-ഇ-ത്വയ്യിബയുടെ[7] ഒരു ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.[8]
പശ്ചാത്തലം
ജമ്മു കശ്മീരിലെ കലാപത്തിൽ സജീവമായി ഏർപ്പെട്ടിരിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പായ റെസിസ്റ്റൻസ് ഫ്രണ്ട് (TRF), ഇന്ത്യയിൽ ഒരു നിയുക്ത തീവ്രവാദ സംഘടനയാണ്.[9] കശ്മീരി ഹിന്ദുക്കൾ,[10][11][12][13] സർക്കാർ ജീവനക്കാർ,[14] തൊഴിലാളികൾ, ബിസിനസ്സ് ഉടമകൾ, പ്രാദേശിക രാഷ്ട്രീയക്കാർ, വിനോദസഞ്ചാരികൾ[15] തുടങ്ങി മതന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവർ ഉൾപ്പെടെയുള്ള സാധാരണക്കാരെ ആക്രമിക്കുന്നതിനും കൊലപ്പെടുത്തുന്നതിനും, പ്രാദേശിക പോലീസുകാർ[16] ഉൾപ്പെടെയുള്ള ഇന്ത്യൻ സുരക്ഷാ സേനയ്‌ക്കെതിരായ[17] നിരവധി ആക്രമണങ്ങൾക്കും ഈ സംഘം ഉത്തരവാദിയാണ്.
ഐക്യരാഷ്ട്രസഭ ഭീകര സംഘടനയായി പ്രഖ്യാപിച്ച ലഷ്‌കർ-ഇ-തൊയ്ബയാണ് ഈ സംഘടന സ്ഥാപിച്ചതെന്നും അതിന്റെ ഒരു ശാഖയാണെന്നും ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.[18][19][20][21][22] 2019-ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ[23][24][25] എന്നീ തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നുള്ള കേഡറുകളെ ഉപയോഗിച്ച് രൂപീകരിച്ച ടിആർഎഫ് എന്ന സംഘടന മതേതര പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ[26] മതേതര നാമകരണവും പ്രതീകാത്മകതയും ഉപയോഗിക്കുന്നുവെങ്കിലും ഹിന്ദു ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള തദ്ദേശീയരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്.[27][28][29]
1980 കളുടെ അവസാനത്തിൽ ജമ്മു കശ്മീരിൽ ഇസ്ലാമിക തീവ്രവാദികളുടെ നേതൃത്വത്തിൽ പൊട്ടിപ്പുറപ്പെട്ട സായുധ കലാപം കശ്മീരി ഹിന്ദുക്കളുടെ പലായനത്തിന് കാരണമാകുകയും പിന്നീടുള്ള കാലത്തും, ഈ കലാപം തുടരുകയും ചെയ്തു.[30] 2019 ഓഗസ്റ്റിൽ ഇന്ത്യൻ സർക്കാർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട് ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രദേശത്തെ വിഭജിച്ചു.[31] ഈ നീക്കം മുമ്പ് യോഗ്യത നേടിയിട്ടില്ലാത്ത ആളുകൾക്ക് സ്ഥിരവാസികളെന്ന പദവി നൽകാൻ പ്രാദേശിക അധികാരികളെ അധികാരപ്പെടുത്തുകയും അവർക്ക് പ്രദേശത്ത് ഭൂമി വാങ്ങാനും ജോലി നേടാനും അനുവദിക്കുകയും ചെയ്തു.[32].
ആക്രമണം
2025 ഏപ്രിൽ 22 ന് അഞ്ച് തീവ്രവാദികൾ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം പട്ടണത്തിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ (4.3 മൈൽ) അകലെയായി സ്ഥിതി ചെയ്യുന്ന ബൈസരൻ താഴ്‌വരയിലെ പുൽമേട്ടിൽ പ്രവേശിച്ചു. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഇത് എല്ലാ വശങ്ങളിലും ഇടതൂർന്ന പൈൻ വനങ്ങളാൽ വലയം ചെയ്യപ്പെട്ടതും[33] കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്തിച്ചേരാൻ പറ്റുന്നതുമാണ്. ഈ പ്രദേശത്തിന് വലിയ സംരക്ഷണം ഉണ്ടായിരുന്നില്ല.[34] M4 കാർബൈനുകളും AK-47 തോക്കുകളും വഹിച്ചിരുന്ന ആക്രമണകാരികൾ സൈനിക ശൈലിയിലുള്ള യൂണിഫോമുകളും ധരിച്ചിരുന്നു.[35][36]