അഗ്നെത ഫോൾട്ട്സ്കോഗ്
ആസെ അഗ്നെത ഫോൾട്ട്സ്കോഗ് (സ്വീഡിഷ് ഉച്ചാരണം: [aŋ²neːta ²fɛltskuːɡ] ⓘ (ജനനം: ഏപ്രിൽ 5, 1950) സ്വീഡിഷ് ഗായിക, ഗാനരചയിതാവ്, സംഗീതജ്ഞ, അഭിനേത്രി എന്നിങ്ങനെ വിവിധനിലകളിൽ പ്രശസ്തയാണ്. 1968 ൽ തന്റെ ആദ്യ ആൽബമായിരുന്ന ‘അഗ്നെത ഫോൾട്ട്സ്കോഗ്’ പുറത്തിറങ്ങിയതിനുശേഷം സ്വീഡനിൽ അവർ ഗായികയെന്ന നിലയിൽ പേരെടുക്കുകയും ‘അബ്ബ’[1] എന്ന പോപ്പ് ഗ്രൂപ്പിലെ അംഗമായതോടെ അന്തർദ്ദേശീയ പ്രശസ്തി കൈവരിക്കുകയും ലോകവ്യാപകമായി[2] ഇതിന്റെ ഏകദേശം 380 ദശലക്ഷത്തിലധികം ആൽബങ്ങളും സിംഗിൾസും വിറ്റഴിക്കുകയും ചെയ്തതോടെ ചരിത്രത്തിൽ ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിക്കപ്പെടുന്ന സംഗീതജ്ഞരുടെയിടയിൽ അവർ ചിരപ്രതിഷ്ട നേടുകയും ചെയ്തു.[3] അബ്ബയുടെ അംഗങ്ങളുടെ വേർപിരിയലിനുശേഷം, 1980 കളിൽ ഫോൾട്ട്സ്കോഗ് മൂന്ന് ആൽബങ്ങളിലൂടെ വിജയം നേടുകയും സോളോ ആർട്ടിസ്റ്റായി ഒരു സിനിമയിൽ പ്രധാന വേഷവും നേടിയെടുത്തുവെങ്കിലും തൊണ്ണൂറുകളിൽ അവർ കൂടുതൽ ഏകാന്തയായിത്തീരുകയും പരസ്യപ്രചരണം[4] ഒഴിവാക്കുകയും സ്റ്റോക്ക്ഹോം കൗണ്ടി ദ്വീപായ എകെറോയിൽ[5] താമസിക്കുകയും[6] ചെയ്തു. 2004 ൽ ഒരു പുതിയ ആൽബം പുറത്തിറക്കുന്നതുവരെയുള്ള ഏകദേശം 17 വർഷത്തോളം ഫോൾട്ട്സ്കോഗ് സംഗീതം റെക്കോർഡുചെയ്യുന്നത് നിർത്തിവച്ചിരുന്നു.[7][8] ഗായിക 2013 ൽ ‘എ’ എന്ന പേരിലുള്ള ആൽബവുമായി വീണ്ടും മടങ്ങിയെത്തുകയും അത് ഇന്നുവരെയുള്ള അവരുടെ ഏറ്റവും ഉയർന്ന യുകെ ചാർട്ടിംഗ് സോളോ ആൽബമായിത്തീരുകയും ചെയ്തു.[9][10] ജീവിതവും കരിയറുംമുൻകാല ജീവിതംആസെ അഗ്നെത ഫോൾട്ട്സ്കോഗ് 1950 ഏപ്രിൽ 5 ന് സ്വീഡനിലെ സ്മാലാൻഡിലെ ജോൻകോപ്പിംഗിലാണ് ജനിച്ചത്.[11][12][13][14] ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ മാനേജരായിരുന്ന നട്ട് ഇംഗ്വാർ ഫോൾട്ട്സ്കോഗിന്റെയും (1922–1995) പത്നി ബിർഗിറ്റ് മാർഗരിറ്റ ജോഹാൻസന്റേയും (1923–1994) രണ്ട് പെൺമക്കളിൽ ആദ്യത്തെയാളായിരുന്നു അവർ.[13][7] ഇംഗ്വർ സംഗീതത്തിലും ഷോ ബിസിനസ്സിലും[15] വളരെയധികം താല്പര്യം കാണിക്കുകയും ബിർഗിറ്റ് കുട്ടികൾക്കും കുടുംബത്തിനുമായി സ്വയം സമർപ്പിക്കുകയും ചെയ്തു.[16] ഫോൾട്ട്സ്കോഗിന്റെ ഇളയ സഹോദരി മോണ 1955 ൽ ജനിച്ചു. ആറാമത്തെ വയസ്സിൽ ഫോൾട്ട്സ്കോഗ് "ട്വ സ്മാ ട്രോൾ" ("ടു ലിറ്റിൽ ട്രോൾസ്") എന്ന പേരിൽ തന്റെ ആദ്യ ഗാനം രചിച്ചു.[17] 1958-ൽ അവൾ പിയാനോ പാഠങ്ങൾ ഹൃദിസ്ഥമാക്കുവാൻ തുടങ്ങിയതോടൊപ്പം, ഒരു പ്രാദേശിക പള്ളി ഗായകസംഘത്തോടൊപ്പം പാടിയിരുന്നു. 1960 കളുടെ തുടക്കത്തിൽ, ഫോൾട്ട്സ്കോഗ് തന്റെ സുഹൃത്തുക്കളായ ലെന ജോഹാൻസൺ, എലിസബത്ത് സ്ട്രബ് എന്നിവരോടൊപ്പം ‘കോംബേർസ്’ എന്ന പേരിൽ ഒരു സംഗീത ത്രയം രൂപീകരിച്ചു. ചെറിയ വേദികളിൽ അവർ പ്രാദേശികമായി സംഗീത പ്രകടനങ്ങൾ നടത്തുകയും പിന്നീട് കലാപരിപാടികളുടെ അഭാവം മൂലം താമസംവിനാ പിരിയുകയും ചെയ്തു. പതിനഞ്ചാമത്തെ വയസ്സിൽ, ഫോൾട്ട്സ്കോഗ് വിദ്യാലയജീവിതം ഉപേക്ഷിക്കുകയും ഒരു ജോലിയിൽ തുടരാൻ തീരുമാനിക്കുകയും ചെയ്തു.[13] കോണി ഫ്രാൻസിസ്, മരിയാനെ ഫെയ്ത്ത്ഫുൾ, അരിത ഫ്രാങ്ക്ലിൻ, ലെസ്ലി ഗോർ എന്നിവരെ ഫോൾട്ട്സ്കോഗ് സംഗീതലോകത്തെ തന്റെ ശക്തമായ സ്വാധീനമായി ഉദ്ധരിക്കുന്നു.[13] സ്വീഡനിലെ തൊഴിൽ വികസനം (1966-1971)ബെർന്റ് എംഗാർഡ്റ്റിന്റെ നേതൃത്വത്തിലുള്ള ഒരു പ്രാദേശിക നൃത്ത സംഘത്തോടൊപ്പം പ്രകടനം നടത്തുന്നതിനിടയിൽ ഫോൾട്ട്സ്കോഗ് ഒരു ഓട്ടോമൊബൈൽ സ്ഥാപനത്തിൽ ടെലിഫോണിസ്റ്റായി പ്രവർത്തിച്ചു.[13] ഈ സംഗീത ബാൻഡ് താമസിയാതെ വളരെ പ്രചാരത്തിലായിത്തീരുകയും, തന്റെ ജോലി, സംഗീത ജീവിതം എന്നിവയിലേതെങ്കിലുമൊന്നു തിരഞ്ഞെടുക്കേണ്ടിവരുകയും ചെയ്തു. രണ്ടുവർഷക്കാലം അവർ ബെർന്റ് എംഗാർഡ്റ്റിന്റെ ബാന്റിനൊപ്പം പാടുന്നത് തുടർന്നു.[13] ഇക്കാലത്ത്, ഫോൾട്ട്സ്കോഗ് അവരുടെ കാമുകൻ ജോർൺ ലിൽജയുമായി വേർപിരിയുകയും ഈ സംഭവം "ജാഗ് വാർ സാ കർ" ("ഐ വാസ് സോ ഇൻ ലവ്") എന്ന ഗാനം എഴുതാൻ അവളെ പ്രചോദിപ്പിക്കുകയും ചെയ്തു. അത് പെട്ടെന്നുതന്നെ ഫോൾട്ട്സ്കോഗനെ മാധ്യമ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.[16] അക്കാലത്ത്, ബാൻഡിന്റെ അംഗങ്ങളിൽ ഒരാളുടെ ബന്ധുവായ കാൾ ജെർഹാർഡ് ലണ്ട്ക്വിസ്റ്റ് തന്റെ റോക്ക് ആൻഡ് റോൾ ജീവിതത്തിൽ നിന്ന് വിരമിക്കുകയും കപോൾ റെക്കോർഡ്സിൽ റെക്കോർഡ് പ്രൊഡ്യൂസറായി ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു. ബാൻഡിന്റെ ഡെമോ റെക്കോർഡിംഗ് എംഗാർഡ്റ്റ് അദ്ദേഹത്തിന് അയച്ചെങ്കിലും ഫോൾട്ട്സ്കോഗിനോടും അവരുടെ ഗാനത്തോടും മാത്രമാണ് ലണ്ട്ക്വിസ്റ്റ് താൽപര്യം കാണിച്ചത്.[16] അദ്ദേഹത്തിന് ബാൻഡിനോടുള്ള താൽപ്പര്യമില്ലാത്തതിനാലും അവ റെക്കോർഡിൽ ഉൾപ്പെടുത്താത്തതും അവരെ ഏറെ വിഷമിപ്പിച്ചുവെങ്കിലും ഈ ഓഫർ സ്വീകരിക്കാൻ അവൾ തീരുമാനിക്കുകയും കപ്പോൾ റെക്കോർഡ്സുമായി താമസിയാതെ ഒരു റെക്കോർഡിംഗ് കരാർ ഒപ്പിടുകയും ചെയ്തു.[13] അവരുടെ സ്വയമേവ രചിച്ച ആദ്യ സിംഗിൾ "ജഗ് വാർ സാ കർ" 1967 ഒക്ടോബർ 16 ന് റെക്കോർഡുചെയ്യപ്പെടുകയും കപ്പോൾ റെക്കോർഡ്സ് വഴി അടുത്ത മാസം പുറത്തിറക്കുകയും ചെയ്തു. 1968 ജനുവരി 28 ന് ഇത് സ്വീഡിഷ് ചാർട്ടിൽ ഒന്നാമതെത്തുകയും ഏകദേശം 80,000 കോപ്പികൾ വിറ്റഴിക്കുകയും ചെയ്തു.[13] മെലോഡിഫെസ്റ്റിവാലന് എന്ന പേരിലുള്ള യൂറോവിഷൻ ഗാനമത്സരത്തിന്റെ സ്വീഡിഷ് പ്രാഥമിക ഊഴത്തിൽ "ഫോർസോണേഡ്" ("അനുരഞ്ജനം") എന്ന ഗാനം അവർ സമർപ്പിച്ചുവെങ്കിലും അത് ഫൈനലിനായി പരിഗണിക്കപ്പെട്ടില്ല.[16] 1969 ൽ സ്വീഡിഷ് സംഗീതസംവിധായകൻ ജൂൾസ് സിൽവെയ്‌നെക്കുറിച്ചുള്ള ഒരു ടെലിവിഷൻ പ്രത്യേക പരിപാടിയിൽ പങ്കെടുത്ത ഫോൾട്ട്സ്കോഗ് സ്വീഡനിലെ ഏറ്റവും ജനപ്രിയയായ പോപ്പ് സംഗീത കലാകാരികളിൽ ഒരാളായി തന്റെ കരിയർ വികസിപ്പിച്ചു.[18] അതേ വർഷം തന്നെ ഒരു ജിപ്‌സി വിവാഹത്തിൽ പങ്കെടുക്കവേ വധുവിന്റെ സഹോദരനുമായി പ്രണയത്തിലാകുന്ന പെൺക്കുട്ടിയെക്കുറിച്ചുള്ള പ്രമേയം പ്രതിപാദ്യവിഷയമായ ‘സിഗെനാർവാൻ’ ("ജിപ്‌സി ഫ്രണ്ട്") എന്ന ഒരു സിംഗിൾ പുറത്തിറക്കി. ഇതിന്റെ പ്രകാശനം സ്വീഡിഷ് മാധ്യമങ്ങളിലെ ജിപ്സികളെക്കുറിച്ചുള്ള ചൂടേറിയ ചർച്ചയുമായി പൊരുത്തപ്പെടുന്നതായിരുന്നു. കൂടാതെ ഈ ഗാനം രചിച്ചതിലൂടെ മനഃപൂർവ്വം ഈ സാഹചര്യത്തിൽ നിന്ന് പണം സമ്പാദിക്കാൻ ശ്രമിച്ചുവെന്നും ഫോൾട്ട്സ്കോഗിനെതിരെ ആരോപണമുന്നയിക്കപ്പെട്ടിരുന്നു.[17] 1960 കളുടെ അവസാനത്തിലും ഫോൾട്ട്സ്കോഗിന്റെ വിജയത്തിലേയ്ക്കുള്ള കുതിപ്പ് തുടർന്നു. ജർമ്മൻ ഗാനരചയിതാവ് / നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ഡയറ്റർ സിമ്മർമാനെ അവർ കണ്ടുമുട്ടുകയും അവർ വിവാഹനിശ്ചയം നടത്തുകയും ചെയ്തതോടെ അവരുടെ ആൽബങ്ങൾ ജർമ്മൻ ചാർട്ടുകളിൽ എത്തുകയും ജർമ്മനിയിൽ അവയ്ക്കു മികച്ച വിജയം നേടാനാകുമെന്ന് സിമ്മർമാൻ അവരോടു വാഗ്ദാനം നടത്തുകയും ചെയ്തു.[13] എന്നിരുന്നാലും, അവർ അവിടെപ്പോയി റെക്കോർഡ് നിർമ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, ഈ സംരംഭം സൃഷ്ടിപരമാകാതെയിരിക്കുകയും നിർമ്മാതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഫോൾട്ട്സ്കോഗ് വിസമ്മതിക്കുകയും അവർ തിരഞ്ഞെടുത്ത ഉപകരണങ്ങളെ "ഭയങ്കരം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. താമസിയാതെ സിമ്മർമാനുമായുള്ള വിവാഹനിശ്ചയം അവസാനിപ്പിച്ച് അവർ സ്വീഡനിലേക്ക് മടങ്ങിപ്പോയി.[13] 1970 ൽ അവർ "ഓം ടാരർ വോർ ഗുൾഡ്" ("ഇഫ് ടിയേഴ്സ് വേർ ഗോൾഡ്") പുറത്തിറക്കി. 1950 കളിൽ എഴുതപ്പെട്ട ഇത് റെക്കോർഡുചെയ്‌തിട്ടില്ലെങ്കിൽപ്പോലും "തീമ" ("തീം") എന്ന പേരുള്ള തന്റെ രചനയിൽനിന്ന് 22 ബാറുകൾ അവർ ഉപയോഗിച്ചതായി ഒരു ഡാനിഷ് കമ്പോസർ അവകാശപ്പെട്ടു. 1977 വരെ നീണ്ടുനിന്ന ഈ കേസ് പിന്നീട് ഒത്തുതീർപ്പിലെത്തുകയും ഫോൾട്ട്സ്കോഗ് ഡാനിഷ് സംഗീതജ്ഞന് SEK (സ്വീഡിഷ് ക്രോണ) 5,000 നൽകുകയും ചെയ്തു. 1972 ൽ, ഫോൾട്ട്സ്കോഗ് സ്വീഡിഷ് നിർമ്മാണത്തിലുള്ള ‘ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ’ എന്ന അന്താരാഷ്ട്ര ഹിറ്റ് മ്യൂസിക്കലിൽ മേരി മഗ്ദലനയെ അവതരിപ്പിച്ചു.[16] ആദ്യ വിവാഹവും അബ്ബയുടെ രൂപീകരണവും (1971–1982)ഹൂട്ടനാനി ഗായകസംഘത്തിലെ അംഗമായിരുന്ന ബ്ജോൺ ഉൾവായെസിനെ ആദ്യമായി 1968 ലും പിന്നീട് 1969 ലും ഫോൾട്ട്സ്കോഗ് കണ്ടുമുട്ടി. ഇതിനകം ഗാനങ്ങൾ രചിച്ചിരുന്ന ഉൾവായെസുമായുള്ള ബന്ധവും അതുപോലെതന്നെ ആനി-ഫ്രിഡ് ലിങ്സ്റ്റാഡ്, ബെന്നി ആൻഡേർസൺ എന്നിവരുമായുള്ള സൌഹൃദവും ഒടുവിൽ അബ്ബയെന്ന സംഗീത ബന്റിന്റെ രൂപീകരണത്തിനു വഴിതെളിച്ചു. ഫോൾട്ട്സ്കോഗും ഉൾവായെസും 1971 ജൂലൈ 6 ന് വെറം ഗ്രാമത്തിൽ വച്ച് വിവാഹിതരാകുകയും ആൻഡേഴ്സൺ അവരുടെ വിവാഹത്തിൽ ഓർഗൻ വായിക്കുകയും ചെയ്തു. അവരുടെ ആദ്യത്തെ കുട്ടിയായ ലിൻഡ എലിൻ ഉൽവeയസ് 1973 ഫെബ്രുവരി 23 നും അവരുടെ രണ്ടാമത്തെ പുത്രൻ പീറ്റർ ക്രിസ്റ്റ്യൻ ഉൾവായെസ് 1977 ഡിസംബർ 4 നു ജനിച്ചു. ഏഴ് വർഷത്തെ ദാമ്പത്യത്തിന് ശേഷം 1978 ന്റെ അവസാനത്തിൽ ദമ്പതികൾ വേർപിരിയാൻ തീരുമാനിക്കുകയും 1979 ജനുവരിയിൽ വിവാഹമോചനത്തിന് അപേക്ഷിക്കുകയും ചെയ്തു. 1980 ജൂലൈയിലാണ് വിവാഹമോചനം തീർപ്പായത്. പരാജയപ്പെട്ട ദാമ്പത്യം അബ്ബയുമായുള്ള ഉത്തരവാദിത്തങ്ങളുമായി കൂടിക്കുഴയാൻ അനുവദിക്കില്ലെന്ന് ഫോൾട്ട്സ്കോഗും ഉൽവായസും സമ്മതിച്ചു. അവരുടെ ദാമ്പത്യത്തിലെ പരാജയം ഉൽവായെസിനെ "ദി വിന്നർ ടേക്ക്സ് ഇറ്റ് ഓൾ" എന്ന വരികൾ എഴുതാൻ പ്രേരിപ്പിച്ചു. ![]() ![]() അബ്ബയിലെ അംഗമെന്ന നിലയിൽ, ചില രാജ്യങ്ങളിൽ ഫോൾട്ട്സ്കോഗ് അന്ന എന്നു പേരിലും അറിയപ്പെട്ടിരുന്നു. 1975 ൽ, അവളുടെ സഹപ്രവർത്തകയായിരുന്ന ആനി-ഫ്രിഡ് ലിങ്‌സ്റ്റാഡ് അവരുടെ സ്വീഡിഷ് ഒന്നാം നമ്പർ ആൽബമായ ഫ്രിഡ എൻസാം റെക്കോർഡുചെയ്‌ത അതേ കാലയളവിൽത്തന്നെ ഫോൾട്ട്സ്കോഗ് തന്റെ സോളോ ആൽബമായ “എൽവ ക്വിന്നോർ ഐ എറ്റ് ഹസ്”ന്റെ റെക്കോർഡിംഗും നിർമ്മാണവും നിർവ്വഹിച്ചു. അബ്ബ ആൽബങ്ങളായ ‘വാട്ടർലൂ’, ‘അബ്ബ’ എന്നിവയുടെ സെഷനുകൾക്കും പ്രചരണത്തിനുമിടയിൽ ഈ ആൽബങ്ങൾ റെക്കോർഡുചെയ്യപ്പെട്ടിരുന്നു. ഫോൾട്ട്സ്കോഗിന്റെ ആൽബം സ്വീഡിഷ് ആൽബം ചാർട്ടിൽ 53 ആഴ്ച നിലനിന്നു (അബ്ബയുടെ മറ്റേതൊരു ആൽബത്തേക്കാളും കൂടുതൽ), പക്ഷേ ആദ്യ പത്തിൽ എത്താൻ കഴിയാതെയിരുന്ന ഇത് പതിനൊന്നാം സ്ഥാനത്തെത്തി. ആൽബത്തിൽ അധികമായി അബ്ബയുടെ "SOS”ന്റെ സ്വീഡിഷ് ഭാഷാ പതിപ്പ് (സിംഗിൾ വിൽപ്പന സൂചികയിൽ നാലാം സ്ഥാനം); "ടാക്ക് ഫോർ എൻ അണ്ടർബാർ വാൻലിഗ് ഡാഗ്"; "ഡോക്ടോൺ!” എന്നിങ്ങനെ ഫോൾട്ട്സ്കോഗിനായി മൂന്ന് സ്വെൻസ്ക്റ്റോപ്പൻ എൻട്രികൾക്കൂടി അടങ്ങിയിരുന്നു. "SOS" ഒഴികെ, മറ്റെല്ലാ ഗാനങ്ങൾക്കും ബോസ് കാൾഗ്രെൻ വരികളെഴുതുകയും ഫോൾട്ട്സ്കോഗ് സ്വയം സംഗീതം നിർവ്വഹിക്കുകയും ചെയ്തു. 1972 മുതൽ ഫോൾട്ട്സ്കോഗ് ഗാനങ്ങൾ എഴുതാൻ തുടങ്ങിയപ്പോൾ മുതൽ ആൽബത്തിന്റെ നിർമ്മാണം നടന്നുവരുകയായിരുന്നുവെങ്കിലും അബ്ബയുമൊത്തുള്ള പ്രവർത്തനവും അവരുടെ ഗർഭധാരണവും കാരണം ഇത് വൈകുകയായിരുന്നു. ആകെ 12 പാട്ടുകൾ അടങ്ങിയിരിക്കേണ്ട ഈ ആൽത്തിൽ, ഓരോ പാട്ടുകളും ഒരേ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ താമസിക്കുന്ന 12 വ്യത്യസ്ത സ്ത്രീ കഥാപാത്രങ്ങൾ ആലപിക്കുന്ന രീതിയിലായിരിക്കണമെന്നതിനെക്കുറിച്ച് ഫോൾട്ട്സ്കോഗും കാൾഗ്രനും പൊതുവായി ധാരണയിലെത്തിയിരുന്നുവെങ്കിലും അന്തിമമായി 11 ഗാനങ്ങൾ മാത്രം ആൽബത്തിൽ ഉൾപ്പെടുത്തപ്പെടുകയും ആൽബത്തിന്റെ ആശയം പൂർണ്ണമായും വികസിപ്പിക്കപ്പെടുകയുമുണ്ടായില്ല. 1968 ജനുവരിയിലെ ആദ്യ സിംഗിളായിരുന്ന "ജാഗ് വർ സാ കർ" മുതൽ (ഉന്നത സ്ഥാനം, നമ്പർ 1) 1980 ജനുവരിയിലെ ‘ടിയോ അർ മെഡ് അഗ്നെത’ (ഉന്നത സ്ഥാനം, നമ്പർ 1) എന്ന സമാഹാരത്തിൽ നിന്നുള്ള "നാർ ഡു ടാർ മിഗ് ഡിൻ ഫാമ്ൻ" ("വെൻ യു ടേക്ക് മി ഇൻ യൂർ ആംസ്") വരെയുള്ള ഗാനങ്ങളിൽ 1968 നും 1980 നും ഇടയിൽ, സ്വെൻസ്‌കോപ്പൻ റേഡിയോ ചാർട്ടിൽ ഫോൾട്ട്സ്കോഗിന് ആകെ 18 എൻട്രികൾ ഉണ്ടായിരുന്നു. ഈ 18 എൻട്രികളിൽ, മിക്കതിന്റേയും ഗാനരചയിതാവ് അല്ലെങ്കിൽ സഹഗാനരചനയിതാവ് ഫോൾട്ട്സ്കോഗ് ആയിരുന്നു. ഈ സമയത്ത് ഹിറ്റ് ചാർട്ടിൽ 1970 ലെ ഫോൾട്ട്സ്കോഗിന്റെ ഏറ്റവും വലിയ ഹിറ്റായിരുന്ന "ഓം ടെറാർ വോർ ഗൾഡ്" നോടൊപ്പം (നമ്പർ 1, 15 ആഴ്ച) മൊത്തം 139 ആഴ്ച ഇതു നിലനിൽക്കുകയും ചെയ്തു. ബാൻഡിന്റെ അന്താരാഷ്ട്ര കരിയറിന് മുമ്പും ശേഷവുമുള്ള സൂചികയനുസിച്ച്, നാല് അബ്ബ അംഗങ്ങളിലെ ഏറ്റവും വിജയിയായ സോളോ ഗായിക ഫോൾട്ട്സ്കോഗ് ആയിരുന്നു. ഒരു സംഗീതസംവിധായികയെന്ന നിലയിൽ ഫോൾട്ട്സ്കോഗ് മെലോഡിഫെസ്റ്റിവാലനിൽ വീണ്ടും പങ്കെടുത്തിരുന്നു. 1981 ൽ, ഇഞ്ചെല ഫോർസ്മാനൊടൊപ്പംചേർന്ന് "മെൻ നാറ്റെൻ അർ വാർ" ("ബട്ട് ദി നൈറ്റ് ഈസ് ഔവേർസ്" എന്ന നാടൻപാട്ടെഴുതിയെങ്കിലും മത്സരത്തിൽ സ്വയം ഗാനം അവതരിപ്പിക്കുന്നതിനുപകരം അവർ പുതിയൊരു പ്രതിഭയായ കിക്കി മൊബെർഗിനെ അവതരണത്തിനുവേണ്ടി തിരഞ്ഞെടുത്തു. ഈ ഗാനം 10-ൽ 9-ആം സ്ഥാനത്തെത്തി. സമകാലിക അബ്ബ റെക്കോർഡിംഗുകളിലുള്ള അതേ സംഗീതജ്ഞരോടൊപ്പം പോളാർ സ്റ്റുഡിയോയിൽ ഫോൾട്ട്സ്കോഗ് നിർമ്മിച്ച സിംഗിളായ “ഐ ആം സ്റ്റിൽ എലൈവ്” അതിന്റെ "ഹർ അർ മിറ്റ് ലിവ്" ("ഹിയർ ഈസ് മൈ ലൈഫ്") എന്ന പേരിലുള്ള സ്വീഡിഷ് പതിപ്പിന്റെ അകമ്പടിയോടെ പുറത്തിറങ്ങി. ഈ ഗാനം അബ്ബയുടെ 1979 ലെ ലോക പര്യടനത്തിനിടെ ഇംഗ്ലീഷ് പതിപ്പിനായി (മുൻ ഭർത്താവ് ജോർജ് ഉൽവായസിന്റെ വരികൾ) അവർതന്നെ അവതരിപ്പിച്ച ഗാനമായിരുന്നു. മോബെർഗിന്റെ ഈ ഗാനത്തിന്റെ റെക്കോർഡിംഗ് ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയ ഒരേയൊരു പതിപ്പായി തുടരുന്നു. ഫോൾട്ട്സ്കോഗ് ഇനിപ്പറയുന്ന അബ്ബ ഗാനങ്ങളിൽ സോളോ ഭാഗങ്ങൾ ആലപിച്ചിരുന്നു: "ഡിസില്യൂഷൻ" (ബ്ജോണിന്റെ ഗാനാത്മകതയിൽ അവർ എഴുതിയ ഒരേയൊരു അബ്ബ ഗാനം), "ഐ ആം ജസ്റ്റ് എ ഗേൾ", "ഹസ്ത മനാന", "ഡാൻസ് (വൈൽ ദ മ്യൂസിക് സ്റ്റിൽ ഗോസ് ഓൺ)", "SOS", "ഐ ഹാവ് ബീൻ വെയ്റ്റിംഗ് ഫോർ യു", "വെൻ ഐ കിസ്ഡ് ദ ടീച്ചർ", "മൈ ലവ്, മൈ ലൈഫ്", "ടേക് എ ചാൻസ് ഓൺ മീ", "ദ നേം ഓഫ് ദ ഗേം", "മൂവ് ഓൺ", "താങ്ക്യൂ ഫോർ ദ മ്യൂസിക്", "ഗെറ്റ് ഓൺ ദ കറൗസൽ", "ചിക്വിറ്റിറ്റ", "ലവ്‌ലൈറ്റ്", "ആസ് ഗുഡ് ആസ് ന്യൂ", "കിസസ് ഓഫ് ഫയർ", "ഡ്രീം വേൾഡ്", "ഗിമ്മെ! ഗിമ്മെ! ഗിമ്മെ! (എ മാൻ ആഫ്റ്റർ മിഡ്നൈറ്റ്)", "ദ വേ ഓൾഡ് ഫ്രണ്ട്സ് ഡു", "ദ വിന്നർ ടേക്സ് ഇറ്റ് ആൾ", "ഹാപ്പി ന്യൂ ഇയർ", "ലേ ആൾ യൂർ ലവ് ഓൺ മീ", "ഹെഡ് ഓവർ ഹീൽസ്", "വൺ ഓഫ് അസ്", "സോൾജിയേർസ്", "സ്ലിപ്പിംഗ് ത്രൂ മൈ ഫിംഗേർസ്", "ജസ്റ്റ് ലൈക്ക് ദാറ്റ്" (ഗ്രൂപ്പ് സമ്പൂർണ്ണമായും ഔദ്യോഗികമായും പുറത്തിറക്കിയിട്ടില്ല)," ഐ ആം ദ സിറ്റി", "അണ്ടർ അറ്റാക്ക് "," ദി ഡേ ബിഫോർ യു കേം". സോളോ കരിയർ ഡെവലപ്മെന്റ് (1982-1988)ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും, 1982 അവസാനത്തോടെയും 1983 ന്റെ തുടക്കത്തിലും അബ്ബ ഗായക സംഘം പിരിച്ചുവിടപ്പെട്ടു. 1982 അവസാനത്തോടെ ഫോൾട്ട്സ്കോഗ് സ്വീഡിഷ് ഗായകൻ (മുൻ അബ്ബ പിന്നണി ഗായകൻ) ടോമാസ് ലെഡിനൊപ്പം "നെവർ എഗെയ്ൻ" എന്ന യുഗ്മഗാനം ചെയ്യുകയും അത് സ്വീഡൻ, നോർവേ, ബെൽജിയം, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ മികച്ച അഞ്ചു ഹിറ്റ് ഗാനങ്ങളിലൊന്നായി മാറി. "യാ നുങ്ക മാസ്" എന്ന പേരിൽ സ്പാനിഷ് ഭാഷാ പതിപ്പായും ഈ ഗാനം പുറത്തിറങ്ങി. അതേ വർഷം വേനൽക്കാലത്ത്, റാസ്കെൻസ്റ്റാം എന്ന സ്വീഡിഷ് സിനിമയിൽ ഫോൾട്ട്സ്കോഗിന് ഒരു പ്രധാന വേഷം അവതരിപ്പിക്കുവാനുണ്ടായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia