അഗ്രിപ്പ ഫോൺ നെറ്റേഷീം
ജർമൻ സാഹിത്യകാരനായിരുന്നു അഗ്രിപ്പ ഫോൺ നെറ്റേഷീം (1486 - 1535). സൈനികന്‍, വൈദ്യന്‍, മാന്ത്രികൻ എന്നീ നിലകളിലും ഇദ്ദേഹത്തിനു പ്രസിദ്ധിയുണ്ട്. ഇദ്ദേഹം കുറെക്കാലം വിശുദ്ധ റോമൻ ചക്രവർത്തിയായ മാക്സിമിലിയൻ ഒന്നാമന്റെ (1459-1519) സേവകനായിരുന്നു. 1511 മുതൽ 1518 വരെ ഇറ്റലിയിൽ മൊൺഫെററ്റോയിലെ വില്യം ആറാമന്റെയും സാവോയിയിലെ ചാൾസ് മൂന്നാമന്റെയും കീഴിൽ സേവനമനുഷ്ഠിച്ചു. മന്ത്രവാദം തുടങ്ങിയ നിഗൂഢവിദ്യകളിലുള്ള താത്പര്യം നിമിത്തം സഭയുടെ എതിർപ്പിനു പാത്രീഭവിച്ചതിനെത്തുടർന്ന് ഇദ്ദേഹം വൈദ്യവൃത്തിയിൽ ഏർ പ്പെട്ടു. സാവോയിയിലെ മാർഗററ്റ് പ്രഭ്വി, ആസ്ഥാനഗ്രന്ഥപ്പുര സൂക്ഷിപ്പുകാരനായും ഔദ്യോഗിക ചരിത്രകാരനായും അഗ്രിപ്പയെ നിയമിച്ചു. പ്രഭ്വിയുടെ മരണത്തോടുകൂടി കൊട്ടാരത്തിലുള്ള അഗ്രിപ്പയുടെ സ്വാധീനം കുറഞ്ഞു. പിന്നീട് കൊളോണിലെ ആർച്ച് ബിഷപ്പ് ഹെർമൻ വീഡിന്റെ സംരക്ഷണയിൽ അവിടെയും ബോണിലും താമസിച്ചു. ഫ്രാൻസിൽവച്ച് ഫ്രാൻസിസ് ഒന്നാമന്റെ കല്പനപ്രകാരം രാജദ്രോഹക്കുറ്റത്തിനു അറസ്റ്റു ചെയ്യപ്പെട്ടു. എങ്കിലും പെട്ടെന്നു വിമുക്തനായി. അഗ്രിപ്പയുടെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നാണ് 'മതദ്രോഹവിചാരണസഭ'യുടെ (Inquisition) എതിർപ്പിന് ശരവ്യമായ ദ ഒക്കൾട്ടാ ഫിലോസഫിയാ (De Occunta Philosophia). 1510-ലാണ് ഇതു രചിച്ചതെങ്കിലും 1513-ലാണ് പ്രസിദ്ധീകരിച്ചത്. പ്രകൃതിയെയും ദൈവത്തെയും അറിയാൻ മനുഷ്യർക്കുള്ള ഉത്തമോപായം നിഗൂഢവിദ്യയാണെന്ന് സ്ഥാപിക്കാൻ ഇദ്ദേഹം ഇതിൽ ശ്രമിച്ചു. ഗ്രന്ഥകാരന്റെ പ്രപഞ്ചസങ്കല്പവും ഇതിൽ ആവിഷ്കരിച്ചിട്ടുണ്ട്. മറ്റൊരു പ്രധാനകൃതിയാണ് ദ ഇൻസേർറ്റിറ്റ്യൂഡിൻ എറ്റ് വാനിറ്റാറ്റ് സൈന്റിയാറം എറ്റ് ആർറ്റിയം അറ്റ്ക് എക്സലൻഷ്യ വെർബെദിയെ ഡിക്ളമേഷ്യോ (De Incerpitudine et Vanitate Scientiarum et Artium atque Excellentia Verbe die Declamatio). അതിൽ ലളിതമായ ക്രൈസ്തവപ്രമാണങ്ങൾക്കുചുറ്റും വളർന്നുവന്നിട്ടുള്ള വിശ്വാസാഭാസങ്ങളെ അപലപിക്കുകയും ആദ്യകാലസഭയുടെ വിശ്വാസങ്ങളിലേക്കു മടങ്ങിപ്പോകുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. അഗ്രിപ്പയുടെ കൃതികൾ സമാഹരിച്ച് ആദ്യം 1550-ൽ ലേഡിനിൽനിന്നു പ്രസിദ്ധീകരിച്ചു. പിന്നീടു പല പതിപ്പുകളും അതിനുണ്ടായിട്ടുണ്ട്. 1535-ൽ ഇദ്ദേഹം നിര്യാതനായി. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia