അടൽ തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിപൽച്ചൻ - ദുണ്ടി റോഡിലെ സോളംഗ് വാലിയിലെ പ്രോജക്ട് അടൽ ടണലിന്റെ പൊതു അറിയിപ്പുകൾ
ഹിമാചൽ പ്രദേശിലെലേ-മണാലി ഹൈവേയിൽ നിർമ്മിച്ചിരിക്കുന്ന തുരങ്കപാതയാണ് അടൽ ടണൽ എന്ന അടൽ തുരങ്കം. ഇത് രോഹ്താങ് ടണൽ എന്നും അറിയപ്പെടുന്നു. [1] 9.02 കിലോമീറ്റർ നീളമുള്ള ഇത്, സമുദ്രനിരപ്പിൽനിന്നും 10,000 അടി (3,048 മീ) ഉയരത്തിന് മുകളിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമാണ്. മുൻ ഇന്ത്യൻ പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്പേയിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.[2] ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എൻജിനീയറായ കണ്ണൂർ ഏച്ചൂർ സ്വദേശിയായ കെ.പി. പുരുഷോത്തമൻ ആയിരുന്നു തുരങ്കപാതയുടെ നിർമ്മാണ ചുമതല വഹിച്ചതിൽ ഒരാൾ[3]
ലേ, മനാലി എന്നിവ തമ്മിലുള്ള യാത്രാ ദൂരവും സമയവും ഈ തുരങ്കപാതയിലൂടെ ഗണ്യമായി കുറയുന്നു. മുൻപ് ഉണ്ടായിരുന്ന ഗ്രാംഫുവിലൂടെയുള്ള പാത 116 കി.മീ (72.1 മൈ) ദൈർഘ്യമേറിയതും നല്ല കാലാവസ്ഥയിൽപ്പോലും 5 മുതൽ 6 മണിക്കൂർ വരെ വാഹനമോടിക്കേണ്ടതുമായിരുന്നു. ഇപ്പോൾ മനാലിയിൽ നിന്ന് 24.4 കി.മീ (15.2 മൈ) അകലെയുള്ള തുരങ്കത്തിന്റെ തെക്കേ കവാടത്തിൽ ഏകദേശം 50 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്നു. ഇതിൽ, 9.02 കി.മീ (5.6 മൈ) നീളമുള്ള തുരങ്കം ഏകദേശം 15 മിനിറ്റിനുള്ളിൽ കടക്കാനാവുന്നു. ഈ പുതിയ പാത കൊണ്ട് ദൂരം 78.42 കി.മീ (48.7 മൈ) ആയി കുറയുന്നു. മുമ്പത്തെ പാതയെ അപേക്ഷിച്ച് ഏകദേശം 3 മുതൽ 4 മണിക്കൂർ വരെ യാത്രാസമയവും കുറയുന്നു. റോഡ് ഉപരോധം, ഹിമപാതം എന്നിവയ്ക്ക് സാധ്യതയുള്ള മേഖലകളെ തുരങ്കം ഒഴിവാക്കുന്നു.[4][5]
3,100 മീറ്റർ (10,171 അടി) ഉയരത്തിലാണ് തുരങ്കം. 3,978 മീറ്റർ (13,051 അടി) ഉയരത്തിലാണ് റോഹ്താങ് പാസ്. 2020 ഒക്ടോബർ 3 ന് പ്രധാനമന്ത്രിനരേന്ദ്ര മോദി തുരങ്കം ഉദ്ഘാടനം ചെയ്തു. മൊത്തം പദ്ധതിച്ചെലവ് 3,200 കോടി രൂപയാണ്.
ചരിത്രം
2020 ഒക്ടോബർ 3 ന് ഹിമാചൽ പ്രദേശിലെ മനാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്കം ഉദ്ഘാടനം ചെയ്യുന്നു. രാജ്‌നാഥ് സിംഗ്, ജയ് റാം താക്കൂർ, ബിപിൻ റാവത്ത് എന്നിവർ സമീപം
മുൻ പ്രധാനമന്ത്രി നെഹ്‌റു 1960 ൽ പ്രാദേശിക ഗോത്രങ്ങളുമായി റോഹ്താങ് ചുരത്തിലേക്ക് ഒരു റോപ് വേ നിർമ്മിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഏകദേശം 39 വർഷത്തിനുശേഷം, അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായപ്പോൾ, റോഹ്താങ് ടണലിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ വാജ്പേപേയിയുടെ ബാല്യകാല സുഹൃത്തായിരുന്ന അർജുൻ ഗോപാലിനോട് നാട്ടുകാർ നിർദ്ദേശിച്ചു. ഗോപാലും കൂട്ടാളികളായ ചെറിംഗ് ഡോർജെയും അഭയ് ചന്ദും ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ട് ചർച്ച നടത്തി. ചർച്ചകളെത്തുടർന്ന് ഒരു വർഷത്തിനുശേഷം, വാജ്പേയി 2000 ജൂൺ മാസത്തിൽ, ലാഹൗൾ സന്ദർശിക്കുകയും ടണൽ നിർമ്മാണം പ്രഖ്യാപിക്കുകയും ചെയ്തു.[6]RITES (Rail India Technical and Economic Service) ഇതിനുള്ള ഒരു സാധ്യതാ പഠനം നടത്തി.
2000 ൽ പദ്ധതിക്ക് 500 കോടി രൂപ ചിലവ് കണക്കാക്കുകയും ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന ധാരണയിലെത്തുകയും ചെയ്തു.[7] 2002 മെയ് 26 ന്, പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) നിർമ്മാണച്ചുമതല എറ്റെടുത്തു.[8] തുരങ്ക പ്രവേശന കവാടത്തിലേക്കുള്ള അപ്രോച്ച് റോഡ് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്തു.
എങ്കിലും 2003 മെയ് ആയപ്പോഴും പദ്ധതിക്ക് ഉദ്ദേശിച്ച വേഗത കൈവരിക്കാനായില്ല. 2004 ഡിസംബറോടെ മതിപ്പ് ചെലവ് 900 കോടി ഡോളറായി ഉയർന്നു.[9] 2007 മെയ് മാസത്തിൽ ഡോ. മൻമോഹൻ സിങ്ങിന്റെ സർക്കാർ ഓസ്‌ട്രേലിയൻ കമ്പനിയായ എസ്‌എംഇസി (Snowy Mountains Engineering Corporation) ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന് കരാർ നൽകുകയും പൂർത്തീകരണത്തീയതി 2014 ലേക്ക് പുതുക്കുകയും ചെയ്തു. എങ്കിലും 2010 മെയ് വരെ നിർമ്മാണ പുരോഗതി ഉണ്ടായിരുന്നില്ല.[10]
ഒടുവിൽ, യുപിഎ സർക്കാരിലെ സുരക്ഷയെക്കുറിച്ചുള്ള കാബിനറ്റ് കമ്മിറ്റി റോഹ്താങ് ടണൽ പദ്ധതിക്ക് അനുമതി നൽകി. ഒരു സംയുക്ത സംരംഭമായ AFCONS Infrastructure Limited ഒരു ഇന്ത്യൻ നിർമ്മാണ കമ്പനി ഷപൂർജി പല്ലോഞ്ചി ഗ്രൂപ്പ് എന്നിവയോടൊപ്പം സ്ട്രാബാഗ് എജി (ഓസ്ട്രിയ) എന്നിവർ നിർമ്മാണമേറ്റെടുത്തു.[11]
വാജ്‌പേയിയുടെ ജന്മദിനമായ 2019 ഡിസംബർ 25 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണയ്ക്കായി തുരങ്കത്തെ അടൽ തുരങ്കം എന്ന് പുനർനാമകരണം ചെയ്തു.[6]
ലഡാക്കിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലേക്കും വിദൂര ലാഹോൾ-സ്പിതി താഴ്‌വരയിലേക്കും എല്ലാ സീസണുകളിലും എല്ലാ കാലാവസ്ഥയിലും ഉള്ള റോഡ് റൂട്ട് ഉറപ്പാക്കാൻ റോഹ്താങ് ടണൽ പദ്ധതിയിട്ടിട്ടുണ്ട്. എന്നിരുന്നാലും, ഹിമാചൽ പ്രദേശിലെ ലാഹോൾ മേഖലയിലെ കീലോങ്ങിന് വടക്ക് ഡാർച്ച വരെ മാത്രമേ തുരങ്കം ഈ കണക്റ്റിവിറ്റി നൽകൂ. ലഡാക്കിലേക്കുള്ള കണക്റ്റിവിറ്റിക്ക് കൂടുതൽ തുരങ്കങ്ങൾ ആവശ്യമാണ്.
ടൈംലൈൻ
തുരങ്കത്തിന്റെ ആകെ നീളം 9.02 കി.മീ. ആണ്
2000 ജൂൺ 3 നാണ് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പദ്ധതി പ്രഖ്യാപിച്ചത്. 2002 മെയ് 6 ന് ഈ കൃതി BRO യെ ചുമതലപ്പെടുത്തി.[12]
ദേശീയ ഉപദേശക സമിതി ചെയർപേഴ്‌സൺ എന്ന നിലയിൽ സോണിയ ഗാന്ധി 2010 ജൂൺ 28 ന് പദ്ധതിയുടെ തറക്കല്ലിട്ടു.[13]
പദ്ധതി ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷം, 2012 ജൂൺ ആയപ്പോഴേക്കും 3.5 കിലോമീറ്റർ തുരങ്കം പൂർത്തിയായി.[14].
2013 ഒക്ടോബർ ആയപ്പോൾ 4 കിലോമീറ്റർ കുഴിച്ചുവെങ്കിലും തുരങ്കത്തിന്റെ മേൽക്കൂരയുടെ 30 മീറ്റർ ഭാഗം 2013 ഒക്ടോബർ 17 ന് തകർന്നതിനാൽ, കുഴിക്കൽ നിർത്തേണ്ടിവന്നു.[15]
2014 സെപ്റ്റംബർ ആയപ്പോഴേക്കും 4.4 കിലോമീറ്റർ നീളം കുഴിച്ചു[16][17]
2016 ഡിസംബറിൽ 7.6 കിലോമീറ്റർ പൂർത്തിയായി. ഖനനം 2017 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു,[18][19]
ഹെലികോപ്റ്റർ സേവനം ലഭ്യമല്ലാത്തപ്പോൾ അടിയന്തര സാഹചര്യങ്ങളിൽ മാത്രം രോഗികളെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലൂടെ കൊണ്ടുപോകാൻ അനുവദിക്കണമെന്നും, വീഴ്ചയുടെ അപകടസാധ്യതകൾ കാരണം പൂർത്തീകരിക്കുന്നതിന് മുമ്പ് സാധാരണക്കാരെ തുരങ്കത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്നും 2017 നവംബർ 22 ന് തീരുമാനിച്ചു.[22]
സെപ്റ്റംബർ 2018: മോശം കാലാവസ്ഥയും മഞ്ഞുവീഴ്ചയും കാരണം ലാഹോളിൽ കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കാൻ തുരങ്കം ഉപയോഗിച്ചു.[23]
ജനുവരി 2019: 90% ജോലി പൂർത്തിയായി.
നവംബർ 2019: പൂർത്തിയാകാത്ത തുരങ്കത്തിലൂടെ 2019 നവംബർ 17 ന് ബസ് സർവീസ് ട്രയൽ ആരംഭിച്ചു.[24] 44 യാത്രക്കാരുമായി ഒരു ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് സൗത്ത് പോർട്ടലിൽ നിന്ന് തുരങ്കത്തിലേക്ക് പ്രവേശിച്ചു, യാത്രക്കാർ വടക്കൻ പോർട്ടലിൽ ഇറങ്ങി. ലാഹൗൾ, സ്പിതി താഴ്‌വരകളിൽ താമസിക്കുന്നവർക്കായി ശൈത്യകാലത്തേക്ക് ബസ് സർവീസ് നടത്തി. സ്വകാര്യ വാഹനങ്ങൾ തുരങ്കത്തിലൂടെ അനുവദിച്ചില്ല.[25]
ഡിസംബർ 2019: ഡിസംബർ 25 ന്, റോഹ്താങ് തുരങ്കം എന്നറിയപ്പെട്ടിരുന്ന തുരങ്കത്തെ ഔദ്യോഗികമായി അടൽ ടണൽ എന്ന് പുനർനാമകരണം ചെയ്തു.
സെപ്റ്റംബർ 2020: പദ്ധതിയുടെ 100% പൂർത്തീകരണം.
ഒക്ടോബർ 2020: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ, ധനമന്ത്രി അനുരാഗ് ഥാക്കുർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ഒക്ടോബർ 3 ന് തുരങ്കം ഉദ്ഘാടനം ചെയ്തു.
വെല്ലുവിളികൾ
ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ചയിൽ ഖനനം തുടരുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലി. തുരങ്കനിർമ്മാണത്തിനായി രണ്ട് അറ്റത്തുനിന്നും ഖനനം നടത്തി. എന്നിരുന്നാലും, ശൈത്യകാലത്ത് റോഹ്താങ് പാസ് അടയ്ക്കുന്നതിനാൽ തെക്കൻ പോർട്ടലിൽ നിന്ന് മാത്രമാണ് ഖനനം നടത്തിയത്. തുരങ്കത്തിന്റെ നാലിലൊന്ന് ഭാഗം മാത്രമാണ് വടക്കേ അറ്റത്ത് നിന്ന് ഖനനം നടത്തിയത്, മൂന്നിലൊന്ന് തെക്കേ അറ്റത്ത് നിന്ന് ഖനനം നടത്തി.
ഖനനം ചെയ്ത പാറയും മണ്ണും പുറന്തള്ളുന്നതിലെ ബുദ്ധിമുട്ടുകൾ, കനത്ത വെള്ളം (2012 ജൂണിൽ പ്രതിദിനം 30 ലക്ഷം ലിറ്റർ വരെ) എന്നിവ ഖനനത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തി 2003 ഓഗസ്റ്റ് 8 ന് ഉണ്ടായ ഒരു മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കം കാരണം, 42 തൊഴിലാളികൾ മരിച്ചു. 700 ലധികം വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതും പാരിസ്ഥിതിവാദികൾ ചോദ്യംചെയ്തു.
സവിശേഷതകൾ
ഹിമാചൽ പ്രദേശിലെ ലേ, ലാഹോൾ, സ്പിതി താഴ്‌വരകളിലേക്ക് എല്ലാ കാലാവസ്ഥയിലേക്കുമുള്ള ഒരു പാത സൃഷ്ടിക്കുന്നതിന് തുരങ്കത്തിനാവുന്നു.
അടൽ ടണലിന്റെ പ്രധാന സവിശേഷതകൾ ഇവയാണ്:
നീളം: 9.02 കി.മീ (5.6 മൈ)
തുരങ്കത്തിന്റെ ആകൃതി (ക്രോസ്-സെക്ഷൻ): ഹോഴ്സ്ഷൂ
പൂർത്തിയായ വീതി: 10.00 മീ (32.8 അടി) 8 മീറ്റർ റോഡും ഇരുവശത്തും 1 മീറ്റർ വീതം നടപ്പാതയും)
തുരങ്കത്തിന്റെ പൊതുവായ ഉയരം: 3,000–3,100 മീ or 9,840–10,170 അടി
നിയുക്ത വാഹന വേഗത: 80 km/h (50 mph)
നിർമ്മാണ രീതി: NATM ഉപയോഗിച്ച് ഡ്രില്ലിങ്ങ സ്ഫോടനവും
ടണൽ വെന്റിലേഷൻ: വെന്റിലേഷന്റെ അർദ്ധ-തിരശ്ചീന സംവിധാനം.
ന്യൂ ഓസ്ട്രിയൻ ടണലിംഗ് രീതി ഉപയോഗിച്ചാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. അർദ്ധ-തിരശ്ചീന വെന്റിലേഷൻ സംവിധാനമാണ് ഇതിലുള്ളത്.
തുരങ്കത്തിനുള്ളിൽ തീ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഓരോ 200 മീറ്ററിലും ക്രമീകരിച്ചിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഉച്ചഭാഷിണികൾ വഴി പ്രഖ്യാപനം നടത്തുന്നതിന് തുരങ്കത്തിന് ഒരു പൊതു അറിയിപ്പ് സംവിധാനമുണ്ട്.
റോഹ്താങ് പാസ് പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച ഒരു പ്രധാന ആശങ്കയാണ്, പ്രത്യേകിച്ചും പ്രധാന തുരങ്കത്തിലേക്കുള്ള സമീപന റോഡുകളിൽ. റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനും റോഡുകളുടെയും തുരങ്ക ഉപയോക്താക്കളുടെയും സുരക്ഷ ഒരുപോലെ ഉറപ്പുവരുത്തുന്നതിനും, ഹിമപാത നിയന്ത്രണ ഘടനകൾ നിർമ്മിച്ചിട്ടുണ്ട്. അടൽ തുരങ്കത്തിലൂടെ കനത്ത ഗതാഗതത്തിന് സാധ്യതയുള്ളതിനാൽ, തുരങ്കത്തിന്റെ കൃത്യമായ ഇടവേളകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു. അവ വാഹന പരിപാലനത്തിനും മലിനീകരണ നിരീക്ഷണത്തിനുമായി തുരങ്കത്തിന്റെ ഇരുവശങ്ങളിലുമുള്ള രണ്ട് മോണിറ്ററിംഗ് റൂമുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. മലിനീകരണ സെൻസറുകൾ തുരങ്കത്തിലെ വായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നു. തുരങ്കത്തിലെ വായുവിന്റെ ഗുണനിലവാരം ആവശ്യമുള്ള നിലയേക്കാൾ താഴെയാണെങ്കിൽ, തുരങ്കത്തിന്റെ ഇരുവശത്തും രണ്ട് ഹെവി ഡ്യൂട്ടി ഫാനുകൾ ഉപയോഗിത്ത് തുരങ്കത്തിലേക്ക് ശുദ്ധവായു കടത്തിവിടുന്നതിന് സംവിധാനമുണ്ട്.
ഗാലറി
അടൽ തുരങ്കത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് വിശിഷ്ടാതിഥികളും.
ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്കത്തിന്റെ റോഡുകളിലൂടെ നടക്കുന്നു.
അടൽ തുരങ്കത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിമനാലിയിൽ നിന്ന് ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
ഇതും കാണുക
തുരങ്കങ്ങളുടെ പട്ടിക
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് തുരങ്കമായ ജമ്മു കശ്മീരിലെ ജമ്മു മുതൽ ശ്രീനഗർ വരെയുള്ള എൻഎച്ച് 44 ൽ ഡോ. ശ്യാമ പ്രസാദ് മുഖർജി ടണൽ