അധിദാരുശവസംസ്കാരം![]() വൃക്ഷങ്ങളിൽ മഞ്ചങ്ങളുണ്ടാക്കി, അവയിൽ മൃതദേഹങ്ങൾ നിക്ഷേപിക്കുന്ന ശവസംസ്കാര സമ്പ്രദായത്തെ അധിദാരുശവസംസ്കാരം എന്നു പറയുന്നു. രാജ്യം, ഗോത്രം, വർഗം എന്നിവയുടെ വ്യത്യാസമനുസരിച്ച് ശവസംസ്കാരത്തിലും വ്യത്യാസങ്ങൾ കാണാം. ദഹിപ്പിക്കുക, കുഴിച്ചിടുക ഇവയാണ് പ്രധാന സമ്പ്രദായങ്ങൾ. ശവദാഹ സമ്പ്രദായം നിലവിലുള്ളത് ഇന്ത്യയിലെ ഹിന്ദുക്കളുടെ ഇടയിലാണ്. ഓരോ ജനവിഭാഗവും അധിവസിക്കുന്ന ഭൂവിഭാഗത്തിലെ പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ടായിരിക്കണം ഇത്തരം ആചാരങ്ങൾ ആദ്യം രൂപംകൊണ്ടത്. ഇടതിങ്ങിയ വനപ്രദേശങ്ങളിൽ താമസിച്ചിരുന്ന വർഗങ്ങൾക്ക് വൃക്ഷങ്ങളിൽ മഞ്ചങ്ങൾകെട്ടി അവയിൽ മൃതദേഹങ്ങൾ നിക്ഷേപിക്കുന്നത് സൌകര്യമായി തോന്നിയിരിക്കാം. ആന്തമാൻ ദ്വീപുകളിലെ ആദിവാസികളുടെ ഇടയിൽ വൃക്ഷങ്ങളിൽ മഞ്ചങ്ങളുണ്ടാക്കി ശവസംസ്കാരം നടത്തിയിരുന്നു. ഇങ്ങനെ സംസ്കരിക്കുന്നത് ഒരു പ്രത്യേക ബഹുമതിയായി അവർ പരിഗണിച്ചിരുന്നു. സാധാരണയായി ഒരു സ്ത്രീയോ പുരുഷനോ യൌവനത്തിൽ മൃതിയടയുകയാണെങ്കിൽ, ഇങ്ങനെയാണ് സംസ്കരിച്ചുവന്നത്.
|
Portal di Ensiklopedia Dunia