അനാട്ടമി ഓഫ് മെലൻഘൊളി![]() ![]() 1621-ൽ ഇംഗ്ലീഷ് പാതിരിയും എഴുത്തുകാരനുമായ റോബർട്ട് ബർട്ടൻ(1577-1640) പ്രസിദ്ധീകരിച്ച്, ഇംഗ്ലീഷ് ഭാഷയിലെ ക്ലാസിക്കുകളിൽ ഒന്നായി മാറിയ അസാമാന്യഗ്രന്ഥമാണ് അനാട്ടമി ഓഫ് മെലൻഘൊളി (Anatomy of Melancholy)[ക] അഥവാ വിഷാദത്തിന്റെ ശരീരഘടന. ഏതു സാഹിത്യശാഖയിൽ പെടുന്നതെന്ന് പറയാൻ ബുദ്ധിമുട്ടുള്ള ഈ കൃതി എല്ലാ സാഹിത്യത്തിലേയും ഏറ്റവും അതിശയകരമായ ഗ്രന്ഥങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1] ഗ്രന്ഥകാരൻ'അനാട്ടമി'-യുടെ കർത്താവായ റോബർട്ട് ബർട്ടൻ ഓക്സ്ഫോർഡിൽ സെയിന്റ് തോമസ് പള്ളിയിലെ വികാരി ആയിരുന്നു. നിത്യം വിഷാദപീഡിതനായിരുന്ന അദ്ദേഹം [ഖ] ബോഡ്‌ലിയൻ ഗ്രന്ഥശാലയിലെ പുസ്തകങ്ങളിൽ ആശ്വാസം കാണാൻ ശ്രമിച്ചു. ബർട്ടന്റെ വായനയിൽ എല്ലാ വിജ്ഞാനശാഖകളിലേയും പുസ്തകങ്ങൾ ഉൾപ്പെട്ടു. തത്ത്വചിന്തയിലും, ദൈവശാസ്ത്രത്തിലും, ജ്യോതിശാസ്ത്രത്തിലും, ജ്യോതിഷത്തിലുമെല്ലാം അദ്ദേഹം പരിജ്ഞാനം നേടി. നല്ല ജ്യോതിഷിയായിരുന്ന ബർട്ടൺ, സ്വന്തം മരണസമയവും ജ്യോതിഷം ഉപയോഗിച്ച് കണക്കാക്കിവച്ചു. ആ പ്രവചനം ഫലിച്ചതിലെ കൃത്യതകൊണ്ട്, തന്റെ വൈദഗ്ദ്ധ്യം തെളിയിക്കാനായി ബർട്ടൺ ആത്മഹത്യചെയ്തതാണെന്ന് മരണശേഷം ഓക്സ്ഫോർഡിൽ സംശയം പരന്നിരുന്നുവെന്ന് പറയപ്പെടുന്നു. [2] പശ്ചാത്തലം, ശൈലിവൈദ്യശാസ്ത്രഗ്രന്ഥമെന്ന മട്ടിലാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും 'അനാട്ടമി' തനതായൊരു സാഹിത്യശാഖയിൽ പെടുന്ന ഗ്രന്ഥമാണെന്ന് പറയാം. വിഷാദാവസ്ഥയുടെ വൈദ്യശാസ്ത്രമെന്ന പ്രഖ്യാപിതവിഷയത്തിൽ ഒതുങ്ങി നിന്നല്ല ബർട്ടൻ എഴുതുന്നത്. ശാസ്ത്രവും, തത്ത്വചിന്തയും, ജീവിതനിരീക്ഷണവും അദ്ദേഹത്തിന്റെ രചനയിൽ സമ്മേളിക്കുന്നു. വിഷാദാവസ്ഥയെ മനുഷ്യഭാവങ്ങളുടേയും ചിന്തയുടേയും പരിശോധനക്കുള്ള കണ്ണാടിയായി ഉപയോഗിക്കുകയാണ് ഗ്രന്ഥകർത്താവ് ചെയ്യുന്നത്. ഈ ലക്‌ഷ്യം സാധിക്കാനായി പതിനേഴാം നൂറ്റാണ്ടിലെ ഒരു ഗ്രന്ഥശാലയിലെ മുഴുവൻ ഗ്രന്ഥങ്ങളേയും ബർട്ടൺ അണിനിരത്തുന്നു.[3]
പ്രസിദ്ധീകരണംഎഴുതിയത് വീണ്ടും വീണ്ടും തിരുത്തിയെഴുതി മെച്ചപ്പെടുത്തുന്നത് പതിവാക്കിയിരുന്ന ബർട്ടന്റെ ജീവിതകാലത്തുതന്നെ, അനാട്ടമിയുടെ പരിഷ്കാരിച്ച് വിപുലീകരിച്ച അഞ്ച് പതിപ്പുകൾ ഇറങ്ങി. എന്നാൽ പിൽക്കാലത്ത് പലപ്പോഴും, പ്രത്യേകിച്ച് 1676-നും 1800-നും ഇടക്ക്, ഇതിന്റെ പ്രതികൾ ലഭ്യമല്ലായിരുന്നു.[5] മൂലകൈയെഴുത്തുപ്രതികളൊക്കെ നഷ്ടമായിപ്പോയതിനാൽ പിൽക്കാലത്തെ പതിപ്പുകളൊക്കെ ആശ്രയിച്ചത് ബർട്ടന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച പതിപ്പുകളെയാണ്.[6] പകർപ്പവകാശകാലം പിന്നിട്ട അനാട്ടമിയുടെ ആദ്യപതിപ്പുകൾ ഇപ്പോൾ പ്രോജക്ട് ഗുട്ടൺബർഗ്ഗ് അടക്കം പല ഉറവിടങ്ങളിലും പൂർണ്ണരൂപത്തിൽ ലഭ്യമാണ്. പുതകത്തിന്റെ കാര്യത്തിലുണ്ടായ വർദ്ധിച്ച താത്പര്യവും അത് പകർപ്പവകാശകാലം പിന്നിട്ടുവെന്നതും അടുത്ത കാലത്ത് അനാട്ടമിയുടെ പല അച്ചടിപ്പതിപ്പുകളും ഇറങ്ങാൻ ഇടയാക്കി. ഇവയിൽ ശ്രദ്ധേയമായ ഒരു പതിപ്പ് 2001-ൽ ന്യൂയോർക്ക് പുസ്തകനിരൂപണമാസിക അവരുടെ ക്ലാസിക് പരമ്പരയിൽ പെടുത്തി ഇറക്കിയതാണ്.[3] ഉള്ളടക്കം![]() നിർവചനംതന്റെ വിഷയത്തെ ബർട്ടൻ ഇങ്ങനെ നിർവചിക്കുന്നു:
ശാസ്ത്രങ്ങൾ, പൂർവരചനകൾഇങ്ങനെ നിർവചിച്ച വിഷയത്തെ നേരിടാൻ ബർട്ടൺ അക്കാലത്ത് നടപ്പുണ്ടായിരുന്ന എല്ലാ ശാസ്ത്രങ്ങളുടേയും സഹായം തേടുന്നു. മന:ശാസ്ത്രത്തേയും ശരീരശാസ്ത്രത്തേയും എന്നപോലെ ജ്യോതിശാസ്ത്രം, കാലാവസ്ഥാശാസ്ത്രം, ദൈവശാസ്ത്രം ജ്യോതിഷശാസ്ത്രം പിശാചശാസ്ത്രം എന്നിവയെയൊക്കെ അദ്ദേഹം സഹായത്തിനുവിളിക്കുന്നുണ്ട്. പുസ്തകത്തിന്റെ ഗണ്യമായൊരു ഭാഗം ഹിപ്പോക്രറ്റിസ്, അരിസ്റ്റോട്ടിൽ, ഗാലൻ തുടങ്ങിയ പൗരാണികരുടേയും മദ്ധ്യകാലലേഖകന്മാരുടേയും വൈദ്യവിഷയകമായ രചനകളിൽ നിന്നുള്ള ഉദ്ധരണികളാണ്. പൂർവരചനകളുടെ പ്രസക്തവും അപ്രസക്തവുമായ പരാമർശങ്ങൾ കൊണ്ട് അനാട്ടമി നിറഞ്ഞിരിക്കുന്നു. തികഞ്ഞ ലത്തീൻ പണ്ഡിതനായിരുന്ന ബർട്ടൺ ആ ഭാഷയിൽ നിന്നുള്ള ഒട്ടേറെ കവിതകളും അനാട്ടമിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റു ഭാഷകളിൽ നിന്നുള്ള ഈവിധം ഉദ്ധരണികൾ മിക്കവാറും മൊഴിമാറ്റം ചെയ്യാതെയാണ് ചേർത്തിരിക്കുന്നത്. ആമുഖഖണ്ഡംഅനാട്ടമി ഓഫ് മെലൻഘൊളി വളരെ വലിയ പുസ്തകമാണ്. ഒറ്റവാല്യമായി പ്രസിദ്ധീകരിച്ച ആദ്യപതിപ്പ് 900 പുറം ഉണ്ടായിരുന്നു. തുടർന്നുവന്ന പതിപ്പുകൾ അതിലും വലുതായിരുന്നു. ആമുഖഖണ്ഡവും തുടർന്നുവരുന്നു മൂന്നുമുഖ്യഖണ്ഡങ്ങളുമായി പുസ്തകം വിഭജിച്ചിരിക്കുന്നു. എല്ലാം എഴുതിയിരിക്കുന്നത് ബർട്ടന്റെ വിസ്തരിച്ചുള്ള ശൈലിയിലാണ്. ആമുഖഖണ്ഡത്തിൽ ബർട്ടൺ സ്വയം കാണുന്നത് പുരാതനഗ്രീസിലെ "ചിരിക്കുന്ന ചിന്തകൻ" ഡെമോക്രിറ്റസിന്റെ പിൻഗാമിയായാണ്. വായനക്കാരെ ഉദ്ദേശിച്ചുള്ള അവതരണക്കുറിപ്പിന്റെ ശീർഷകം, "ചെറിയ ഡെമോക്രിറ്റസ്, വായനക്കാരോട്" എന്നാണ്. "കൊച്ചു ഡെമൊക്രിറ്റസ് തന്റെ പുസ്തകത്തോട്" എന്നു പേരിട്ടിരിക്കുന്ന ലത്തീൻ കവിതയാണ് തുടർന്ന്. പിന്നെ "വിനോദവേള പാഴാക്കുന്നു വായനക്കാരനുള്ള മുന്നറിയിപ്പ്" വായിക്കാം. ഗ്രന്ഥത്തിന്റെ തന്നെ ഒരു സംഗ്രഹവും, ആമുഖഖണ്ഡത്തെ വിശദീകരിക്കുന്ന ഒരു കവിതയും കൂടി എഴുതിയാണ് ആ ഭാഗം അവസാനിപ്പിക്കുന്നത്. മുഖ്യഖണ്ഡങ്ങൾതുടർന്നുവരുന്ന മൂന്നു മുഖ്യഖണ്ഡങ്ങളും ആമുഖത്തിന്റെ മട്ടിൽ വിസ്തരിച്ചാണ് എഴുതിയിരിക്കുന്നത്: ആദ്യത്തേതിൽ സാധാരണ വിഷാദാവസ്ഥകളുടെ കാരണങ്ങളും ലക്ഷണങ്ങളും വിശദീകരിച്ചിരിക്കുന്നു. രണ്ടാമത്തെ ഖണ്ഡത്തിൽ വിഷാദാവസ്ഥക്കുള്ള പ്രതിവിധികളാണ് വിഷയം. മൂന്നാം ഖണ്ഡത്തിൽ കൂടുതൽ സങ്കീർണ്ണവും വിശേഷതരവുമായ വിഷാദാവസ്ഥകളെക്കുറിച്ചു പറയുന്നു. പ്രേമപീഡിതരുടെ വിഷാദവും മതവുമായിബന്ധപ്പെട്ട പലതരം ധാർമ്മികവിഷാദങ്ങളും ഇവിടെ പരിശോധനക്കു വിധേയമാകുന്നു. 'അനാട്ടമി' സമാപിക്കുന്നത് ദീർഘമായ ഒരു വിഷയസൂചിയോടെയാണ്. "അതിൽ തന്നെ വായനക്കാരന് ആനന്ദം പകരാൻ വകയുള്ളത്" എന്ന് ന്യൂയോർക്ക് ടൈംസ് പുസ്തക നിരൂപണ മാസിക ഈ വിഷയസൂചിയെ പുകഴ്ത്തിയിട്ടുണ്ട്. [7] ആധുനികപതിപ്പുകൾ മിക്കവയും വിശദീകരണക്കുറിപ്പുകളും ലത്തീനിലുള്ള ഭാഗങ്ങളുടെ മൊഴിമാറ്റവും ഉൾക്കൊള്ളുന്നു.[3] നിരൂപണംഅതിന്റെ രചനക്കുശേഷം വന്ന നാലോളം നൂറ്റാണ്ടുകളിൽ 'ആനാട്ടമി' ഏറെ ആരാധകരെ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് കാല്പനികകവി ജോൺ കീറ്റ്സ് അതിനെ തന്റെ പ്രിയപ്പെട്ട പുസ്തകം എന്നു വിശേഷിപ്പിച്ചു. പ്രശസ്തവിമർശകൻ സാമുവൽ ജോൺസണും അനാട്ടമിയെ പുകഴ്ത്തി. ഉദ്ധരണികളുടെ കനത്തഭാരം ചുമക്കുന്നതെങ്കിലും (Overloaded with quotation) വിലമതിക്കപ്പെടേണ്ട കൃതി എന്നാണ് ജോൺസൺ അതിനെ വിശേഷിപ്പിച്ചത്. മറ്റുള്ളവരെ ആശ്രയിക്കാതെ "സ്വന്തം മനസ്സിൽ നിന്നെഴുതുമ്പോൾ" ബർട്ടന്റെ രചന ചൈതന്യവും ശക്തിയും പ്രകടിപ്പിക്കുന്നുവെന്നു കരുതിയ ജോൺസൺ, പ്രഭാതത്തിൽ രണ്ടുമണിക്കൂർ സമയത്തെ ഉറക്കം കളഞ്ഞുള്ള വായനക്ക് തന്നെ പ്രേരിപ്പിക്കാൻ കഴിവുള്ള ഒരേയൊരു കൃതി എന്ന് 'അനാട്ടമി'-യെ വിശേഷിപ്പിച്ചതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ജെയിംസ് ബോസ്വെൽ രേഖപ്പെടുത്തിയിട്ടുണ്ട്.[ഗ][8] പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിലെ എഴുത്തുകാരായ ലോറൻസ് സ്റ്റേൺ, ചാൾസ് ലാമ്പ് എന്നിവരെപ്പോലെ ആധുനികരായ സാമുവൽ ബെക്കറ്റും, സ്റ്റാൻലി ഫിഷും, ഫിലിപ്പ് പുൾമാനും, ബർട്ടന്റെ കൃതിയെ ഇഷ്ടപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യകാരനും നൊബേൽസമ്മാന ജേതാവുമായ ജോർജ് ലൂയി ബോർഹെയുടെ ബാബേലിന്റെ ഗ്രന്ഥശാല എന്ന കഥയിൽ അനാട്ടമിയിൽ നിന്നുള്ള ഒരു ഉദ്ധരണി ഉപയോഗിക്കുന്നുണ്ട്. അമേരിക്കാൻ വിദ്യാഭ്യാസവിചക്ഷണനും ചരിത്രകാരനുമായ ജാക്ക് ബാഴ്സൺ, അനാട്ടമിയിൽ ഇരുപതാം നൂറ്റാണ്ടിലെ മനോവിജ്ഞാനത്തിന്റെ പൂർവദർശനം കണ്ടു. ആധുനികവിമർശകരിൽ പലരും ബർട്ടന്റെ കൃതിയെ കിറുക്കുപിടിച്ചതെങ്കിലും വിലയേറിയ ക്ലാസിക്കായി കണക്കാക്കുന്നു.[9] കുറിപ്പുകൾക.^ പുസ്തകത്തിന്റെ മുഴുവൻ പേര്, ദീർഘമാണ്: "The Anatomy of Melancholy, What it is: With all the Kinds, Causes, Symptomes, Prognostickes, and Several Cures of it. In Three Maine Partitions with their several Sections, Members, and Subsections. Philosophically, Historically, Opened and Cut up".
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia