അന്തോനെല്ലോ ദ മെസ്സീന
ഇറ്റാലിയൻ ചിത്രകാരനായ അന്തോനെല്ലോ ദ മെസ്സീന സിസിലിയിൽ മെസ്സീന എന്ന സ്ഥലത്ത് ജനിച്ചു. ഇദ്ദേഹം നേപ്പിൾസിൽ നിന്നാണ് ചിത്രരചന അഭ്യസിച്ചത്. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ആദ്യകാല സന്തതികളിൽ ഒരാളായിരുന്നു അന്തോനെല്ലോ. ഒരു പ്രത്യേക വെനീഷ്യൻ ചിത്രരചനാശൈലിക്കു തന്നെ ഇദ്ദേഹം അടിത്തറ പാകി. തനി ഇറ്റാലിയൻ രീതിയും ഫ്ളെമിഷ് സങ്കേതങ്ങളും യഥാതഥ്യാവിഷ്കരണങ്ങളും ഇദ്ദേഹത്തിന്റെ കലാസൃഷ്ടികളിൽ സമ്യക്കായി മേളിച്ചിരുന്നു. ക്രൂശിതരൂപവും വിശുദ്ധ ജെറോം പഠനത്തിൽ എന്ന ചിത്രവുമാണ് ഇദ്ദേഹത്തിന്റെ ആദ്യകാലസൃഷ്ടികളിൽ പ്രസിദ്ധി നേടിയത്. മഡോണയും ശിശുവും (Madonna and the child),[1] മംഗലവാർത്താസമയത്തെ കന്യാമറിയം (Virgin of the Annunciation),[2] മൃതനായ ക്രിസ്തുവും മാലാഖമാരും (The dead Christ with Angels)[3] തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രശസ്ത ചിത്രങ്ങൾ. എണ്ണച്ചായചിത്രരചനയുടെ ഉപജ്ഞാതാവും ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു. സാൻ കാസ്സിയാനോ ദേവാലയത്തിലെ അൾത്താരയിൽ അന്തോനെല്ലോയുടെ ആലേഖ്യഭംഗി തെളിഞ്ഞു കാണാം. പ്രശസ്ത സമകാലിക ഇറ്റാലിയൻ ചിത്രകാരനായ ഗിയോവന്നി ബെല്ലിനി ഇദ്ദേഹത്തിന്റെ കലാസിദ്ധികളെ ഉദാരമായി ശ്ലാഘിച്ചിട്ടുണ്ട്. അന്തോനെല്ലോ 1479-ൽ വെനീസിൽ നിര്യാതനായി. അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia