അന്റൊയിൻ ആന്ദ്രേ
ഒരു ഫ്രഞ്ചു നടനായിരുന്നു അന്റൊയിൻ ആന്ദ്രേ (ഇംഗ്ലീഷ്:André Antoine, 1858 - 1943). സ്റ്റേജ് മാനേജർ, നാടക നിരൂപകൻ, നടൻ എന്നീ നിലകളിൽ 19-ആം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഫ്രാൻസിൽ പ്രസിദ്ധിയാർജിച്ചു. 1858-ൽ ലിമോഷിലാണ് ഇദ്ദേഹം ജനിച്ചത്. ഫ്രഞ്ച് നാടകവേദിയിൽ സ്വാഭാവികതാവാദം (natura-lism) ആദ്യമായി ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. ഫ്രാൻസിലെ പരമ്പരാഗത ശൈലീകൃത നാടകസങ്കേതങ്ങളെ (stylization) നിരാകരിച്ച ഇദ്ദേഹം തിയറ്റർ ലിബ്ര എന്ന പേരിൽ ഒരു പരീക്ഷണാത്മക നാടകവേദിക്ക് തുടക്കം കുറിച്ചു (1887). ഈ പ്രസ്ഥാനത്തിൽ ഇദ്ദേഹത്തിന് എമിലി സോളായുടെ പിന്തുണയും സഹായവും ലഭിച്ചു. ജീവിതയാഥാർഥ്യങ്ങളോട് അടുപ്പവും പൊരുത്തവുമുള്ള നാടകങ്ങൾ അവതരിപ്പിക്കുന്നതിനായി ആന്ദ്രേ നടത്തിയ യത്നങ്ങളെ സോളാ പുകഴ്ത്തുകയും വിലമതിക്കുകയും ചെയ്തു. മറ്റു പല സാഹിത്യകാരൻമാരും സോളായുടെ മാതൃക സ്വീകരിച്ച് ആന്ദ്രേയെ പ്രോത്സാഹിപ്പിച്ചു. തത്ഫലമായി യുജിൻ ബ്രിയു, ക്യൂറെനിലെ ഫ്രാൻസുവാ, പോർട്ടോറിഷിലെ ജോർജ്, ഇബ്സൻ തുടങ്ങിയവരുടെ യഥാതഥനാടകങ്ങളുടെ ഒരു പരമ്പര തന്നെ ആന്ദ്രേ പാരിസിൽ അവതരിപ്പിച്ചു. അതോടുകൂടി ഫ്രഞ്ചു നാടകവേദിയുടെ ചരിത്രത്തിൽ ആന്ദ്രേയ്ക്ക് സുപ്രധാനമായ ഒരു സ്ഥാനം ലഭ്യമാവുകയും ചെയ്തു. ആന്ദ്രേ ആരംഭമിട്ട സ്വതന്ത്ര നാടകവേദി പ്രസ്ഥാനത്തിന് പാരീസിലും ഫ്രാൻസിൽ ഒട്ടാകെയും അത്യധികം പ്രാധാന്യം ലഭിച്ചു. ബർലിനിലെ ഫ്രിബൂണെ, ലണ്ടനിലെ ഇൻഡിപെൻഡന്റ് തിയറ്റർ തുടങ്ങിയ സ്ഥാപനങ്ങൾ ആന്ദ്രേയുടെ തിയറ്റർ ലിബ്രയുടെ പാത പിന്തുടർന്നു. 1894-ൽ ആന്ദ്രേ തിയറ്റർ ലിബ്രയുടെ സംവിധായക സ്ഥാനം ഉപേക്ഷിച്ച് ജിംനാസുമായി ബന്ധപ്പെട്ടു; അതുകഴിഞ്ഞ് 1896-ൽ ഓഡിയോണുമായും. 1897-ൽ സ്വന്തമായി തിയറ്റർ അന്റോയിൻ എന്ന സ്ഥാപനം സംഘടിപ്പിച്ചു. 1906-ൽ വീണ്ടും ഓഡിയോണുമായി സഹകരിച്ചുവെങ്കിലും 1913-ൽ ആ ബന്ധം അവസാനിപ്പിച്ച് ഒരു നാടകവിമർശകനായി മാറി. 1943 ഒക്ടോബർ 21-ന് ബ്രിട്ടനിലെ ബ്രസ്റ്റിനിൽ ആന്ദ്രേ നിര്യാതനായി. ആന്ദ്രേയുടെ നാടകവേദിയിലെ സേവനങ്ങളെ വിലയിരുത്തിക്കൊണ്ട് എസ്.എം.വാക്സ്മാൻ അന്റോയിനും സ്വതന്ത്രനാടകവേദിയും എന്നൊരു ഗ്രന്ഥം 1926-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുറംകണ്ണികൾ
|
Portal di Ensiklopedia Dunia