അബ്ദുല്ല ഇബ്നു ഹുസൈൻ
അബ്ദുല്ല ഇബ്നു ഹുസൈൻ (അറബിക്) عبد الله الأول بن الحسين ആധുനിക ജോർദാന്റെ ശില്പിയായിരുന്നു. ഹിജാസിലെ രാജാവായ ഷെരിഫ് അൽ ഹുസൈൻ ഇബ്നു അലിയുടെ രണ്ടാമത്തെ പുത്രനായി 1882-ൽ മക്കയിൽ ജനിച്ചു. തുർക്കിയിലെ ഇസ്താംബൂളിൽനിന്ന് വിദ്യാഭ്യാസം നേടി, ഒട്ടോമൻ പാർലമെന്റിൽ മക്കയുടെ പ്രതിനിധിയായി പ്രവർത്തിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് തുർക്കിക്കെതിരെ അറബികൾ നടത്തിയ സമരത്തിൽ ഇദ്ദേഹം സുപ്രധാനമായ പങ്കു വഹിച്ചു. 1921-ൽ ബ്രിട്ടീഷ്കാർ ഇദ്ദേഹത്തെ ട്രാൻസ് ജോർദാനിലെ അമീറായി അംഗീകരിച്ചു. ഹാഷിംവംശജനായ ഇദ്ദേഹം ജനങ്ങളുടെ വിശ്വാസം നേടിയെടുത്തിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടീഷുകാർക്ക് സൈനികസഹായം നൽകിയതിനു പ്രതിഫലമായി 1946-ൽ ട്രാൻസ് ജോർദാന് സ്വാതന്ത്ര്യം ലഭിച്ചു. പിന്നീട് ഇദ്ദേഹം ജോർദാനിലെ രാജാവായി (1946 മേയ് 25) സ്ഥാനാരോഹണം ചെയ്തു. 1947-ൽ യു.എൻ. പലസ്തീൻ വിഭജിക്കാൻ നടത്തിയ ഉദ്യമത്തെ അനുകൂലിച്ച ഏക അറബിരാഷ്ട്ര മേധാവി ഇദ്ദേഹം ആയിരുന്നു. അറബിരാഷ്ട്രങ്ങൾ ഈ ഉദ്യമത്തിന് എതിരാണെന്ന് കണ്ടപ്പോൾ അവരോടൊപ്പം പലസ്തീനിലെ ജൂതൻമാർക്കെതിരെ നീങ്ങി, നിർണായക വിജയങ്ങൾ നേടി. പലസ്തീനിലെ ചില ഭാഗങ്ങളെ ജോർദാനോടു ചേർക്കാൻ ഇദ്ദേഹം നടത്തിയ ശ്രമം ഈജിപ്തിനും അറേബ്യയയ്ക്കും സിറിയയ്ക്കും സ്വീകാര്യമായിരുന്നില്ല. ജറുസലേമിലെ മുഫ്ത്തിയായ ഹാജിഅമീനുൽ ഹുസൈന്റെ നിയന്ത്രണത്തിൽ, പലസ്തീൻ പ്രത്യേക രാഷ്ട്രമാകണമെന്ന് അവർ ആഗ്രഹിച്ചു. അയൽരാജ്യങ്ങളുടെ ശത്രുതയോടൊപ്പം ആഭ്യന്തര വിഷമങ്ങളും വർധിച്ചു. പലസ്തീൻ കുടിയേറ്റക്കാർ പുതിയ സാമ്പത്തികരാഷ്ട്രീയപ്രശ്നങ്ങൾ സൃഷ്ടിച്ചു. ജോർദാനിൽ ജനാധിപത്യത്തിന് അനുകൂലമായ നീക്കങ്ങൾ ആരംഭിച്ചു. ശത്രുവിഭാഗത്തിൽപെട്ട ഒരു യുവാവ് ജറുസലേമിലെ അഖ്സാപള്ളിയിൽവച്ച് ഇദ്ദേഹത്തെ വെടിവച്ചുകൊന്നു (1951 ജൂലൈ. 20). ഇദ്ദേഹത്തിന്റെ സ്മരണകളുടെ (Memories) ഒന്നാംഭാഗം പ്രസിദ്ധീകൃതമായിട്ടുണ്ട്. അവലംബം
|
Portal di Ensiklopedia Dunia