അബ്ദുൽ ഹമീദ് ലാഹോറി

ഇന്തോ-പേർഷ്യൻ ചരിത്രകാരനായിരുന്നു അബ്ദുൽ ഹമീദ് ലാഹോറി‍. യഥാർഥനാമം അബ്ദുൽ ഹമീദ് ലാഹാവ്രി എന്നായിരുന്നു. മുഗൾ ചക്രവർത്തി ഷാജഹാന്റെ ആസ്ഥാന ചരിത്രകാരനായിരുന്ന ഇദ്ദേഹം ഷാജഹാന്റെ ഭരണകാലത്തെ(1628-58)ക്കുറിച്ച് ഏറ്റവും വിശദവും ആധികാരികവുമായ വിവരണം നൽകുന്ന പാദ്ഷാനാമ എന്ന ചരിത്രഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ്. ഷാജഹാന്റെ ആദ്യത്തെ ഇരുപത് വർഷത്തെ ഭരണകാലത്തിന്റെ സമ്പൂർണ ചരിത്രമാണ് പാദ്ഷാനാമ. അബ്ദുൽഹമീദിന്റെ ജിവിതത്തെക്കുറിച്ച് വിശദവിവരങ്ങൾ അറിയാൻ കഴിഞ്ഞിട്ടില്ല. അമാലിസാലിഹ് എന്ന ഗ്രന്ഥത്തിന്റെ കർത്താവായ മുഹമ്മദു സാലിഹ്, അബ്ദുൽഹമീദ് വിഖ്യാതനായ എഴുത്തുകാരനാണെന്നും ഇദ്ദേഹം എ.ഡി. 1654-ൽ നിര്യാതനായെന്നും പ്രസ്താവിക്കുന്നു. അക്ബർനാമയുടെ കർത്താവായ അബുൽഫസലിന്റെ ശൈലിയിൽ തന്റെ ഭരണകാലചരിത്രം രചിക്കപ്പെടണമെന്ന് ഷാജഹാൻ ആഗ്രഹിക്കുകയും അതിനേറ്റവും അനുയോജ്യനെന്നു കണ്ട് അക്കാലത്ത് പാറ്റ്നയിൽ വിശ്രമാർഥം താമസിച്ചിരുന്ന അബ്ദുൽഹമീദ് ലാഹോറിയെ വിളിപ്പിക്കുകയും പ്രസ്തുത ചുമതല ഏല്പിക്കുകയും ചെയ്തു. ഷാജഹാന്റെ മന്ത്രിയായിരുന്ന അല്ലാമാ സാദുല്ലാ ഖാനായിരുന്നു അബ്ദുൽഹമീദിന്റെ രക്ഷാധികാരി. അബ്ദുൽഹമീദ് തനിക്കാദരണീയനായ അബുൽഫസലിന്റെ രചനാരീതി വശമാക്കിയിരുന്നു. വാർധക്യം മൂലം പരിക്ഷീണനായപ്പോൾ ഇദ്ദേഹത്തിന്റെ ശിഷ്യനും സഹായിയുമായ മുഹമ്മദ്വാരിസ് ഷാജഹാന്റെ അവശേഷിച്ച ഭരണകാലത്തിന്റെ ചരിത്രം രചിക്കുകയുണ്ടായി. അബ്ദുൽ ഹമീദിന്റെ പാദ്ഷാനാമയുടെ ചരിത്രത്തിന്റെ മൂല്യം നിർവിവാദമാണ്. അക്കാലത്തിന്റെ ഏറ്റവു സമഗ്രവും സൂക്ഷ്മവുമായ ചരിത്രം ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാഫിഖാനെപ്പോലുള്ള പിൽക്കാല ചരിത്രകാരൻമാർകൂടി ഈ ഗ്രന്ഥത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ ഹമീദ് ലാഹോറി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya