അമിനൊ ബെൻസോയിക് (പാരാ) ആസിഡ്
ജീവകങ്ങളുടെ കൂട്ടത്തിൽ പരിഗണിക്കപ്പെടുന്ന ഒരു കാർബണിക യൌഗികമാണ് അമിനൊ ബെൻസോയിക് (പാരാ) ആസിഡ്. ഫോർമുല, NH2 C6 H4 COOH. ഇരുമ്പും ഹൈഡ്രൊ ക്ളോറിക് അമ്ളവുംകൊണ്ട് പാരാ നൈട്രൊ ബെൻസോയിക് അമ്ളം നിരോക്സീകരിച്ച് ഇത് ലഭ്യമാക്കാം. NO2 C6 H4 COOH + 6(H) → NH2 C6 H4 COOH + 2H2O അമിനൊ ഗ്രൂപ്പും അമ്ള ഗ്രൂപ്പും ഉള്ളതുകൊണ്ട് ഇവ രണ്ടിന്റെയും ഗുണധർമങ്ങൾ പ്രദർശിപ്പിക്കുന്നു. രസതന്ത്രജ്ഞൻമാർക്ക് ചിരപരിചിതമായ പദാർഥമായിരുന്നെങ്കിലും 1940 വരെ ഇതിന്റെ ശരീരക്രിയാത്മകമായ പ്രവർത്തനത്തെക്കുറിച്ച് കാര്യമായി ഒന്നും അറിഞ്ഞിരുന്നില്ല. സൾഫൊണാമൈഡ് മരുന്നുകളുടെ ജീവാണുസ്തംഭകപ്രവർത്തനത്തെ (bacterial inhivition) തടസ്സപ്പെടുത്തുന്നതിന് ഇതിനു കഴിവുണ്ടെന്ന് ആദ്യമായി കണ്ടറിഞ്ഞത് വുഡ്സ് (Woods) എന്ന വൈജ്ഞാനികനാണ്. ജലവിലേയമായ ഒരു ജീവകം ആയാണ് ഇതിനെ പരിഗണിച്ചു വരുന്നത്. ഭക്ഷ്യസാധനങ്ങളിൽ ഇത് പ്രകീർണമാണ്. കരൾ, യീസ്റ്റ് എന്നിങ്ങനെയുള്ള ജീവകം ബി പ്രചുരങ്ങളായ വസ്തുക്കളിൽനിന്ന് ഈ യൌഗികം പൃഥക്കരിച്ചെടുക്കാം. പോഷകവസ്തു എന്ന നിലയിൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതിന് അത്ര വളരെ പ്രാധാന്യമുണ്ടോ എന്നു സംശയമാണ്. എങ്കിലും കോഴിക്കുഞ്ഞുങ്ങൾക്കു വളരുവാൻ ഇത് അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഫോളിക് അമ്ലം മനുഷ്യന് ആവശ്യമുള്ള ഒരു ജീവകം ആണ്. പാരാ അമിനൊ ബെൻസോയിക് അമ്ളം (പാബാ) ആകട്ടെ ഫോളിക് അമ്ളം തൻമാത്രയുടെ ഒരു ഭാഗമാണ്. ഫോളിക് അമ്ലം കുറവുള്ള ഭക്ഷ്യവസ്തുക്കളിൽ പാബാ ചേർത്താൽ കുടലിൽ ആ ജീവകത്തിന്റെ സംശ്ളേഷണം നടക്കുന്നതാണ്. ടൈഫസ്, സ്ക്രബ് ടൈഫസ്, റോക്കി മൌൺടൻ സ്പോട്ടഡ് ഫീവർ എന്നിവയെ ചികിത്സിക്കുവാൻ പാരാ അമിനോ ബെൻസോയിക് അമ്ളം പ്രയോജനപ്പെടുന്നു. റിക്കറ്റ്സ്യാ എന്ന രോഗത്തെ ഇതു ഫലപ്രദമായി തടയുന്നതാണ്. പാരാ അമിനോ ബെൻസോയീക് അമ്ളത്തിന്റെ ചില വ്യുത്പന്നങ്ങൾ സ്ഥാനീയനിശ്ചേതകങ്ങളായി ഉപയോഗിക്കാറുണ്ട്. ഉദാ. ബെൻസോക്കേൻ, പ്രൊക്കേൻ, നോവൊക്കേൻ. ചില അണുജീവികളുടെ വളർച്ചയ്ക്ക് ഇത് അത്യാവശ്യമാണെന്നു മനസ്സിലായതോടുകൂടി പാബാ തിയറി എന്ന പേരിൽ ഒരു സിദ്ധാന്തംതന്നെ ഔഷധഗുണപഠനത്തിൽ ആവിഷ്കൃതമായിട്ടുണ്ട്.
|
Portal di Ensiklopedia Dunia