അരുണ ഷാൻബാഗ് കേസ്
ലൈംഗികപീഡനത്തിനിരയായി 1973 മുതൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന വനിതയാണ് അരുണ ഷാൻബാഗ്. ഇവരുടെ ദയാവധം അനുവദിച്ചുകിട്ടാൻ വേണ്ടി സുഹൃത്ത് പിങ്കി വിരാനി നടത്തിയ നിയമയുദ്ധം ശ്രദ്ധേയമായിരുന്നു[2]. കർണ്ണാടകയിലെ ഹാൽദിപൂരിൽ നിന്ന് മുംബെയിലെ കെ.ഇ.എം ഹോസ്പിറ്റലിൽ ജോലിക്കായി ചേർന്ന അരുണയെ ഹോസ്പിറ്റൽ ജീവനക്കാരനായ സോഹൻ ലാൽ വാല്മീകി പീഡിപ്പിക്കുകയും, അതിനെത്തുടർന്ന് അബോധാവസ്ഥയിലാവുകയും ചെയ്തു[3]. 42 വർഷത്തോളം അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടന്ന അരുണ 2015 മേയ് 18- നു കടുത്ത ന്യൂമോണിയ ബാധിച്ച് അന്തരിച്ചു. ഇരകർണ്ണാടകയിലെ ഹാൽദിപൂർ എന്ന സ്ഥലത്താണ് 1948 ജൂൺ ഒന്നാം തീയതി അരുണ രാമചന്ദ്ര ഷാൻബാഗ് ജനിച്ചത്.[4][5] മുംബൈയിലെ കിങ് എഡ്വേഡ് മെമ്മോറിയൽ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കെ.ഇ.എം ഹോസ്പിറ്റലിലെ ഒരു ഡോക്ടറുമായി അരുണയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയുമായിരുന്നു.[6] ആക്രമണം1973 നവംബർ 27നു കെ.ഇ.എം ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനായിരുന്ന സോഹൻലാൽ ഭർത്ത വാല്മീകി അരുണയെ അതിക്രൂരമായി ലൈംഗികാതിക്രമത്തിനു വിധേയയാക്കി.[7] ആശുപത്രിയിലെ മുറിയിൽ വസ്ത്രം മാറുന്നതിനിടയിലാണു വാല്മീകി അരുണയെ ആക്രമിച്ചത്. നായയെ പൂട്ടുന്ന ഒരു ചങ്ങലകൊണ്ട് കഴുത്തിൽ കുരുക്കിട്ടാണ് അയാൾ അരുണയെ കീഴ്പ്പെടുത്തിയത്. കഴുത്തിലെ കുരുക്ക് മുറുകിയതോടെ, തലച്ചോറിലേക്ക് ഓക്സിജൻ പ്രവാഹം നിലക്കുകയും, അരുണ അബോധാവസ്ഥയിലാവുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ ഏഴേമുക്കാലോടെ രക്തത്തിൽ കുളിച്ചു കിടക്കുന്ന അവസ്ഥയിലാണു അരുണയെ ആശുപത്രിയിലെ ഒരു തൂപ്പുകാരൻ കണ്ടെത്തിയത്.[8] കെ.ഇ.എം ആശുപത്രിയുടെ ഡീൻ ആയിരുന്ന ഡോക്ടർ ദേശ്പാണ്ഡേയുടെ നിർദ്ദേശപ്രകാരം, കവർച്ചക്കു, കൊലപാതകശ്രമത്തിനുമെതിരേയാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രൂരമായ പ്രകൃതിവിരുദ്ധപീഡനത്തിനിരയായിരുന്നു അരുണ. എന്നാൽ ഈ വിവരം പുറത്തറിഞ്ഞാൽ അരുണയുടെ നിശ്ചയിച്ചുവെച്ചിരിക്കുന്ന വിവാഹം മുടങ്ങിപ്പോയേക്കാമെന്നു ഡോക്ടർ ഭയപ്പെട്ടിരുന്നു.[9] കുറ്റവാളിസോഹൻലാൽ ഭർത്ത വാല്മീകി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കെ.ഇ.എം ആശുപത്രിയിലെ താൽക്കാലിക തൂപ്പുജോലിക്കാരനായിരുന്നു. കോടതി സോഹൻലാലിന് പതിനാലു വർഷത്തെ തടവു ശിക്ഷ വിധിച്ചു. 1980 ൽ തടവു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സോഹൻലാലിനെക്കുറിച്ച് പിന്നീടാർക്കും യാതൊരു വിവരവും ഇല്ല. പിങ്കി വിരാനി എന്ന പത്രപ്രവർത്തക അയാളെക്കുറിച്ചന്വേഷിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.[10] അധികൃതർ അയാളുടെ ഒരു ഫോട്ടോ പോലും സൂക്ഷിച്ചിരുന്നില്ല. 2005 ൽ അരുണ മരണത്തിനു കീഴടങ്ങിയതോടെ, ചിലരുടെ അന്വേഷണഫലമായി സോഹൻലാലിനെ കണ്ടുപിടിച്ചു. ഭർതൃപിതാവിന്റെ ഗ്രാമത്തിൽ അയാൾ കുടുംബവുമായി ജീവിക്കുകയായിരുന്നു. തന്നെ കാണാൻ വന്ന ഒരു മറാത്തി പത്രപ്രവർത്തകനിൽ നിന്നുമാണ് ഷാൻബാഗ് മരിച്ച വിവരം താൻ അറിഞ്ഞതെന്നു സോഹൻലാൽ പറഞ്ഞിരുന്നു.[11] ഷാൻബാഗിനെ ബലാത്സംഗം ചെയ്ത സംഭവം സോഹൻലാലിനു ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല, മറ്റെന്തെങ്കിലുമാവാം ചെയ്തതെന്നു അയാൾ സമ്മതിച്ചു.[12] നേഴ്സുമാരുടെ സമരംഷാൻബാഗിനു നീതി ലഭിക്കുവാനും, തങ്ങൾക്ക് മികച്ച ജോലി സാഹചര്യം ഒരുക്കുന്നതിനുവേണ്ടി മുംബൈയിലുള്ള നേഴ്സുമാർ സമരം നടത്തുകയുണ്ടായി. 1980 ൽ രണ്ടു തവണ ഷാൻബാഗിനെ ആശുപത്രിയിൽ നിന്നും പുറത്തേക്കു കൊണ്ടുപോവാൻ മുനിസിപ്പൽ കോർപ്പറേഷൻ ശ്രമിച്ചുവെങ്കിലും, നേഴ്സുമാരുടെ എതിർപ്പിനെ തുടർന്ന് അവർ ആ പദ്ധതി ഉപേക്ഷിച്ചു.[13] സുപ്രീംകോടതിയിലെ കേസ്1973 മുതൽ 2015 ൽ ന്യൂമോണിയ ബാധിച്ച് മരണമടയുന്നതുവരേയും ഷാൻബാഗ് കെ.ഇ.എം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു. പത്രപ്രവർത്തകയായിരുന്ന പിങ്കി വിരാനിയാണ് ഷാൻബാഗിന്റെ കഥ പുറം ലോകത്തെ അറിയിച്ചത്. ഷാൻബാഗിനു ദയാവധം അനുവദിക്കണമെന്നു കാണിച്ച് പിങ്കി കോടതിയെ സമീപിച്ചു.[14] പിങ്കിയുടെ ഹർജി പ്രകാരം, ഷാൻബാഗിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ സുപ്രീംകോടതിയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ സമിതിയെ നിയോഗിക്കുകയുണ്ടായി. ഷാൻബാഗ് പൂർണ്ണമായും അബോധാവസ്ഥയിലാണെന്നും ഇനി ഒരു തിരിച്ചുവരവുണ്ടാവില്ലെന്നും സമിതി സുപ്രീംകോടതിക്കു റിപ്പോർട്ട് നൽകി.[15] ദയാവധം എന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. കെ.ഇ.എം ആശുപത്രിയിലെ ഷാൻബാഗിന്റെ സഹപ്രവർത്തകരും, മറ്റു ജീവനക്കാരും ദയാവധത്തെ എതിർത്തിരുന്നു. ജസ്റ്റിസുമാരായ, മാർക്കണ്ഡേയ കട്ജുവും, ജ്ഞാൻസുധാ മിശ്രയുമുൾപ്പെട്ട ബഞ്ച് പരോക്ഷദയാവധം ഇന്ത്യയിൽ നിയമവിധേയമാക്കിക്കൊണ്ട് സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചു.[16][17] ജീവിതത്തിലേക്ക് ഒരിക്കലും മടങ്ങാനാവാത്തവിധം ശയ്യാവലംബരായവരുടെ ജീവൻരക്ഷാസംവിധാനങ്ങൾ വിച്ഛേദിച്ചും ഭക്ഷണമൊഴിവാക്കിയും ക്രമേണ മരണമനുവദിക്കാം എന്നതാണ് പരോക്ഷ ദയാവധം. സവിശേഷ സാഹചര്യത്തിൽ മാത്രമേ ദയാവധം അനുവദിക്കാവൂ എന്നും സുപ്രീംകോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു. ദയാവധം അനുവദിക്കുന്നതിനു മുമ്പായി രോഗിയുടെ മാതാപിതാക്കളുടേയോ, ജീവിതപങ്കാളിയുടേയോ, അടുത്ത ബന്ധുക്കളുടേയോ അനുവാദം വാങ്ങിയിരിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. ഇവരുടെ അഭാവത്തിൽ ഏറ്റവും അടുത്ത സുഹൃത്തിനു ഈ അനുവാദം നൽകാം എന്നു സുപ്രീംകോടതി വ്യക്തമാക്കി. ഷാൻബാഗ് കേസിൽ പിങ്കി, അല്ല മറിച്ച് കെ.ഇ.എം ആശുപത്രിയിലെ ഷാൻബാഗിന്റെ സഹപ്രവർത്തകരാണ് അടുത്ത ഫ്രണ്ട് എന്ന് പിങ്കിയുടെ ഹർജി തള്ളിക്കൊണ്ടു സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഷാൻബാഗിന്റെ പുനർജന്മം എന്നായിരുന്നു അവരുടെ ആശുപത്രി സുഹൃത്തുക്കൾ ഈ പിങ്കിയുടെ ഹർജി തള്ളിയതിനെക്കുറിച്ച് പ്രതികരിച്ചത്. ആശുപത്രിയിൽ മധുരപലഹാരവിതരണം നടത്തിയാണ് അവർ ഈ വിധിയെ സ്വീകരിച്ചത്. ഒരു കൊച്ചുകുട്ടിയെപ്പോലെ കിടക്കുന്ന, ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കാത്ത ഷാൻബാഗിന്റെ ജീവനെടുക്കാൻ ഞങ്ങൾക്കെങ്ങിനെ കഴിയും എന്നാണ് ആശുപത്രിയിലെ മറ്റൊരു സഹപ്രവർത്തക പ്രതികരിച്ചത്.[18] മരണം2015 മേയ് പകുതിയോടെ, ഷാൻബാഗിനു ന്യുമോണിയ എന്ന അസുഖമുണ്ടെന്നു സ്ഥിരീകരിച്ചു. അസുഖം വഷളായതോടെ, ഷാൻബാഗിനെ വെന്റിലേറ്ററിലേക്കു മാറ്റി. 2015 മേയ് 18 രാവിലെ ഷാൻബാഗ് അന്തരിച്ചു.[19] അവലംബം
അധികവായനക്ക്
|
Portal di Ensiklopedia Dunia