അരുണരക്താണു ഊറൽ നിരക്ക് |
---|
|
 നിരയായി റാക്കിൽ അടുക്കിവച്ചിരിക്കുന്ന ഇ.എസ്.ആർ ട്യൂബുകൾ |
MeSH | D001799 |
---|
ഒരു മണിക്കൂറിൽ രക്തത്തിൽ നിന്നും അരുണരക്താണുക്കൾ ഊറുന്ന നിരക്കിനെയാണ് അരുണരക്താണു ഊറൽ നിരക്ക് (വെസ്റ്റെഗ്രൻ നിരക്ക്) എന്ന് പറയുന്നത്. പഴുപ്പിന്റെ അളവറിയാൻ വേണ്ടിയുള്ള പ്രത്യേകമല്ലാത്ത ഒരു ലബോറട്ടറി പരീക്ഷണമാണിത്. കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് രക്തത്തിൽ ചേർത്ത ശേഷം അത് വെസ്റ്റെഗ്രൻ പിപ്പെറ്റിൽ നിറച്ചുവയ്ക്കുന്നു. ഒരു മണിക്കൂറിനു ശേഷം പിപ്പെറ്റിലെ അരുണരക്താണുക്കൾ എത്രമാത്രം ഊറിയിട്ടുണ്ട് എന്നത് സ്കെയിലിൽ വായിക്കുന്നു. ഈ സംഖ്യയെയാണ് അരുണരക്താണു ഊറൽ നിരക്ക് എന്ന് പറയുന്നത്. പല ലാബുകളിലും ഈ പരീക്ഷണം ഓട്ടോമാറ്റിക് മെഷീനുകളുടെ സഹായത്തോടുകൂടിയാണ് ചെയ്യാറുള്ളത്.
പോളിഷ് ശാസ്ത്രജ്ഞനായ എഡ്മണ്ട് ബീർനാക്കിയാണ് ഇ.എസ്.ആർ പരിശോധനയുടെ ഉപഞ്ജാതാവ്. അതിനാൽ ഈ പരിശോധനയെ 'ബീർനാക്കി റിയാക്ഷൻ' എന്നും വിളിക്കാറുണ്ട്. സോഡിയം സിട്രേറ്റ് ഉപയോഗിച്ച് ഇന്ന് നിലവിലുള്ള രീതിയിൽ ഇ.എസ്.ആർ പരീക്ഷണം ആദ്യമായി നടത്തിയത് വെസ്റ്റെഗ്രൻ ആണ്. അദ്ദേഹത്തിന്റെ നാമമാണ് പരീക്ഷണം നടത്താനുപയോഗിക്കുന്ന പിപ്പെറ്റിനു നൽകിയിരിക്കുന്നത്.[1]
രക്താണുക്കളുടെ ഊറലിനെ സഹായിക്കുന്നത് രക്തം കട്ടപിടിക്കാൻ ആവശ്യമായ ഫൈബ്രിനോജൻ എന്ന മാംസ്യമാണ്. ഊറലിനെ തടയുന്നത് രക്താണുക്കൾക്കുള്ള സീറ്റാ പൊട്ടെൻഷ്യൽ എന്ന നെഗറ്റീവ് ചാർജ് ആണ്. ശരീരത്തിൽ എവിടെയെങ്കിലും പഴുപ്പുണ്ടാവുമ്പോൾ കൂടുതലായി ഉണ്ടാവുന്ന ഫൈബ്രിനോജൻ രക്താണുക്കൾ ഒട്ടിച്ചേരുന്നതിനെ സഹായിക്കുകയും, 'റൂലെ' എന്ന 'നാണയങ്ങൾ അടുക്കിവച്ചതുപോലെയുള്ള'(pile of coins) രൂപം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു. തൽഫലമായി രക്താണുക്കൾ കൂടുതലായി ഊറി അടിഞ്ഞുകൂടുകയും, ഇ.എസ്.ആർ സംഖ്യ വർദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ, ചില ലിംഫോസൈറ്റുകളുടെ തകരാറുമൂലം ഉണ്ടാവുന്ന അമിത ആന്റീബോഡികൾ മൂലവും റൂലെ ഉണ്ടാവുകയും, ഇ.എസ്.ആർ അധികമാവുകയും ചെയ്യാറുണ്ട്. അതിനാൽ പഴുപ്പിന്റെ മാത്രം അളവുകോലായി ഇ.എസ്.ആറിനെ കാണാൻ കഴിയില്ല. കൂടാതെ, പ്രസവം, റുമറ്റോയിഡ് വാതം, ഹൃദയസ്ഥംഭനം, അരിവാൾ രോഗം എന്നിവയിലും ഇ.എസ്.ആർ സംഖ്യ അധികമാകാം. ശരാശരി ഇ.എസ്.ആർ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ അല്പം അധികമാണ്.
അവലംബം