അറ്റ്ലസ് രാമചന്ദ്രൻ
മലയാളിയായ ഒരു പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്രനിർമ്മാതാവും നടനും സംവിധായകനുമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ (ജീവിതകാലം: 31 ജൂലൈ 1942 – 2 ഒക്ടോബർ 2022[1]) എന്ന പേരിൽ അറിയപ്പെടുന്ന ഡോ. എം.എം. രാമചന്ദ്രൻ.[2] അറ്റ്ലസ് ജ്വല്ലറിയുടെ ചെയർമാനായിരുന്ന അദ്ദേഹം "ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന പേരിലുള്ള തന്റെ ജ്വല്ലറിയുടെ ടാഗ്ലൈനിലൂടെയാണ് വ്യാപകമായി അറിയപ്പെടുന്നത്. "ചന്ദ്രകാന്ത ഫിലിംസ്" എന്ന ബാനറിൽ അദ്ദേഹം നിരവധി സിനിമകൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തു.[3] വൈശാലി (1988), സുകൃതം (1994) എന്നിവയാണ് അദ്ദേഹം നിർമ്മിച്ച പ്രധാന ചലച്ചിത്രങ്ങൾ. സുഭദ്രം (2007) എന്ന സിനിമയിൽ പ്രധാന വേഷത്തിലും മറ്റ് ഏതാനും സിനിമകളിൽ സഹവേഷങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2015ൽ ദുബായിൽ അറസ്റ്റിലായ രാമചന്ദ്രൻ 3 വർഷത്തെ ജയിൽവാസത്തിന് ശേഷം 2018ലാണ് പുറത്തിറങ്ങിയത്.[4] വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം 2022 ഒക്ടോബർ 2 ന് രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.[5] പ്രവർത്തന മണ്ഡലംഗൾഫ് രാജ്യങ്ങളിൽ അമ്പതോളം ശാഖകളുണ്ടായിരുന്ന അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനായ രാമചന്ദ്രൻ മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിർമ്മാതാവും വിതരണക്കാരനുമായിരുന്നു.[6] വൈശാലി, സുകൃതം, ധനം എന്നീ ചലച്ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡ്ഡിംഗ്, ടു ഹരിഹർ നഗർ,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്തു.[7] സർഗ്ഗ പ്രവർത്തനത്തിലും അക്ഷരശ്ലോക പ്രസ്ഥാനത്തിലും തല്പരനാണ് രാമചന്ദ്രൻ.[8] ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിർമ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്. മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു മുഖമായിരുന്ന രാമചന്ദ്രൻറെ "അറ്റ്ലസ് ജൂവലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന പരസ്യവാചകമാണ് അദ്ദേഹത്തെ ദേശവ്യാപകമായി കൂടുതൽ പ്രശസ്തനാക്കിയത്. കുടുംബംപ്രമുഖ കവിയും അക്ഷരശ്ലോകവിദഗ്ദ്ധനുമായിരുന്ന പരേതനായ വി. കമലാകരമേനോന്റെയും മതുക്കര മൂത്തേടത്ത് പരേതയായ രുഗ്മണിയമ്മയുടെയും മകനായി 1942 ജൂലൈ 31-ന് തൃശ്ശൂരിലാണ് മതുക്കര മൂത്തേടത്ത് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ ജനിച്ചത്. രാധ, രവീന്ദ്രൻ, രത്നം, രാജേന്ദ്രൻ, രാജലക്ഷ്മി, രമാദേവി, രാമപ്രസാദ് എന്നിവരാണ് സഹോദരങ്ങൾ. ഇന്ദിരയാണ് ഭാര്യ. ശ്രീകാന്ത് മകനും മഞ്ജു മകളുമാണ്. മരണം2022 ഒക്ടോബർ ഒന്ന് രാത്രി ഹൃദയാഘാതത്തെത്തുടർന്ന് ബർ ദുബായ് ആസ്റ്റർ മാൻഖൂൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന അറ്റ്‌ലസ് രാമചന്ദ്രൻ പിറ്റേന്ന് രാത്രി പതിനൊന്നുമണിയോടെ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസുണ്ടായിരുന്നു. സംസ്കാരം ദുബായിൽ നടന്നു. പ്രവർത്തനരഹിതമായ തന്റെ ജ്വല്ലറി ശൃംഖലയായ അറ്റ്‌ലസ് ജ്വല്ലറി പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. സിനിമാരംഗം
അവലംബം
പുറത്തേക്കുള്ള കണ്ണി |
Portal di Ensiklopedia Dunia