യു.എസ്. സമുദ്ര-ജന്തു ശാസ്ത്രജ്ഞൻ. 1835 ഡി. 17-ന് സ്വിറ്റ്സർലണ്ടിലെ ന്യുഷാറ്റിലിൽ ജനിച്ചു. അമേരിക്കൻ ഭൂഗണിതീയ (Geodetic) സർവേയിലെ ഉദ്യോഗസ്ഥനായി ഇദ്ദേഹം സേവനം നടത്തിവന്നു. ജന്തു ശാസ്ത്രത്തിൽ കടൽ മത്സ്യ സംബന്ധമായി പ്രത്യേക വൈദഗ്ദ്ധ്യം നേടിയിരുന്ന ഇദ്ദേഹം പിതാവായ ലൂയി അഗാസിയെ പോലെ ധാതു വിജ്ഞാനീയപരമായ ഗവേഷണങ്ങളിലും താൽപര്യം പ്രദർശിപ്പിച്ചിരുന്നു. ഖനന വ്യവസായത്തിന്റെ മേൽനോട്ടത്തിലൂടെയും പങ്കാളിത്തത്തിലൂടെയും ഭാരിച്ച സമ്പാദ്യമുണ്ടാക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. താരതമ്യ ജന്തു ശാസ്ത്രത്തിന്റെ വികാസത്തിനും അതു സംബന്ധിച്ച ഗവേഷണങ്ങൾക്കുമായി സ്വസമ്പാദ്യത്തിൽ നിന്നും ഇദ്ദേഹം പത്തുലക്ഷം പവൻ ഹാർവാഡ് സർവകലാശാലയ്ക്ക് നൽകുകയുണ്ടായി. തെ.അമേരിക്കയിൽ പെറു, ചിലി എന്നീ രാജ്യങ്ങളിലെ ചെമ്പു നിക്ഷേപങ്ങളെ പറ്റിയുള്ള പര്യവേക്ഷണവും റിറ്റിക്കാക്കാ തടാകത്തിന്റെ സർവ്വേയും അഗാസിയുടെ ഗണ്യമായ നേട്ടങ്ങളായിരുന്നു. സമുദ്ര വിജ്ഞാന സംബന്ധമായ ധാരാളം പ്രബന്ധങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മാസ്സാച്ചുസെറ്റ്സിലെ സമുദ്ര ജന്തുക്കൾ (Marine Animals of Massachusetts Bay) പ്രകൃതി ശാസ്ത്രത്തിലെ സമുദ്രഭാഗ പഠനങ്ങൾ (Seaside Studies in Natural History) എന്നിവയാണ് പ്രധാന കൃതികൾ. 1910 മാർച്ച് 27-ന് നിര്യാതനായി.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ