ബർഗണ്ടിയിലെ പോളിഫോണിക് (ഒന്നിലധികം ആലാപനവിന്യാസങ്ങൾ ഒരു പാട്ടിൽ സമന്വയിക്കപ്പെടുന്ന) പ്രസ്ഥാനത്തിൽ അലക്സാണ്ടർ അഗ്രിക്കോള പ്രമുഖനായിരുന്ന ഗാനരചയിതാവായിരുന്നു. 1446-ൽ നെതർലൻഡിൽ ജനിച്ചു. പ്രസിദ്ധ സംഗീതാധ്യാപകനായിരുന്ന ഒകഷാമിന്റെ ശിഷ്യനായി സംഗീതം അഭ്യസിച്ചു. ജൂലിയൻ മാർഷെല്ലിന്റെ ഗ്രന്ഥശേഖരത്തിൽപ്പെട്ട ഫ്രാൻസിലെ ചാൾസ് VII-ന്റെ ഒരു കത്തിൽ അദ്ദേഹത്തിന്റെ രാജസദസ്സിൽ അഗ്രിക്കോള കുറേക്കാലം ഉണ്ടായിരുന്നതായും അവിടെനിന്ന് അദ്ദേഹം ലോറൻസോ ദ മെഡിസിയുടെ ആസ്ഥാനത്തേക്കു പോയതായും രേഖപ്പെടുത്തിയിട്ടുണ്ട്. 1474 ജൂൺ വരെ അഗ്രിക്കോള മിലാൻ രാജസദസ്സിലെ അംഗമായിരുന്നു. പിന്നീട് മന്റുവായിലെ പ്രഭുവിന്റെ സേവനത്തിലേർ പ്പെട്ടു. ആസ്റ്റ്രിയയിലെ പ്രഭുവായിരുന്ന ഫിലിപ്പിന്റെ കൊട്ടാരം വിചാരിപ്പുകാരനും ഗായകനുമായി, അദ്ദേഹത്തോടൊപ്പം 1491-ൽ സ്പെയിനിൽ എത്തി. അഗ്രിക്കോളയുടെ പ്രാർഥനാഗാനങ്ങൾ ഇദ്ദേഹത്തിന്റെ രചനാവൈദഗ്ദ്ധ്യത്തിന്റെ നിദർശനങ്ങളാണ്. 1506-ൽ സ്പെയിനിലെ വല്ലഡോളിൽവച്ച് നിര്യാതനായി.
പുറംകണ്ണികൾ