അലക്സാണ്ടർ സെർഗീവിച്ച് ഡാർഗോമിഷ്സ്കി![]() (Portrait by Konstantin Makovsky, 1869) ഒരു റഷ്യൻ സംഗീതജ്ഞനാണ് അലക്സാണ്ടർ സെർഗീവിച്ച് ഡാർഗോമിഷ്സ്കി. ജീവിതരേഖ1813 ഫെബ്രുവരി 2(14)-ന് റഷ്യയിലെ ട്രോയ് സ്കോയ് ഗ്രാമത്തിൽ ജനിച്ചു, ചെറുപ്പത്തിലേ വായ്പ്പാട്ടും പിയാനോ-വയലിൻ വാദനവും പഠിച്ചു തുടങ്ങി. 20-ാമത്തെ വയസ്സിൽത്തന്നെ ശ്രദ്ധേയനായ പിയോനോ വാദകനായി മാറി. 22-ാം വയസ്സിൽ എം. ഐ. നിങ്കയുമായുണ്ടായ സൗഹൃദം ഇദ്ദേഹത്തിന്റെ സംഗീത ലോകത്തെ വിശാലമാക്കി. 1837-41 കാലയളവിലാണ് പ്രഥമ ഓപ്പറ രചിച്ചത്. ഹ്യൂഗോയുടെ നോത്രദാമിലെ കൂനൻ എന്ന രചനയെ ആധാരമാക്കി രചിച്ച ആ ഓപ്പറയുടെ പേര് എസ്മറാൾഡ എന്നായിരുന്നു. കാല്പനികതയ്ക്ക് മുൻതൂക്കമുള്ള ഒരു രചനയായിരുന്നു ഇത്. കാല്പനികതയുടെ സമ്മോഹന ഭാവങ്ങൾ 1860-ൽ രചിച്ച ഐ ലവ്ഡ് യു, മാര്യേജ് സെലിബ്രേഷൻ തുടങ്ങിയ ഗാനങ്ങളിലുമുണ്ട്. എന്നാൽ യഥാതഥ സമീപനത്തിന്റെ ഉചിതമായ സന്നിവേശത്തിലൂടെ നിർവഹിച്ച രചനകളാണ് ഇദ്ദേഹത്തെ വിഖ്യാതനാക്കിയത്. പുഷ്കിന്റെ ദ് മെർമെയ്ഡിനെ അധികരിച്ച് അതേ പേരിൽത്തന്നെ തയ്യാറാക്കിയ ഓപ്പറ ഇതിനുദാഹരണമാണ്. 1850-കളിൽ ഇദ്ദേഹം സംഗീതജ്ഞൻ എന്ന പോലെ സംഗീത പ്രചാരകൻ എന്ന നിലയിലും ശ്രദ്ധേയനായി. സംഗീതത്തെ സാമൂഹികപരിഷ്കരണത്തിന് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് പല പരീക്ഷണങ്ങളും നടത്തി. 1859-ൽ റഷ്യൻ മ്യൂസിക് സൊസൈറ്റി ദേശീയ സമിതിയിൽ അംഗമായി. മൂന്നു വർഷത്തിനകം തന്നെ റഷ്യൻ മ്യൂസിക് സൊസൈറ്റിയുടെ ദേശീയ പ്രസിഡന്റ് പദവിയിലെത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിലവിൽവന്ന മറ്റൊരു സംഗീത സംരംഭമാണ് 'റഷ്യൻ ഫൈവ്'. സമകാലികയുവസംഗീതജ്ഞരുമായി ചേർന്ന് ഇദ്ദേഹം രൂപകല്പന ചെയ്ത ഒരു പ്രസ്ഥാനമാണിത്. 60-കളിൽ ഇദ്ദേഹത്തിന്റെ സംഗീതയാത്ര സിംഫണികളിലേക്കു നീങ്ങി. നാടോടി ഇതിവൃത്തങ്ങളെ അധികരിച്ചുള്ളവയായിരുന്നു രചനകൾ. ഫ്രം വോൾഗാ റ്റൂ റിഗാ (1862), കസാഖോക് (1864), ഫാന്റസി ഓൺ ഫിന്നിഷ് തീംസ് (1867) തുടങ്ങിയവ ഉദാഹരണം. തുടർന്ന് തിരുത്തലുകളില്ലാതെ ഒരു സാഹിത്യകൃതിയെ ഓപ്പറയാക്കി അവതരിപ്പിക്കുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളായി. 1866-ൽ പുഷ്കിന്റെ ദ് സ്റ്റോൺ ഗസ്റ്റ് ആയിരുന്നു അതിനായി തിരഞ്ഞെടുത്തത്. പക്ഷേ അതു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഡാർഗോമിഷ്സ്കിയുടെ രചനകൾ സാമൂഹികാസമത്വത്തിൽ ചുവടുറപ്പിച്ചവയായിരുന്നു. അവ മർദിത ജനതയുടെ ആകുലതകളെ ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്നതിൽ വിജയിച്ചു. ആഖ്യാനത്തിൽ നാടകീയത നിലനിർത്തുന്നതിലും പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. "സംഗീതം സത്യത്തിന്റെ പദാവലികൾ കൈമാറുന്നതിനുള്ള ഉപാധിയാണ് എന്നു വിശ്വസിച്ചിരുന്ന ഇദ്ദേഹം റഷ്യൻ സംഗീതത്തെ സാമൂഹിക യാഥാർഥ്യങ്ങളുമായി ബന്ധപ്പെടുത്തിയവരിൽ പ്രമുഖനാണ്. 1869 ജനു. 17-ന് സെന്റ് പീറ്റേഴ്സ് ബെർഗിൽ അന്തരിച്ചു.
|
Portal di Ensiklopedia Dunia