ചിലിയുടെതലസ്ഥാനമായ സാന്ത്യാഗോയിൽ നിന്ന് 1700 കിലോമീറ്ററോളം വടക്കുഭാഗത്ത് അറ്റക്കാമ മരുഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന റേഡിയോ ദൂരദർശിനി ശ്രേണിയാണ് അൽമ. അറ്റക്കാമ ലാർജ് മില്ലിമീറ്റർ/സബ്‌മില്ലിമീറ്റർ അറെയ് (അൽമ) എന്ന ഈ ബഹുരാഷ്ട്ര ജ്യോതിശ്ശാസ്ത്ര പ്രോജക്ട് ലോകത്തിൽ ഇപ്പോഴുള്ളതിൽ വെച്ച് ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പാണ്.[1] നൂറു കോടി അമേരിക്കൻ ഡോളറാണ് ഇതിന്റെ ചെലവ്.[2] 12മീറ്ററും 7 മീറ്ററും വ്യാസമുള്ള 66 റേഡിയോ ദൂരദർശിനികളാണ് ഇതിലുള്ളത്. 2011 സെപ്തംബർ 30 ന് ഈ ടെലസ്കോപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. 2011 ഒക്ടോബർ 3ന് ഇതിൽ നിന്നുള്ള ആദ്യത്തെ ചിത്രം ലഭിച്ചു. എന്നാൽ ഔദ്യോഗികമായ ഉദ്ഘാടനം 2013 മാർച്ച് 13നാണ് ഉണ്ടായത്.[3]
ചിലയിലെ ഒബ്‌സർവേറ്ററി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം കൊടുക്കുന്നത് യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററിയാണ്.[4]
ഭൂമിയിൽ ഏറ്റവും ഉയരത്തിൽ സ്ഥാപിക്കപ്പെട്ട ടെലസ്കോപ്പ്, ഏറ്റവും ഉയർന്ന വ്യക്തതയുള്ള പ്രപഞ്ചചിത്രങ്ങൾ നൽകുന്ന വാനനിരീക്ഷണകേന്ദ്രം, ഏതു ബഹിരാകാശ ടെലസ്കോപ്പിനേക്കാളും വ്യക്തമായ കാഴ്ചനൽകുന്ന പര്യവേക്ഷണനിലയം, ഏറ്റവും വലുതും സംവേദനക്ഷമവുമായ അനുബന്ധ ഉപകരണങ്ങൾ സജ്ജീകരിച്ച ഒബ്സർവേറ്ററി, ഏറ്റവും നവീനമായ സോഫ്റ്റ്‌വേർസങ്കേതങ്ങൾ ഉപയോഗിക്കുന്ന നിരീക്ഷണ നിലയം. എന്നിങ്ങനെ നിരവധി സവിശേഷതകൾ അൽമയ്കുണ്ട്. 12 മീറ്റർവരെ വ്യാസമുള്ള 66 റേഡിയോ ടെലസ്കോപ്പുകൾ ഓപ്ടിക്കൽ ഫൈബർ ഉപയോഗിച്ച് അതിവിദഗ്ദ്ധമായി ബന്ധിപ്പിക്കുകയും 16 കിലോമീറ്റർ ചുറ്റളവിൽ അവയുടെ സ്ഥാനം ക്രമീകരിക്കുകയും ചെയ്യാൻകഴിയുന്ന നിരീക്ഷണകേന്ദ്രത്തിന്റെ കളക്ടിങ് ഏരിയ 71,000 ച.അടിയാണ്. 1.3 ബില്യൺ യുഎസ് ഡോളറാണ് പദ്ധതിയുടെ നിർമ്മാണച്ചെലവ്.
100 ടൺ ഭാരവും 12 മീറ്റർ വ്യാസവുമുള്ള ആന്റിനകൾ സമുദ്രനിരപ്പിൽ നിന്ന് 5000മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചജ്നാന്തോർ പീഠഭൂമിയിലാണ് സ്‌ഥാപിച്ചിട്ടുള്ളത്. യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററിയുടെ മേൽനോട്ടത്തിൽ ദി യൂറോപ്യൻ എഎംഇ കൺസോർഷ്യമാണ് ആന്റിന നിർമ്മിച്ചത്. അമേരിക്ക, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററി അറ്റക്കാമയിൽ ഇത് സ്‌ഥാപിച്ചത്. 2009 ലാണ് ആദ്യത്തെ ആന്റിനയുടെ കൂട്ടിച്ചേർക്കൽ നടത്തിയത്. ഈ ടെലസ്‍കോപ്പ് വഴി ഗ്രഹങ്ങളുടെ ഉത്‌ഭവം, നക്ഷത്രങ്ങൾ,ഗ്യാലക്‌സി, പ്രപഞ്ചം തുടങ്ങിയവയെപ്പറ്റിയുള്ള പഠനങ്ങൾക്ക് പുതിയ ദിശാബോധം ലഭിക്കും. [5]
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ജനനത്തെക്കുറിച്ചാണ് അൽമ ആദ്യമായി പഠിക്കുന്നത്. പ്രപഞ്ചത്തിലെ ആദ്യ നക്ഷത്രങ്ങൾ , അവയുടെ ഘടന, ആകാശഗംഗയിലെ ഗ്രഹരൂപീകരണം, ഇവയെക്കുറിച്ചെല്ലാം വളരെ വ്യക്തതയുള്ള ചിത്രങ്ങളും കൃത്യമായ വിവരങ്ങളും അൽമ നൽകും. ഗലീലിയോയുടെ ടെലസ്കോപ്പുമുതൽ ഇങ്ങോട്ടുള്ള വാനനിരീക്ഷണ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമായാണ് ശാസ്ത്രലോകം അൽമ യെ കാണുന്നത്. പതിനാറുവർഷം മുമ്പ്, 1995ലാണ് അൽമ പദ്ധതി ആസൂത്രണംചെയ്തത്. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററി, യുഎസിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ , കനഡയിലെ നാഷണൽ റിസർച്ച് കൗൺസിൽ, നാഷണൽ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി ഓഫ് ജപ്പാൻ, തായ്വാനിലെ അക്കാഡെമിയ സിനിക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, ചിലി റിപ്പബ്ലിക് എന്നിവരാണ് പദ്ധതിയുടെ പങ്കാളികൾ.